കൊച്ചി: വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ടീന്‍ ക്ലബ്ബുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നടന്ന ജില്ലാതല ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് ആദ്യ ടീന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൗമാരപ്രായക്കാര്‍ക്കായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വഴിയാണ് അഡോള്‍സെന്റ് റിപ്രൊഡക്ടീവ് ആന്റ് സെക്ഷ്വല്‍ ഹെല്‍ത്ത് (ആര്‍ശ്) പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 5 കോളേജുകളില്‍ എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ ടീന്‍ ക്ലബുകള്‍ ആരംഭിക്കും. സംസ്ഥാനത്ത് 70 കോളേജുകളിലും നടപ്പു സാമ്പത്തിക വര്‍ഷം ക്ലബ്ബുകള്‍ ആരംഭിക്കുന്നുണ്ട്.
കൗമാര പ്രായക്കാര്‍ക്കിടയിലുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുക, പരിഹാരം കാണുക, ആരോഗ്യ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക, ആരോഗ്യ പരിശോധനക്കുള്ള അവശ്യ ഉപകരണങ്ങള്‍ കോളേജുകളില്‍ ലഭ്യമാക്കുക, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനുതകുന്ന പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ടീന്‍ ക്ലബ്ബുകള്‍ രൂപീകരിച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ എന്‍എസ്എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസര്‍മാരായിരിക്കും കോളേജുകളില്‍ പദ്ധതി നടപ്പാക്കുക. നടപ്പു സാമ്പത്തിക വര്‍ഷം 10,000 രൂപ വീതം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം കോളേജുകള്‍ക്ക് നല്‍കും. ധനവിനിയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് കോളേജുകള്‍ക്ക് പരിശീലനം നല്‍കും.
കുറഞ്ഞത് 50 കുട്ടികളെയെങ്കിലും ഉള്‍ക്കൊള്ളിച്ച് രണ്ട് ബോധവത്ക്കരണ പരിപാടികള്‍ മാര്‍ച്ചിനുമുമ്പ് കോളേജുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ പൊക്കം, തൂക്കം, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുകയും വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കത്തക്കവണ്ണം വരാന്തകളില്‍ സജ്ജീകരിക്കുകയും വേണം. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനുതകുന്ന പരിപാടികള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമെങ്കില്‍ സംഭാവന സ്വീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം കോളേജ് പ്രിന്സിപ്പലിനുണ്ടായിരിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.എന്‍.ശ്രീധര്‍, ആര്‍ശ് സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റല്‍, കൗണ്‍സിലര്‍ റെനിഷ്.പി.ആര്, പ്രിന്‍സിപ്പല്‍ റവ.ഫാ.പ്രസാന്ത്, ഐഎപി സംസ്ഥാന പ്രസിഡന്റ് എം.ആര്.നായര്‍, ടോണി മാമ്പിള്ളി, എസ്.സച്ചദാനന്ദ കമ്മത്ത്, ഡോ.കെ.വി.ബീന എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: