നേര്‍വഴിക്കു ചിന്തിക്കുന്ന എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കത്തോലിക്കാ സഭ ഇന്ന് രോഗഗ്രസ്തമാണെന്ന്. യൂറോപ്പില്‍ സഭയുടെ അടിത്തറ തകര്‍ന്നുകഴിഞ്ഞു. എന്തിന് ഒരു കൊച്ചുകേരളത്തെപ്പോലും സഭയിലെ ജീര്‍ണ്ണത ബാധിച്ചുകഴിഞ്ഞു. എന്താണ് ഈ ജീര്‍ണ്ണതക്കു കാരണമെന്ന് വിശദമായ ഒരു പഠനം ആവശ്യമാണ്. നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരും ആര്‍എസ്എസുകാരും മറ്റും വര്‍ഗീയ വാദികളുമെല്ലാം സഭയെ എതിര്‍ക്കുന്നതുകൊണ്ടാണ് സഭ രോഗഗ്രസ്തമായതെന്നാണ് പുരോഹിത മേധാവികളുടെ കണ്ടുപിടിത്തം.
തന്മൂലം സഭയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളായി ദീര്ഘധ്യാനങ്ങളും തീര്‍ത്ഥാടനങ്ങളും കൂദാശകളുടെ ആവര്‍ത്തനവും നൊവേനകളും എല്ലാം നിര്‍ദ്ദേശിക്കപ്പെടുന്നു. ഇന്ന് വിവിധതരം ധ്യാനങ്ങള്‍ സഭയെ ശക്തിപ്പെടുത്തുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുംപുറമെ കന്യാസ്ത്രിയമ്മമ്മാര് ഓരോ വീടുകളിലും കയറി “ആത്മീയോപദേശം” നല്കുന്നു. (കലഹങ്ങള്‍ സൃഷ്ടിക്കുന്നു) പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സ്ഥാപിച്ച് പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ നടത്തുന്നു. സഭയുടെ ശക്തി പ്രകടിപ്പിക്കാന്‍ പഞ്ചനക്ഷത്ര കത്തീഡ്രലുകളും കപ്പേളകളും നിര്‍മിക്കുന്നു.
ഇന്ന് സഭയ്ക്കുള്ളിലുണ്ടായിട്ടുള്ള ജീര്‍ണതകള്‍ക്ക് ഇവയെല്ലാം പരിഹാരമാണോയെന്ന് ആഴമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും കാലത്തെ എന്റെ സാമുദായിക പ്രവര്‍ത്തനത്തിനിടയില്‍ ഒരു കാര്യം എനിക്ക് വ്യക്തമായി. 90 ശതമാനം വൈദികരും അല്മായരും സഭയുടെ ഇന്നത്തെ അവസ്ഥയില്‍ തൃപ്തരല്ല. ചിലരെല്ലാം രഹസ്യമായി പറയുന്നു. വളരെ കുറച്ചുപേര്‍ ഈ നിശബ്ദ വിമര്‍ശനത്തെ ശബ്ദ വിമര്‍ശനമായി മാറ്റുന്നു. ഈ ശബ്ദ വിമര്‍ശകരെ സഭാദ്രോഹികളായി ചിത്രീകരിച്ച് സ്വയം രക്ഷപ്പെടാനാണ് അധികാരസഭ പലപ്പോഴും തയ്യാറാകുന്നത്.
കേരളത്തിലെ ഓര്‍ത്തഡോക്സ് സഭയും യാക്കോബായ സഭയും പള്ളിക്കുള്ളില്‍ തല്ലു നടത്തുന്നു. ഉത്തമ ക്രൈസ്തവരാണ് തങ്ങളെന്നാണ് ഇരുഭാഗവും വിശ്വസിക്കുന്നത്. ലിറ്റര്‍ജിയുടെ പേരില്‍ കത്തോലിക്കാ സഭയില്‍ ഇന്നും പ്രശ്നം നീറി പുകയുകയാണ്. ഇതൊന്നും കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയതല്ല. ഞാറയ്ക്കലെ കന്യാസ്ത്രീയമ്മമാരെ മര്‍ദ്ദിച്ചത് കമ്മ്യൂണിസ്റ്റുകാരും ആര്എസ്എസുകാരുമല്ല; മറിച്ച് “കത്തോലിക്കാ വൈദികരും വിശ്വാസികളായ ഗുണ്ടകളു”മാണ്. തലോര്‍ പള്ളിയുടെ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നതും ബാഹ്യശക്തികളല്ല; മറിച്ച് മെത്രാന് തന്നെയാണ്.
എന്തുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് സഭയെ സ്നേഹിക്കുന്നവര്‍ ആഴമായി ചിന്തിക്കേണ്ടതില്ലേ? ഒരു നാടന്‍ ചൊല്ലുണ്ട്. “ഇരുമ്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാല്‍ എന്തു പ്രയോജനം?”
തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പ് യേശുവിനെ സാത്താന് പരീക്ഷിക്കുന്നതിനായി നാം സുവിശേഷത്തില്‍ വായിക്കുന്നു. ഒന്നാമത്തെ പ്രലോഭനം സാമ്പത്തികമാണ്. നാല്‍പ്പതു ദിവസം ഈശ്വരാശ്രിതത്വത്തില് ധ്യാനനിമഗ്നനായിരുന്ന യേശുവിന് വിശന്നു. വിശക്കുക എന്നത് മനുഷ്യന്റെ ജൈവവൃത്തിയുടെ ഭാഗമാണ്. അതുകൊണ്ട് അത് കേവലം സാധാരണമാണ്.
സാത്താന് എന്നും എവിടെയും അതിബുദ്ധിമാനാണ്. രോഗികളെ സുഖപ്പെടുത്താനും വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കാനും ദാഹിക്കുന്നവര്‍ക്കു വെള്ളം കൊടുക്കാനും ക്രിസ്തുവിന് അധികാരവും കഴിവും ഉണ്ടെന്ന് സാത്താന് അറിയാമായിരുന്നു. യേശുവില്‍ പിതാവ് നിക്ഷേപിച്ച ഈ അധികാരത്തെ തന്റെ സ്വാര്ത്ഥതയ്ക്കുവേണ്ടിത്തന്നെ ഉപയോഗിക്കണമെന്നാണ് സാത്താന് യേശുവിനോട് ആവശ്യപ്പെടുന്നത്. മനുഷ്യവര്‍ഗത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാന്‍ പിതാവ് യേശുവിന് നല്കിയ ഈ അധികാരത്തെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് പിതാവിന്റെ കല്‍പ്പനകളുടെ നിഷേധമാകുമായിരുന്നു.
യേശുവിനോട് വിശപ്പു ശമിപ്പിക്കാന്‍ കല്ല് അപ്പമാക്കി ഭക്ഷിക്കാന്‍ സാത്താന് ആവശ്യപ്പെട്ടപ്പോള്‍ ആ ആവശ്യത്തെ നിരാകരിച്ച യേശുവിന് വിശന്നിരുന്ന അനേകരെ കണ്ടപ്പോള്‍ അനുകമ്പ തോന്നി. ആയിരങ്ങള്‍ തന്റെ മുമ്പില്‍ വിശന്നിരിക്കുന്നു. എന്തു ചെയ്യണം? അതിനു പരിഹാരം കാണേണ്ടത് ശിഷ്യന്മാരാണ് എന്ന് അവിടുന്നു കല്പ്പിച്ചു. അവരുടെ വിശപ്പുമാറ്റാന്‍ അവര്‍ കൊണ്ടുവന്ന അപ്പവും മീനും അവിടുന്ന് ആവശ്യപ്പെട്ടു. എതിര്‍പ്പ് പറയാതെ അത് അവര്‍ യേശുവിന് നല്കി. ആ അപ്പവും മീനും അയ്യായിരം പേരുടെ വിശപ്പ് ശമിപ്പിച്ചു. മാത്രമല്ല എതിര്‍പ്പ് പറയാതെ ജനങ്ങള്‍ക്ക് തങ്ങളുടെ പരിമിതമായ വിഭവങ്ങള്‍ സമര്‍പ്പിച്ച ശിഷ്യന്മാര്ക്കും നഷ്ടമുണ്ടായില്ല. പന്ത്രണ്ടു കുട്ടി അപ്പം അവര്‍ക്കു ലഭിക്കുകയും ചെയ്തു. ഈ സംഭവം നാം ആഴമായി പഠിക്കുന്ന പക്ഷം സഭയുടെ ഇന്നത്തെ ജീര്‍ണ്ണതയുടെ കാരണങ്ങളിലേക്ക് ചെന്നെത്താനാകും.
സഭ ക്രിസ്തുവിന്റെ ഭൗതിക ശരീരമാണെന്നാണ് ദൈവശാസ്ത്രപരമായ കാഴ്ചപ്പാട്. ക്രിസ്തുവിന്റെ ഭൗതിക ശരീരമായ സഭ യേശുവിനെപ്പോലെതന്നെ നിസ്വാര്‍ത്ഥമായി എല്ലാപേര്‍ക്കും നന്മ ചെയ്യാന്‍ ബാധ്യസ്ഥമാണ്. അല്ലെങ്കില്‍ യേശു സഭ സ്ഥാപിച്ചതുതന്നെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനാണ്. ആ ഇഷ്ടമാകട്ടെ ഈ ലോകത്തില്‍ ദൈവരാജ്യത്തിന്റെ നിര്‍മിതിയാണ്. അവിടെ സ്വാര്‍ത്ഥയില്ല.
യേശു തന്റെ ഭൗതിക ജീവിതത്തില്‍ അധികാരവും സമ്പത്തും പൂര്‍ണമായും വര്ജിച്ചതായി കാണാം. അവിടുന്ന് ഗുരുവും കര്‍ത്താവുമായിരുന്നു. പക്ഷേ ദാസന്റെ രൂപമാണ് അവിടുന്ന് സ്വീകരിച്ചത്. അതുപോലെതന്നെ യേശുവിന്റെ പിതാവ് ഭൂമിയിലെ എല്ലാ സമ്പത്തുകളുടേയും ഉടമയായിരുന്നു. പക്ഷേ യേശു ഈ സമ്പത്തിനെയൊന്നും ജീവിതത്തില്‍ ആശ്രയിച്ചില്ല.
മാനുഷികമായി ചിന്തിക്കുമ്പോള്‍ യേശുവിന്റെ ജീവിതം വമ്പിച്ച പരാജയമായിരുന്നു. 33 കൊല്ലത്തെ ജീവിതത്തില്‍ അവിടുന്ന് തനിക്കുവേണ്ടി ഒന്നും നേടിയില്ല. ഒരു മനുഷ്യനും ജനിക്കാന്‍ ആഗ്രഹിക്കാത്ത പശുത്തൊഴുത്തിലാണ് അവിടുന്ന് ജനിച്ചത്. മാതാപിതാക്കള്‍ ദരിദ്രരായിരുന്നു. 12-ാം വയസ്സില്‍ ലിഖിത ചരിത്രത്തില്‍നിന്നും അപ്രത്യക്ഷമാകുന്ന യേശു 30-ാം വയസ്സിലാണ് ചരിത്രത്തില്‍ പുനഃപ്രവേശിക്കുന്നത്. യേശു പ്രബോധനം ആരംഭിക്കുന്നതുതന്നെ “ആത്മാവില്‍ ദരിദ്രര്‍ സൗഭാഗ്യവാന്മാര് സ്വര്‍ഗരാജ്യം അവരുടേതാണ്” (മത്താ.5:3) എന്ന പ്രഖ്യാപനത്തോടുകൂടിയാണ്. മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല എന്ന് അഭിമാനത്തോടുകൂടി അവിടുന്ന് പറഞ്ഞു. നാമറിയുന്ന യേശുവിന്റെ ചരിത്ര കാലഘട്ടം മൂന്നുവര്‍ഷം മാത്രമായിരുന്നു. അവസാനം അക്കാലഘട്ടത്തില്‍ തന്റെ സമുദായത്തിനും റോമാ മഹാസാമ്രാജ്യത്തിനും ഒരു മനുഷ്യന് നല്കാവുന്നതില് ഏറ്റവും നീചവും ക്രൂരവും അപമാനകരവുമായ മരണത്തിന് യേശു വിധേയനാക്കപ്പെട്ടു. എന്നിട്ടും എന്തുകൊണ്ടാണ് യേശു ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്?
ആദിമ സഭാ ചരിത്രം വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാണ്. യേശു ഉപദേശങ്ങളിലൂടെയല്ല മറിച്ച് സ്വന്തം കര്‍മത്തിലൂടെ നിറവേറ്റിയ പിതാവിന്റെ ഇഷ്ടം-പരസ്പ്പരം സ്നേഹിക്കുക-എന്ന കല്‍പ്പന തന്റെ മാതൃകകളിലൂടെ അവിടുന്ന് കാണിച്ചുതന്നു. ദൈവരാജ്യ സൃഷ്ടിക്കുവേണ്ടി അവിടുന്ന് ചില അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ ശിഷ്യരെ ഉപദേശിച്ചു.
ഇന്ന് സഭാധികാരം വാരിക്കൂട്ടിവെച്ചിരിക്കുന്ന സ്വത്ത് എത്രയെന്ന് അവര്‍ക്കുപോലും അറിഞ്ഞുകൂടാ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകള്‍ തുറന്നപ്പോള്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ സ്വത്ത് ഇന്ന് സഭയ്ക്കുണ്ട്. ഈ സ്വത്തിന്റെ ഭരണമാണ് സഭാ ഭരണം എന്ന് മെത്രാന്മാര് കരുതുന്നത്. യേശുവിന്റെ പേരില്‍ വലിച്ചുവാരിക്കൂട്ടിയ ഈ സ്വത്താണ് സഭയുടെ ജീര്‍ണ്ണതക്ക് മുഖ്യ കാരണം. കാനോന്‍ നിയമത്തിലൂടെയും കാനോന്‍ നിയമപ്രകാരം അല്ലാതെയും സഭാധികാരം എത്രകോടി രൂപയാണ് ഓരോ കൊല്ലവും സമാഹരിക്കുന്നത്. ഈ സമ്പത്ത് സഭയുടെ ശക്തിയാണെന്ന് സഭാധികാരം കരുതുന്നു.
തനിക്ക് തലചായ്ക്കാന്‍ സ്ഥലമില്ലെന്ന് അഭിമാനപൂര്‍വം പറഞ്ഞ യേശുവും തനിക്ക് സ്വര്‍ണ്ണവും വെള്ളിയുമില്ല എന്നു പറഞ്ഞ പത്രോസും നമ്മുടെ സഭാധികാരികളുടെ സ്വത്ത് കണ്ട് ലജ്ജിക്കുന്നുണ്ടാകും. ദൈവത്തെ ആശ്രയിച്ചല്ല സമ്പത്തിനെ ആശ്രയിച്ചാണ് സഭ നിലനില്‍ക്കുന്നതെന്നാണ് സഭാധികാരത്തിന്റെ കാഴ്ചപ്പാട് ഈ കാഴ്ചപ്പാടാണ് അവരുടെ കണ്ണിലെ ഇരുട്ട്. ഈ ഇരുട്ട് സഭാധികാരത്തെ അന്ധരാക്കുന്നു.
അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍നിന്നും ചാവറ കുര്യാക്കോസച്ചന്റെ കബറിടത്തില്‍നിന്നും തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടത്തില്‍നിന്നും മറ്റ് അനേകം കബറിടങ്ങളില്‍നിന്നും നൊവേനകളില്നിന്നും ലഭിക്കുന്ന സ്വത്ത് വാരിക്കൂട്ടിവെച്ച് ദൈവത്തെ സേവിക്കാമെന്നാണ് സഭാധികാരത്തിന്റെ ചിന്ത.
സഭയില്‍ അധികാരികളല്ല. രാജകീയ സംവിധാനങ്ങളില്ല. സേവനം മാത്രം. ദൈവജനമായ വിശ്വാസികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാര് ഇന്ന് രാജകീയ പ്രൗഢിയോടുകൂടിയാണ് വിശ്വാസികളെ ഭരിക്കുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജിക്ക് കിരീടം ഉണ്ടായിരുന്നില്ല. കേരളത്തില്‍ എല്ലാ ജാതിമത വിഭാഗങ്ങളും ഗുരുവായി അംഗീകരിച്ച ശ്രീനാരായണഗുരുവിനും കിരീടം ഉണ്ടായിരുന്നില്ല. പക്ഷേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ മെത്രാന്മാര് കിരീടം ചൂടിയാണ് ജനങ്ങളെ ഭരിക്കുന്നത്. ക്രിസ്തുവിന്റെ കിരീടം മുള്‍മുടി ആയിരുന്നു. ഇതെല്ലാം അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ അവര്‍ യേശുവിന്റെ പേരില്‍ സമ്പത്തും അധികാരങ്ങളും ഏറ്റെടുത്തിരിക്കുന്നു. അങ്ങനെ പ്രമേഹ ബാധിതമായ ഒരു സഭ ഗാത്രമാണ് നമുക്ക് ഇവിടെയുള്ളത്.
ഇതിന് എന്താണ് പരിഹാരം? ഒരു കാരണവശാലും വിശ്വാസികള്‍ മെത്രാന്മാര്ക്ക് പിരിവ് കൊടുക്കരുത്; പണം കൊടുക്കരുത്. ഈ പണത്തിന്റെ സമൃദ്ധിയാണ് സഭയെ രോഗാതുരമാക്കിയിരിക്കുന്നത്.
സഭയ്ക്ക് ഇന്ന് പണത്തിന്റെ ആവശ്യമില്ല. എങ്കിലും പുതിയ പുതിയ സമ്പദ് സമാഗമ മാര്‍ഗങ്ങള്‍ നമ്മുടെ മെത്രാന്മാരും പുരോഹിതരും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ രൂപതകളിലെയും വിദ്യാലയങ്ങള്‍ പകിടി വാങ്ങുന്നു. കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍ പണിത് ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നു. ഇന്ന് എത്ര കിട്ടിയാലും കൊതിതീരാത്ത ഈ ബകന്മാരെ നിലയ്ക്കു നിര്‍ത്തണമെന്നുണ്ടെങ്കില്‍ എന്തുവന്നാലും ഒരു പൈസപോലും നല്കുകയില്ല എന്ന് സ്വയം നാം തീരുമാനിക്കണം. ഇതിന്റെ ഫലമായി ഏതെങ്കിലും മെത്രാനോ അച്ചനോ വ്യക്തികളെ പീഡിപ്പിക്കാന്‍ ആരംഭിച്ചാല്‍ അത്മായരും സത്ബുദ്ധിയുള്ള വൈദികരും അതിനെ ചെറുത്തു തോല്‍പ്പിക്കണം.
ജോസഫ് പുലിക്കുന്നേല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: