അന്‍പത്തിനാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ചുതാമസിക്കുകയും, പിന്നീടൊരിക്കലും കാണാതിരിക്കുകയും ചെയ്തവരെപ്പറ്റി നിനച്ചിരിക്കാതെ വിവരം ലഭിക്കുകയും, അവരുമായി സംസാരിക്കുകയും ചെയ്യുമ്പോഴത്തെ അനുഭവം വാക്കുകള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാത്തതായിരിക്കും. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും മായാത്ത മുദ്രണങ്ങള്‍ പതിപ്പിക്കുകയും ചെയ്ത എത്രയോ പേര് പിന്നീട് ഒരിക്കലും കാണാത്തവിധം അകലത്തായിപ്പോയിരിക്കും. സംഘത്തിലൂടെ പൊതുജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് അത്തരം അനേകം പേരുടെ അനുഭവം ഉണ്ടാകും. മറ്റ് പൊതു പ്രസ്ഥാനങ്ങളിലുള്ളവരുടെയും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.
അത്തരമൊരനുഭവമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം കണ്ണൂരില്‍ നിന്ന് വിളിച്ചപ്പോഴുണ്ടായത്. തീരെ അവിചാരിതമായിരുന്നു ആ വിളി. കണ്ണൂര്‍ തളാപ്പില്‍ താമസിച്ചിരുന്ന ഗോകുല്‍ദാസ് റാവുവിനെ ഓര്‍മ്മയുണ്ടോ എന്നറിയാനായിരുന്നു അദ്ദേഹം വിളിച്ചത്.
ഗോകുല്‍ദാസ് റാവുവിന്റെ അനുജന് ഡോ. എന്‍.ആര്. റാവു (മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ അത്യുന്നത പദവി വഹിക്കുന്ന ചികിത്സകന്) വിനെ തന്റെ പത്നിയുടെ ചികിത്സാര്‍ത്ഥം സന്ദര്‍ശിച്ചപ്പോള്‍ നടന്ന കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാലറാം വക്കീലിന്റെ വീട് കണ്ണൂര്‍ തളാപ്പിലാണെന്നറിയിച്ചപ്പോള് വിദ്യാര്‍ത്ഥിയായിരിക്കെ താന്‍ തളാപ്പിലെ രാഷ്ട്രമന്ദിരത്തില്‍ രണ്ടുദിവസം താമസിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്‍.ആര്. റാവുവിന്റെ ജ്യേഷ്ഠന് ഗോകുല്‍ദാസ് റാവുവും രാഷ്ട്രമന്ദിരമെന്ന സംഘകാര്യാലയത്തിലാണ് തന്റെ പോളിടെക്നിക്ക് കാലം കഴിച്ചുകൂട്ടിയത്. അന്ന് കണ്ണൂരില്‍ പ്രചാരകനായിരുന്ന നാരായണ്‍ജിയെ ഒരിക്കലും മറക്കാനാവില്ലെന്നും, അദ്ദേഹത്തിനെ കാണുകയാണെങ്കില്‍ തന്റെയും ജ്യേഷ്ഠന്റെയും അന്വേഷണങ്ങള്‍ അറിയിക്കണമെന്നും ഡോ. റാവു പറഞ്ഞുവത്രെ. ഗോകുല്‍ദാസ് റാവുവിന്റെ ഫോണ്‍ നമ്പറും വക്കീല്‍ വാങ്ങി. കണ്ണൂരിലെത്തിയ അടുത്തദിവസം തന്നെ അദ്ദേഹം എന്നെ വിളിച്ച് വിവരം പറഞ്ഞു നമ്പര്‍ തരികയായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ അന്‍പതുകളുടെ അവസാനവും അറുപതുകളുടെ ആദ്യവര്ഷങ്ങളുമായിരുന്നു എന്റെ തളാപ്പ് രാഷ്ട്രമന്ദിരത്തിലെ കാലം. കഴിഞ്ഞ വര്‍ഷം ഒരിക്കല്‍ക്കൂടി ശ്രീ സുന്ദരേശ്വര ക്ഷേത്രദര്‍ശനത്തിന് പത്നിയുമൊത്ത് രാഷ്ട്രമന്ദിരത്തിന് മുന്നിലൂടെ പോയി. അവിടെയന്ന് അമൃത ടിവിയുടെ പ്രതിനിധി താമസമാണ്. വര്‍ഷങ്ങള്‍ക്കുശേഷവും പഴയ അയല്ക്കാര്ക്ക് അത് രാഷ്ട്രമന്ദിരം തന്നെ. പ്രതിനിധി അവധിയിലായിരുന്നതിനാല്‍ അവിടെ കയറി പഴയ കുടികിടപ്പുകാരനും അമൃതയിലെ അനു നാരായണന്റെ അച്ഛനും അമ്മയും എന്ന് പരിചയപ്പെടുത്തുവാനും സാധിച്ചില്ല.
ബാലറാം വക്കീലിന്റെ ഫോണ്‍ സന്ദേശം കിട്ടിയ ഉടനെ ഗോകുല്‍ദാസ് റാവുവിനെ വിളിച്ചു. ഗോകുല്‍ദാസ് എന്ന് പേര് വിളിക്കുന്ന ആള് ആരെന്നദ്ദേഹം അതിശയിച്ചു. അദ്ദേഹം മോഡി ഗാര്‍ഡ് എന്ന കണ്ണാടിച്ചില്ലു കമ്പനിയുടെ രാജ്യത്തെ പ്രധാന സെയില്‍സ് മാനേജരാണ്. ഫാക്ടറി ഗുജറാത്തിലാണെങ്കിലും റാവു ദല്‍ഹിയില്‍ത്തന്നെ. ചെറുപ്പത്തിലെ കൂട്ടുകാരും, വീട്ടുകാരും മാത്രമേ പേരു വിളിക്കാറുള്ളൂ. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷാധിക്യത്താല്‍ വാക്കുകള്‍ കിട്ടാതായി. അരനൂറ്റാണ്ടിലേറെക്കാലം തികച്ചും പരസ്പരബന്ധം കൂടാതെ കഴിഞ്ഞവര്‍ക്ക് അങ്ങനെ സംഭവിക്കാതിരുന്നാലേ അത്ഭുതപ്പെടേണ്ടതുള്ളൂവല്ലൊ.
അനുജന് എന്‍.ആര്. റാവു സ്കൂള്‍ യുവജനോത്സവത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന പ്രഭാഷണ മത്സരത്തില്‍ പങ്കെടുക്കാന്‍ നീലേശ്വരത്ത് നിന്നും വന്നതായിരുന്നു. ഒന്നാം സ്ഥാനം നേടിയാണ് തിരിച്ചുപോയത്. അന്ന് രാഷ്ട്രമന്ദിരത്തില്‍ വെറെയും വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നു. കാഞ്ഞങ്ങാട്ടുകാരായ നാരായണന്, ബാലകൃഷ്ണന്, ചെറുവത്തൂര്ക്കാന് ശിവരാമകൃഷ്ണന്, തിരൂര്‍ക്കാരന്‍ ശ്രീനിവാസന്. ഇവര്‍ക്ക് പുറമെ ചില സ്വയംസേവകരുമുണ്ടായിരുന്നു. കാര്യാലയത്തിന്റെ തറ സിമന്റിലായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ അടുത്ത വീട്ടില്‍ നിന്ന് ചാണകം കൊണ്ടുവന്ന് ഒരു സ്ത്രീയുടെ സഹായത്തോടെ എല്ലാവരും ചേര്‍ന്ന് മെഴുകുകയായിരുന്നു. നാരായണന് കാഞ്ഞങ്ങാട്ട് ശാഖയില്‍ ബാലഗണശിക്ഷക് ആയിരുന്നതിനാല്‍ തളാപ്പ് ശാഖയിലെ ശിക്ഷകന്റെ ചുമതല ഭംഗിയായി നിര്‍വ്വഹിച്ചു. നാരായണന് യോഗാസനങ്ങള്‍ ഭംഗിയായി പഠിപ്പിക്കാന്‍ അറിയുമായിരുന്നു. ശാഖയിലെ ശാരീരികിന്റെ ഭാഗമായി യോഗാസനങ്ങള്‍ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്ന് തുടങ്ങിയ കാലമായിരുന്നു അത്. ശ്രീനിവാസന്റെ വീട് തിരൂരില്‍ കാര്യാലയത്തിന് തൊട്ടടുത്തായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെ ചുമതലയില്‍ തിരൂരില്‍ പോയപ്പോള്‍ നടരാജനെയും കാണാന്‍ കഴിഞ്ഞു. ആള് മുംബൈയില്‍ ജോലി തേടിപ്പോയി. ശിവരാമകൃഷ്ണനെപ്പറ്റി പിന്നീട് ഒന്നുമറിഞ്ഞിട്ടില്ല. അയാളുടെ അച്ഛന് ചെറുവത്തൂര്‍ സ്റ്റേഷനില്‍ ടീ സ്റ്റാള്‍ നടത്തിയാണ് ജീവിതം നയിച്ചുവന്നത്. കരിവണ്ടികള്‍ ഓടിയിരുന്ന കാലത്ത് ചെറുവത്തൂര്‍ സ്റ്റേഷനില്‍ മെയില്‍ അടക്കം എല്ലാ വണ്ടികളും കല്‍ക്കരിയും വെള്ളവും നിറക്കാന്‍ നിര്‍ത്തുമായിരുന്നു. പതിനഞ്ച് മിനിട്ട് വരുന്ന ആ വേളയില്‍ ചായക്കും അരിച്ചക്കര, അരിമുറുക്ക്, പരിപ്പുവട തുടങ്ങിയ നാടന്‍ പലഹാരങ്ങള്‍ക്കും നല്ല ചെലവായിരുന്നു. കാലംപോകെ ഡീസല്‍ എഞ്ചിനുകള്‍ വരികയും കരിവണ്ടികള്‍ പിന്‍വലിക്കപ്പെടുകയും ചെയ്തപ്പോള്‍ ചെറുവത്തൂര്‍ ഒരു മിനിറ്റ് സ്റ്റേഷനായി. പ്രധാനപ്പെട്ട വണ്ടികളാകട്ടെ അവിടെ നിര്‍ത്താതെ ഒരു കൂകല്‍ മാത്രം പാസ്സാക്കി പഴയകാല പ്രതാപത്തെ പരിഹസിച്ചുകൊണ്ട് പാഞ്ഞുപോകുക മാത്രം ചെയ്യുന്നു. അരിച്ചക്കരയും അരിമുറുക്കും വടകരമുറുക്കും ഇന്നു ചരിത്രത്തിലൊതുങ്ങുന്ന പഴങ്കഥകള്‍ മാത്രം. അതിന്റെ സ്ഥാനത്ത് വന്‍ കമ്പനിയുത്പന്നങ്ങളായ ഫാസ്റ്റ് ഫുഡ് ഇനങ്ങളും കുടിക്കാന്‍ കുപ്പിവെള്ളവും കിട്ടും. മണ്കലങ്ങളില് ശേഖരിച്ച തണുത്തവെള്ളവും ഇന്ന് കാണാനില്ല.
ബാലകൃഷ്ണന് ടെക്സ്റ്റെയില്‍ ടെക്നോളജിയാണ് പഠിച്ചത്. വളരെ വര്‍ഷങ്ങള്‍ ഞങ്ങള്‍ കത്തുമൂലം ബന്ധപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്ടെ പ്രസിദ്ധമായ ഏച്ചിക്കാനം തറവാടാണ് അച്ഛന്റെ വീട്. സ്വന്തം തറവാടാകട്ടെ അഭിഭാഷക കുടുംബമായ ചെറുകുന്നിലെ മാക്കുനി വീടും. അദ്ദേഹത്തിന്റെ അമ്മാവന് മാക്കുനി കൃഷ്ണന് നമ്പ്യാര്‍ കുറച്ചുകാലം ജനസംഘ ചുമതല വഹിച്ചിരുന്നു. മുംബൈയിലെ സെഞ്ചുറി മില്ലില്‍ ബാലകൃഷ്ണന് ജോലി കിട്ടി. അവിടെ സ്ഥിരതാമസമാക്കിയ കാലത്ത് ജന്മഭൂമിയുടെ ഷെയര്‍ ശേഖരിക്കാന്‍ മുംബൈയില്‍ പോയപ്പോള്‍ സഹായിക്കാന്‍ കൂടെ വന്നിരുന്നു. അദ്ദേഹം സെഞ്ചുറി മില്ലില്‍ ഉയര്‍ന്ന സ്ഥാനത്തെത്തിയെന്നറിയാന് കഴിഞ്ഞു. ഗോകുല്‍ദാസ് റാവു മുംബൈയില്‍ പോകുമ്പോള്‍ ചിലപ്പോള്‍ ബാലകൃഷ്ണനെ കാണാറുണ്ട്.
നാരായണന് പോളിടെക്നിക്ക് പാസ്സായി സൈനിക സേവനത്തിലേര്‍പ്പെട്ട് ആസ്സാമില്‍ ചെന്ന് കുറെക്കഴിഞ്ഞ് കത്തുകള്‍ അയച്ചുതുടങ്ങി. പിന്നെ കത്തുകള്‍ കുറഞ്ഞു. അടിയന്തരാവസ്ഥയോടെ ബന്ധം തികച്ചും ഇല്ലാതായി. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് ഹോസ്ദുര്‍ഗില്‍ തുന്നല്‍പണി ചെയ്തിരുന്നു. പേര് കുഞ്ഞിരാമന് എന്നാണോര്‍മ്മ. നാരായണന് നാട്ടില്‍ വന്ന ഒരവസരത്തില്‍ അവരോടൊപ്പം വീട്ടില്‍ പോയി അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടു. നാരായണന്റെ മറ്റൊരു ജ്യേഷ്ഠന് കുഞ്ഞികൃഷ്ണന് കണ്ണൂരില്‍ കാര്‍ഷികാദായനികുതി വകുപ്പില്‍ ടൈപ്പിസ്റ്റായിരുന്നു. ഞാന്‍ ആദ്യമായി കണ്ണൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയപ്പോള്‍, തലേക്കൊല്ലം സംഘശിക്ഷാവര്‍ഗില്‍ ഒരുമിച്ചുണ്ടായിരുന്ന അദ്ദേഹമാണ് കൂട്ടി തളാപ്പ് രാഷ്ട്രമന്ദിരത്തിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. എന്റെ ആദ്യത്തെ ഓട്ടോറിക്ഷ യാത്രയും അതായിരുന്നു. കൂലി നാലണ, (ഇരുപത്തഞ്ചു പൈസ). കുഞ്ഞികൃഷ്ണന് നല്ല സംഗീതജ്ഞനും, ഓടക്കുഴല്‍ വായനക്കാരനുമായിരുന്നു. പുതിയൊരു ഗണഗീതം കിട്ടിയാല്‍ ഓടക്കുഴലില്‍ അതിന്റെ രാഗം ചിട്ടപ്പെടുത്തിയായിരുന്നു പരിശീലനം. കന്നടയില്‍ നിന്ന് മലയാളത്തിലേക്കും തിരിച്ചും വിവര്‍ത്തനങ്ങള്‍ ചെയ്ത് കേസരിയിലും വിക്രമയിലും പതിവായി എഴുതിയിരുന്നു. അദ്ദേഹം കോഴിക്കോട് കല്ലായിയി ല്‍ വിവാഹിതനായി അവിടെ താമസമാക്കിയിരുന്നു. ഇപ്പോള്‍ കുറേക്കാലമായി വിവരമില്ല.
ഇവരെയെല്ലാം ഗോകുല്‍ദാസ് റാവുവിന്റെ അരമണിക്കൂര്‍ സംഭാഷണത്തിനിടെ അന്വേഷിച്ചുവെന്നത് ശ്രദ്ധേയമാണ്. സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കുവഹിച്ചില്ലെങ്കിലും ഗോകുല്‍ദാസിനും അനുജന് എന്‍.ആര്. റാവുവിനും ആത്മീയത നിറഞ്ഞ മനസ്സുണ്ടെന്ന് മനസ്സിലായി. അവരുടെ കുടുംബം വക ഒരു ശ്രീകൃഷ്ണക്ഷേത്രം നീലേശ്വരത്തുണ്ട്. എന്‍.ആര്. റാവു മുന്‍കയ്യെടുത്ത് ആ ക്ഷേത്രം പുനരുദ്ധരിച്ചു. വര്‍ഷങ്ങള്‍ എടുത്ത നവീകരണത്തിനുശേഷം അവിടെനടന്ന ഉത്സവവേളയില്‍ ജന്മഭൂമിക്ക് ഒരു സപ്ലിമെന്റ് കൊടുത്തതായും റാവു പറഞ്ഞു.
മനസ്സില്‍ നിറഞ്ഞ നന്മയും ധര്മോന്മുഖതയുമായി, അരനൂറ്റാണ്ടിനുശേഷവും ഊഷ്മളമായ ഓര്‍മ്മകള്‍ തന്ന ആ സഹോദരന്മാരോട് ആദരപൂര്‍വം സ്നേഹവായ്പ് തോന്നുകയാണ്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: