ഇസ്ലാമാബാദ്: പാക്കിസ്ഥാനുവേണ്ടി സ്ഥാനത്യാഗം ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി. കോടതിയലക്ഷ്യക്കേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകാനിരിക്കെയാണ് ഇന്നലെ ഗിലാനി ഈ പ്രഖ്യാപനം നടത്തിയത്.
“പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അധികാരത്തിലുണ്ടോ ഇല്ലയോ എന്നത് ഇക്കാര്യത്തില്‍ ഒരു പ്രശ്നമല്ല. മുന്‍കാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു ത്യാഗം ചെയ്തിരുന്നത്. ഇപ്പോള്‍ നേതാക്കള്‍ ത്യാഗം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നല്‍കാത്ത ഒരു സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല,” ഒരു പൊതുയോഗത്തില്‍ ഗിലാനി പറഞ്ഞതായി ‘ദി നേഷന്‍’ പത്രം റിപ്പോര്‍ട്ടുചെയ്തു.
ജനങ്ങളുടെ അവകാശങ്ങള്‍ അടിയറവെക്കുന്നതിന് പകരം തൂക്കുമരത്തിലേറിയ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ സുള്‍ഫിക്കര്‍ അലി ഭൂട്ടോ ആണ് തനിക്കും മാതൃകയെന്ന് ഗിലാനി പറഞ്ഞു. ഗിലാനിക്കെതിരെ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ഇന്ന് കുറ്റപത്രം നല്‍കുമെന്നാണ് അറിയുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ ഗിലാനി അയോഗ്യനാകും. ജയില്‍വാസം അനുഭവിക്കേണ്ടിവരികയും ചെയ്യും.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരാരംഭിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതുമെന്ന ഉറപ്പ് പാലിക്കാതിരുന്നതാണ് ഗിലാനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ കാരണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന ഗിലാനിയുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരുതവണ ഗിലാനി കോടതിയില്‍ നേരിട്ട് ഹാജരാവുകയുണ്ടായി.
സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതുകയല്ലാതെ ഗിലാനിക്ക് മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ സര്‍ദാരിക്ക് ഭരണഘടനാ പരിരക്ഷ ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഗിലാനി കത്തെഴുതാതിരിക്കുന്നത്.
പ്രശ്നം ഗൗരവത്തിലെടുത്ത് കത്തെഴുതുകയാണ് ഗിലാനി ചെയ്യേണ്ടത്. ഇത് ചെയ്യുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടി സുപ്രീംകോടതിക്കൊപ്പം നില്‍ക്കുമെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി.
അഴിമതിക്കാരനായ പ്രസിഡന്റിനെ രക്ഷിക്കാന്‍ ഭരണ സംവിധാനത്തെ അപകടപ്പെടുത്തുകയാണ് ഗിലാനിയെന്ന് തെഹ്രിക്-ഇ-ഇന്‍സാഫ് ചെയര്മാന് ഇമ്രാന്‍ഖാനും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: