ഒരു കുറ്റകൃത്യം അറവില്പ്പെട്ടാല് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അമാന്തം പാടില്ലെന്നുള്ളത് അടിസ്ഥാന നിയമസങ്കല്പവും പൗരധര്‍മ്മവുമാണ്. രാജ്യത്ത്നിലവിലുള്ള ക്രിമിനല്‍ സമ്പ്രദായത്തില്‍ കുറ്റാന്വേഷകന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുക്കുന്നതിലും സാക്ഷികളെ ചോദ്യം ചെയ്യുന്നതിലും കാലതാമസം വരുത്താന്പാടില്ലെന്നും നിഷ്ക്കര്‍ഷിക്കുന്നു. ഇക്കാര്യത്തിലുണ്ടാകുന്ന കാലവിളംബം പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്കാന് കാരണമാകുന്നു. പ്രാദേശിക പോലീസ് മുതല്‍ സിബിഐ വരെയുള്ള കുറ്റാന്വേഷക ഏജന്‍സികള്‍ക്ക് ബാധകമായിട്ടുള്ള ക്രിമിനല്‍ നടപടിക്രമം ഒന്നുതന്നെയാണ്. പോലീസിനെ വിശ്വസിക്കാന്‍ നിയമം നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിയിട്ടുള്ളതിനാലും കേസ്ഡയറി രഹസ്യസ്വഭാവമുള്ളതായതുകൊണ്ടുമാണ് അന്വേഷണ കാര്യങ്ങള്‍ വെളിപ്പെട്ടാലുടന്‍ കോടതിയെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കോളിളക്കം സൃഷ്ടിച്ച തലശ്ശേരി മാമന് വാസു വധക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കേരള ഹൈക്കോടതി അവലംബിച്ച പ്രധാന കാരണം ദൃക്സാക്ഷികളെ പോലീസ് ചോദ്യം ചെയ്യുന്നതില്‍ വരുത്തിയ ഏതാനും ദിവസങ്ങളുടെ കാലതാമസമായിരുന്നു.
2002ലെ കലാപത്തിന്റെ പേരില്‍ ഗുജറാത്തിലെ വികസന നായകനായ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വേട്ടയാടാന്‍ ഇപ്പോഴും ശ്രമിക്കുന്ന കുത്സിതക്കാരുടെ ഉത്സാഹം കണ്ടപ്പോള്‍ രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥ അവരെ ഓര്‍മ്മിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഈ ലേഖകന്‍ തോന്നുന്നു. നരേന്ദ്രമോഡിക്കെതിരെ വ്യക്തമായ എന്തെങ്കിലും ക്രിമിനല്കുറ്റമാരോപിച്ച് ആരുംതന്നെ കഴിഞ്ഞ ഒരുദശാബ്ദത്തിനുള്ളില്‍ ക്രിമിനല്‍ കോടതിയില്‍ പരാതി ബോധിപ്പിച്ചിട്ടില്ല. കലാപത്തോട് ബന്ധപ്പെട്ട ഉയര്‍ന്നുവന്ന ചെറുതും വലുതുമായ ക്രിമിനല്‍ കേസ്സിലൊന്നിലും കുറ്റാന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും തെളിവുകളുടെ സൂചന ലഭിച്ചതായി ഒരു കോടതിയിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനകീയ കോടതിയില്‍ ഓരോ തെരെഞ്ഞെടുപ്പിലും നരേന്ദ്രമോഡിക്കെതിരായ ആക്ഷേപങ്ങള്‍ മുഖ്യവിഷയമാക്കി അവതരിപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ദയനീയമായി താഴോട്ട് പോവുകയും അദ്ദേഹവുംപാര്ട്ടിയും വന്‍വിജയം നേടുകയുമാണുണ്ടായിട്ടുള്ളത്. കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെയും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിനെതിരെ യാതോരുവിധ പരാമര്ശങ്ങളുമുണ്ടായിട്ടുമില്ല. ജുഡീഷ്യല്‍ കമ്മീഷന് നരേന്ദ്രമോഡിയെ വിളിച്ചുവരുത്തി തെളിവെടുക്കേണ്ട ആവശ്യംപോലും കാണുകയുണ്ടായിട്ടില്ല. വസ്തുതകള്‍ ഇതെല്ലാമാണെന്നിരിക്കെ ആസൂത്രിതമായി അദ്ദേഹത്തെ കുററവാളിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള അപവാദങ്ങളും വിവാദങ്ങളും ചിലര്‍ ബോധപൂര്‍വ്വം സമൂഹമധ്യത്തില്‍ പ്രചരിപ്പിക്കുകയാണ്.
രാജനൈതികമൂല്യങ്ങള്ക്കും സാമാന്യമര്യാദയ്ക്കും നിരക്കാത്ത ഈകുത്സിത ശ്രമങ്ങള്‍ നമ്മുടെ നിയമവാഴ്ചക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്.
2002 ലെ കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇസ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി അവരുടെ വീട്ടില്‍ നടന്നകൂട്ടകൊലക്കെതിരെ നിയമനടപടികള്‍ക്ക് മുതിര്‍ന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ അവരെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത് കേന്ദ്ര-സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികള്‍ മൊഴികളെടുത്തിട്ടുമുണ്ട്. രാജ്യമെമ്പാടുമുള്ള മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയക്കാരും മനുഷ്യാവകാശപ്രസ്ഥാനക്കാരും സംഭവം സംബന്ധിച്ച അവരുടെ കാഴ്ചപ്പാട് ചികഞ്ഞെടുത്ത് പുറംലോകത്തിന് നല്‍കിയിട്ടുമുണ്ട്. അതിലൊന്നും തന്നെ നരേന്ദ്രമോഡി എന്തെങ്കിലും ക്രിമനില്‍ കുറ്റം ചെയ്തതായി അവര്‍ ആരോപിച്ചിട്ടില്ല. എന്നാല്‍ കൊല്ലങ്ങള്‍ക്കുശേഷം നരേന്ദ്രമോഡി ബോധപൂര്‍വ്വമായ മൗനസമ്മതം നല്‍കിയത് കുറ്റകൃത്യത്തിനിടയാക്കിയെന്ന് ദുരാരോപണവുമായി അവര്‍ സുപ്രീംകോടതിയെ സമീപിക്കയാണുണ്ടായത്. പരാതിപ്പെടുന്നതിലുണ്ടായ കാലവിളംബം മാത്രം മതിയാകും അവരുടെ ആരോപണത്തിന്റെ മുനയൊടിക്കാന്‍. നരേന്ദ്രമോഡിക്കെതിരെ നടന്നുവരുന്ന ക്രൂരമായ വേട്ടയാല്‍ നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അടിത്തറയെത്തന്നെ ദോഷമായി ബാധിക്കുമെന്നകാര്യം ഉറപ്പാണ്.
ന്യായാധിപന്മാര് മനുഷ്യരാണ്. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും അവര്‍ വളര്‍ന്നുവന്ന പശ്ചാത്തലവും ബന്ധങ്ങളും ചുറ്റുപാടുകളുമൊക്കെ അവരെ സ്വാധീനിക്കാന്‍ സാധ്യതയളുള്ള ഘടകങ്ങളാണെന്ന് പ്രശസ്ത നിയമജ്ഞനായ കാര്‍ഡോസോ പറഞ്ഞിട്ടുണ്ട്. വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കല്ലുവെച്ച നുണകള്‍ നരേന്ദ്രമോഡിയെന്ന നിരപരാധിയെ വില്ലനാക്കി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കപ്പെടാനിടയുണ്ട്. ഇതുവരെയുള്ള നിയമനടപടികളിലൊന്നും അദ്ദേഹം കുറ്റക്കാരനാക്കപ്പെട്ടിട്ടില്ല.
സുപ്രീംകോടതി ഗുല്ബര്സിംഗ് ഹൗസിംഗ് സൊസൈറ്റിയില്‍ നടന്ന സംഭവത്തോട് ബന്ധപ്പെട്ട് അന്വേഷണത്തിനായി ആര്.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. അന്വേഷണംസംഘം നല്കിയ ആദ്യ റിപ്പോര്‍ട്ടില്‍ നരേന്ദ്രമോഡിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച കാര്യം ദേശീയപത്രങ്ങളിലെല്ലാം വന്നുകഴിഞ്ഞിട്ടുണ്ട്. ഒരു ക്രിമിനല്‍ കുറ്റപ്പെടുത്തല്തക്കവിധംവീഴ്ചയോ കെടുകാര്യസ്ഥതയോ അദ്ദേഹം കാട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വഴി വ്യക്തമായിട്ടുണ്ട്. അന്നത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്.ബി. ശ്രീകുമാറിന്റെ ആക്ഷേപങ്ങള്‍ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചശേഷം അന്വേഷണസംഘം കാര്യകാരണസഹിതം നിരാകരിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ മലപോലെ വന്നത് മഞ്ഞുപോലെ ഉരുകിത്തീര്‍ന്നിരിക്കുന്നു. ഗാന്ധിജിയുടെ നാട്ടില്‍ സത്യം ആത്യന്തികമായി വിജയിക്കുന്നു എന്ന സൂചനയാണ് എസ്ഐടി നല്കിയ ക്ലീന്‍ചിറ്റ് വഴി വെളിവാക്കപ്പെട്ടിട്ടുള്ളത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കൂടി നരേന്ദ്രമോഡിയെ കുടുക്കാനാകില്ലെന്ന് ബോധ്യപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു ദുരാരോപണം നരേന്ദ്രമോഡിക്കെതിരെ പ്രചരിപ്പിക്കുകയാണ്. ഗോധ്രയില്‍ ട്രെയിന്‍ യാത്രക്കാരായ കര്‍സേവകരെ ചുട്ടുകൊന്നപ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചത് തെറ്റാണെന്നും അതുമൂലമാണ് കലാപമുണ്ടായതെന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ ആരോപിക്കുന്നു. കരുതിക്കൂട്ടി പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന നിരപരാധികളുടെ ഭൗതിക അവശിഷ്ടങ്ങളെങ്കിലും അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാണാന്‍ പാടില്ല എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം. സംഭവദിവസം മുതല്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ വഴി ഗുജറാത്തിനകത്തും പുറത്തുംസംഭവവും ശവശരീരങ്ങളും കൂട്ടക്കൊലയുടെ ഭീകരദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി. എന്നിട്ടും അതിലൊന്നും അപാകത കാണാത്ത കോണ്‍ഗ്രസ്, ശവശരീരം വിട്ടുകൊടുത്തതിന്റെ പേരില്‍ ഇപ്പോള്‍ അപവാദപ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അനാവശ്യവും അധാര്‍മ്മികവുമാണ് കോണ്‍ഗ്രസ്സ് നിലപാട്. നാടിനെന്തു സംഭവിച്ചാലും വേണ്ടില്ല. അധികാരം ലഭിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസിന്റെ നിലപാട് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്.
നരേന്ദ്രമോഡി രാജ്യം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ്. യഥാര്‍ത്ഥ ജനസേവനത്തിന്റെ സാധനാപാഠമാണ് അദ്ദേഹത്തിലൂടെ നാട് ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ സാരഥിയാവാന്‍ സര്‍വ്വതാ യോഗ്യനായ നരേന്ദ്രമോഡിയെന്ന കുത്തൊഴുക്കിനെ അപവാദത്തിന്റെ പഴമുറംകൊണ്ട് കോണ്‍ഗ്രസിന് തടയാനാകില്ല. ചരിത്രത്തില്‍ നിന്ന് സത്യത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുകയാണ് വേണ്ടത്.
നരേന്ദ്രമോഡി ഗോധ്രയുടെ പ്രതിക്രിയയായി 2002ലെ വര്‍ഗ്ഗീയകലാപത്തെ കാണുകയുണ്ടായി എന്നതാണ് മറ്റൊരു ആക്ഷേപം. ഇതിന്റെ പേരിലെങ്ങനെ ക്രിമിനല്‍ പ്രോസിക്യൂഷനെടുക്കാനാകുമെന്ന സ്പെഷ്യല്‍ ടീമിന്റെ ചോദ്യത്തിന് ആര്‍ക്കും ഉത്തരം നല്കാന് കഴിയില്ല. 1984ലെ ദല്‍ഹി സിക്ക് കൂട്ടക്കൊല ഏകപക്ഷീയമായ കൊടുംക്രൂരതയുടെ പര്യായമായിരുന്നു. മൂവ്വായിരം നിരപരാധികള്‍ അതില്‍ ക്രൂരമായി വധിക്കപ്പെട്ടു. പ്രധാനമന്ത്രി രാജീവ്ഗാന്ധിയും കോണ്‍ഗ്രസും വംശഹത്യ തടയാന്‍ എന്തു നടപടി സ്വീകരിച്ചു.? ഇന്ദിരാഗാന്ധിയെ സിക്ക് ഭീകരര്‍ കൊന്നതിന്റെ പേരിലായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ ന്യൂനപക്ഷ നരവേട്ട കോണ്‍ഗ്രസ് നടത്തിയത്. പ്രധാനമന്ത്രി രാജീവ്ഗാന്ധി “വന്മരം വീഴുമ്പോള്‍ ഭൂമികുലുങ്ങുക സ്വാഭാവികമാണെന്ന്” പറഞ്ഞുകൊണ്ട് കൂട്ടക്കൊലയെ ന്യായീകരിക്കുകയാണുണ്ടായത്. എന്നാല്‍ ഗുജറാത്തില്‍ നരേന്ദ്രമോഡി പെട്ടെന്ന് പട്ടാളത്തെ വിളിച്ചുവരുത്തുകയും ‘ഷൂട്ട്അറ്റ്സൈറ്റ് ‘ ഓര്‍ഡറും മറ്റും നല്കി 70 മണിക്കൂറിനുള്ളില്‍ സ്ഥിതി സാധാരണ നിലയിലാക്കുകയാണുണ്ടായത്. കലാപത്തെ ന്യായീകരിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കുന്നുവെങ്കില്‍ അത് രാജീവ്ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെയാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: