കൊച്ചി: ചരകന്റെയും സുശ്രുതന്റെയും പാരമ്പര്യമുള്ള ഭാരതത്തിന് ഇന്ന് വീണ്ടും തദ്ദേശീയമായ ചിന്തകള്‍ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. വിശ്വമോഹന്‍ കടോച്ച് പറഞ്ഞു.
നിലവിലുള്ള എംബിബിഎസ് ബിരുദം രാജ്യത്തെ പൊതുജനാരോഗ്യമേഖലയെ സേവിക്കുന്നില്ല. ഗ്രാമീണ ആരോഗ്യ ബിരുദ വിദ്യാഭ്യാസപദ്ധതിയെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള എംബിബിഎസ് ബിരുദത്തിന്റെ ‘കപട അഭിമാനത്തെ’ സംരക്ഷിക്കുകമാത്രമാണ് ചെയ്യുന്നതെന്നും ഡോ. കടോച്ച് പറഞ്ഞു. ഇന്ത്യന്‍ എബ്ലിക് ഹെല്‍ത്ത് അസോസിയേഷന്റെ 56-ാമത് വാര്‍ഷികസമ്മേളനത്തിന്റെ സമാപനദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രാദേശികമായ പരിഹാരങ്ങളാണ് ആവശ്യം. വര്‍ഷങ്ങളായി നാം വെല്ലുവിളികളെക്കുറിച്ചുമാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ പരിഹാരങ്ങള്‍ ഇനിയും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. പടിഞ്ഞാറന്രാജ്യങ്ങളില്നിന്നും ഇറക്കുമതിചെയ്യുന്ന കൃത്രിമമായ മാതൃകകളാകട്ടെ കേന്ദ്രീകൃതവും രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനാവാത്തതുമാണ്. സൂക്ഷ്മതലത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സൂക്ഷ്മതലത്തിലുള്ള വിശകലനങ്ങള്‍ ആവശ്യമാണ്. മെഡിക്കല്‍ കോളജുകള്‍ക്ക് ഇതില്‍ വലിയ പങ്ക്വഹിക്കാന്കഴിയും. എന്നാല്‍ ഇന്ന് ഇത്തരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്നില്ല. മെഡിക്കല്‍കോളജുകളിലെ ഗവേഷണവിഭാഗങ്ങളെ ശക്തിപ്പെടുത്തി രാജ്യവ്യാപകമായി ഒരു ശൃംഖല രൂപീകരിക്കാനാണ് ഐസിഎംആര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറികൂടിയായ ഡോ. വിശ്വമോഹന്‍ കടോച്ച് പറഞ്ഞു. പടിഞ്ഞാറന്‍ ആശയങ്ങളുടെ അന്ധമായ അനുകരണവും രാജ്യത്തിന് ഗുണംചെയ്തിട്ടില്ല. സമാപനസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനം ചെയ്തു.
ദേശീയദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. മുസഫര്‍ അഹമ്മദ്, ഐപിഎച്ച്എ ദേശീയ പ്രസിഡന്റ് ഡോ. ചന്ദ്രകാന്ത് എസ് പാണ്ഡവ്, സെക്രട്ടറി ജനറല്‍ മധുമിത ഡോബേ, സംഘാടകസമിതി ചെയര്മാന് ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. തോമസ് മാത്യു , സയന്റിഫിക് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ. സൈറു ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: