വാരിക്കുന്തത്തെപ്പറ്റി നേരറിവുള്ള വിദ്വാന്മാര് ഇപ്പോള്‍ കുരിശിന്റെ വഴിയിലേക്ക് വന്നിരിക്കുകയാണ്. ചിലര്‍ക്ക് ഇത് വല്ലാത്ത ഇടങ്ങേറാണ് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് അത് വെറും കുരിശല്ല; പൊന്കുരിശാണ്. ഇതിനെക്കുറിച്ച് അറിയാത്തവര്‍ നാടുമുഴുക്കെ ഓരോന്ന് പറഞ്ഞ് നടന്നാല്‍ എന്തു ചെയ്യാന്‍.
കുന്തംകൊണ്ട് ചെയ്യാവുന്നത് പ്രതിയോഗികളെ (തല്ക്കാലം പ്രതിയോഗികള്‍തന്നെ) പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി പതംവരുത്തുകയാണ്. ടി കാര്യത്തില്‍ മാസ്റ്റര്‍ ബിരുദമെടുത്ത വിദ്വാന്മാരാണ് നമ്മുടെ വിപ്ലവക്കാര്‍. കുത്തുകൊണ്ട ചിലര്‍ സിദ്ധിയടയും, മറ്റുചിലര്‍ വേറെ പാങ്ങില്ലാതെ കുത്തന്മാരുടെ പിന്നാലെ പോകും. ഇത്തരം കലാപരിപാടികള്‍ മുറയ്ക്കുനടന്നുകൊണ്ടിരിക്കുകയാണ്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്നു പൊന്നുതമ്പുരാന് പണ്ടു പറഞ്ഞതില്‍ നിന്ന് കടുകിട മാറിയിട്ടില്ല. അങ്ങനെ മാറിയിട്ടുണ്ട് എന്ന് തോന്നിയ ചിലരാണ് ഇപ്പോള്‍ പുക്കാര്ത്തുണ്ടാക്കുന്നത്.
പറഞ്ഞുവന്നത് കുന്തത്തെക്കുറിച്ചാണല്ലോ. ഭീഷണിപ്പെടുത്തിയും ഭീഷണിയുടെ വഴിയിലൂടെ മുറിപ്പെടുത്തിയും മുന്നോട്ടു നീങ്ങിയാണ് ഈ പാര്‍ട്ടിയെ ഇത്രടം എത്തിച്ചത്. അപ്പോള്‍ മുതല്‍ ആലോചിച്ചുവരികയാണ് ഇമ്മാതിരി മേറ്റ്ന്തെങ്കിലും സാധനം കിട്ടുമോ എന്ന്.
ഏതാണ്ട് തങ്ങള്‍ കുന്തംകൊണ്ട് ചെയ്യുന്നവയൊക്കെ ചെയ്യാന്‍ പറ്റുന്ന സാധനമാണ് ഇപ്പോള്‍ കരഗതമാക്കിയിരിക്കുന്നത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുരിശിന്റെ വഴിയിലേക്ക് ഒരുപാട് പേരെ ആട്ടിത്തെളിച്ചിട്ടുണ്ട്. അത് തങ്ങളുടെ അവകാശമാണ് എന്നുവരെ ബന്ധപ്പെട്ടവര്‍ പറഞ്ഞുവെച്ചിട്ടുമുണ്ട്. സംഗതിവശാല്‍ രണ്ട് ആയുധങ്ങളും പ്രതിഫലിപ്പിക്കുന്ന വികാരം ഒന്നുതന്നെ. തങ്ങളുടെ വഴിക്കു വരുന്നവര്‍ക്കു മാത്രമെ സ്വര്‍ഗപ്രാപ്തിയുണ്ടാകൂ എന്നാണല്ലോ കുരിശിന്റെ വക്താക്കള്‍ പറയുന്നത്.
ഇപ്പുറത്ത് മാര്‍ക്സാണ് ശരിയെന്ന് കുന്തത്തിന്റെ വക്താക്കളും കട്ടായം പറയുന്നു. അപ്പോള്‍ ഇരുകൂട്ടരും പറയുന്നത് ഒന്നുതന്നെ. അങ്ങനെയെങ്കില്‍ ഇരുകൂട്ടരും യോജിപ്പിന്റെ മേഖല കണ്ടെത്തിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? എന്നാല്‍ ഇതൊന്നും നമ്മുടെ ചെന്നിത്തലക്കാരനും പുതുപ്പള്ളിക്കാരനും തലയില്‍ കേറുന്നില്ല. ഞാണിന്മേല് കളി നടത്തുന്ന ഈ ഭരണത്തിന് കുന്തത്തെ അത്ര വലിയ പേടിയില്ലായിരുന്നു. അത്യാവശ്യം ജീവിച്ചുപോകാനുള്ള വകുപ്പൊക്കെ കണ്ടുവെച്ചിരുന്നു. എന്നാല്‍ കുരിശുംകൂടി ആ വഴിക്ക് വന്നാല്‍ കാര്യങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയാനാവില്ല. പ്രത്യേകിച്ച് പിറവത്ത് ഒരു പ്രതിഷ്ഠ നടക്കാനുള്ളതാണ്. ആയതിനാല്‍ വിപ്ലവത്തിന്റെ പുതുവഴികളെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക. എല്ലാത്തിലും വിപ്ലവത്തിന്റെ വസന്തം ഒളിഞ്ഞുകിടപ്പുണ്ട്. അത് കണ്ടെത്തുക എന്നത് ഒരു കലയാണ്. ആ കലയില്‍ ഇപ്പോഴത്തെ നേതൃത്വം വിജയിച്ചിരിക്കുന്നു. അതില്‍ പത്രമുത്തശ്ശിയും പരിവാരങ്ങളും കുണ്ഠിതപ്പെട്ടിട്ട് ഒരു കാര്യവുമില്ല. മാര്‍ക്സാണ് ശരി, മാര്‍ക്കാണ് കിട്ടേണ്ടത്.
പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തു വരുമ്പോള്‍ ആ പാര്ട്ടിയെക്കുറിച്ചല്ലാതെ മറ്റാരെപ്പറ്റിയാണ് പറയുക, അല്ലേ? അങ്ങനെ കലാകൗമുദി (ഫെബ്രു.12) വാരികയും പാര്‍ട്ടിയെക്കുറിച്ചു പറഞ്ഞുതുടങ്ങുന്നു. അവരുടെ കവറില്‍ മേപ്പടി വിഷയത്തെക്കുറിച്ചുള്ള അറിയിപ്പുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.എം. പിയേഴ്സണ്‍ കമ്യൂണിസത്തെപ്പറ്റി എന്തിനെഴുതണം എന്നു വായനക്കാരോടു ചോദ്യമെറിഞ്ഞുകൊണ്ടുള്ള എഴുത്തുകുത്ത് മഹത്തായ മൂന്നാംവാരം കടക്കുന്നു എന്നുമറിയുക. കമ്യൂണിസത്തിലെ കാടത്തമാണ് തന്റെ വിഷയമെന്ന് പറയുകയും ആവുന്നത്ര താലോലിക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുന്നു എന്ന കാര്യം മറക്കണ്ട. ആ, പറഞ്ഞുവന്നത് കലാകൗമുദിയെക്കുറിച്ചാണല്ലോ. പിണറായിക്ക് മുന്നില്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല എന്ന ചന്ദ്രപ്പന്റെ അഭിമുഖവും ചുവന്ന ബലൂണ്‍ പൊങ്ങിപ്പറക്കുന്നത് ആസ്വദിക്കുന്ന പിണറായി വിജയന്റെ ചിത്രവും താഴെ യുഡിഎഫ് കേരളത്തെ അന്ധകാരത്തിലാഴ്ത്തി എന്ന വിജയന്റെ ലേഖനവും അവരുടെ കവറില്‍ പരാമര്‍ശിക്കുന്നു. കേരളം അന്ധകാരത്തിലേക്ക് കൂപ്പുകുത്തും മുമ്പ് നാം ഇടതു ബദലിന് കൈകോര്‍ക്കണമെന്നാണ് വിജയന് പറയുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മൊത്തം ഇന്ത്യയെ വിലയിരുത്തുകയാണ്. ആത്മാര്‍ഥത (തെറ്റദ്ധരിക്കണ്ട, പാര്‍ട്ടി ആത്മാര്‍ഥത തന്നെ) തുളുമ്പുന്ന നിരീക്ഷണങ്ങള്‍ സമൃദ്ധമാണ്. ജനകീയാഭിമുഖ്യം വെച്ചുപുലര്‍ത്തുന്ന ഒരു നേതാവിന്റെ വീക്ഷണകോണ് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അറിയണമെങ്കില്‍ എട്ടുപേജ് കുറിപ്പ് വായിച്ചു തന്നെ നോക്കണം. മാര്‍ക്സാണ് ശരിയെന്ന മതവെറിയന് കാഴ്ചപ്പാടില്‍നിന്ന് മാര്‍ക്സും ശരിയാണ് എന്ന മാനവിക വീക്ഷണത്തിലേക്ക് അദ്ദേഹം വരുന്നതിന്റെ സൂചനകളും അതില്‍ ഒരുപാടുണ്ട്.
അതേസമയം പാര്‍ട്ടിയുടെ സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന വിജയന് ജനങ്ങള്‍ പാര്‍ട്ടി ചെയ്തതൊന്നും മനസ്സിലാക്കിയിട്ടില്ല എന്നു പരിതപിക്കുകയും ചെയ്യുന്നു. നോക്കുക: ഇടതുപക്ഷത്തിന്റെ ആ ജാഗ്രത ഇല്ലായിരുന്നെങ്കില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയും പാടേ തകരുമായിരുന്നു. ഇത്തരം മേഖലകളില്‍ ഇടതുപക്ഷം വഹിച്ച ദേശീയ താത്പര്യത്തിലുള്ള പങ്കിനെക്കുറിച്ചും ജനങ്ങളെ വര്‍ദ്ധിച്ച തോതില്‍ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. എന്നുവെച്ചാല്‍ ജനങ്ങളില്‍ അതൊന്നും ഏശിയിട്ടില്ലെന്ന് ചുരുക്കം. കേരളം, ബംഗാള്‍, ത്രിപുര തട്ടകങ്ങളില്‍ നിന്നുള്ള മുദ്രാവാക്യംവിളി മൊത്തം ഇന്ത്യയില്‍ അലയടിക്കണമെന്ന് ആഗ്രഹിച്ചാല്‍ അതൊരു അതിമോഹമായി പോവില്ലേ, അത്ര വേണോ?
ലോകം വീണ്ടും മാര്‍ക്സിനെ വിളിക്കുന്നു എന്ന് ആവേശത്തോടെ പറയുന്നു നമ്മുടെ സഖാവ് ഗോവിന്ദപിള്ള. അങ്ങനെയല്ലാതെ അദ്ദേഹം മേറ്റ്ന്ത് പറയാന്‍? ഗോവിന്ദപ്പിള്ളയുടെ മകന് രാധാകൃഷ്ണന് അച്ഛന്റെ രാഷ്ട്രീയ-വൈകാരിക വ്യക്തിത്വങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ഒരു രചനയും നമുക്കിതില്‍ വായിക്കാം. എന്റെ നെഞ്ചിലെ ഇടിമുഴക്കം എന്നാണ് തലക്കെട്ട്. വായനക്കാര്‍ക്ക് അതൊരു പൊട്ടാസ് പൊട്ടുന്ന ഒച്ചയായിപ്പോലും തോന്നാനിടയില്ല. അച്ഛനല്ലേ, സഖാവല്ലേ, രാഷ്ട്രീയമല്ലേ, പത്രപ്രവര്‍ത്തനമല്ലേ നടക്കട്ടെ രാധാകൃഷ്ണാ എന്ന് സ്നേഹത്തോടെ നമുക്കു തോളില്തട്ടാം.
അളമുട്ടിയാല്‍ പാവം ചേരയും കടിച്ചേക്കാം എന്നാണ് ചൊല്ല്. ഇത് സിപിഐയുടെ കാര്യത്തിലും ശരിയായി വരുന്നു. കമ്യൂണിസ്റ്റുകളെന്ന് നെഞ്ചുവിരിച്ച് പറയാന്‍ ഇപ്പോഴും സിപിഐക്കാര്‍ക്ക് പേടിയാണ്. വല്യേട്ടന് ഒന്ന് കണ്ണുരുട്ടിയാല്‍ തീര്‍ന്നു എല്ലാം. സി.കെ. ചന്ദ്രപ്പന് ഏതായാലും ഇതൊക്കെ കണ്ടും കേട്ടും മടുത്തിരിക്കുന്നു. വരുന്നത് വരട്ടെ എന്ന് കരുതി അദ്ദേഹം ചിലതെല്ലാം സ്റ്റാഫ് ലേഖകനോട് കാച്ചുന്നുണ്ട്. തങ്ങളുടെ നേരെയുള്ള കറിവേപ്പില സമീപനത്തെ തികഞ്ഞ എതിര്‍പ്പോടെ തന്നെയാണ് അദ്ദേഹം തള്ളിക്കളയുന്നത്. തെരഞ്ഞെടുപ്പുകാലത്തു മാത്രം പോര സഹകരണം എന്നു വളച്ചുകെട്ടാതെ പറയാന്‍ മാത്രം സിപിഐ വളര്‍ന്നതില്‍ ചിലരൊക്കെ ആഹ്ലാദിക്കുന്നുണ്ടാവും. മറ്റൊന്ന്, ചന്ദ്രപ്പന് തുറന്ന് സമ്മതിക്കുന്ന കാര്യമാണ്. ഇന്ത്യയെ മനസ്സിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വീഴ്ച പറ്റിയെന്ന്. സിപിഎം ഇതങ്ങനെ തെളിച്ചു പറയണമെന്നില്ല. ഇതാണ് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രകടമായ വ്യത്യാസം. ശേഷിക്കുന്നതൊക്കെ അതിന്റെ ഉപോല്‍പ്പന്നങ്ങളാണ്. ഏറ്റവും ഒടുവില്‍ ഇരു പാര്‍ട്ടികളും ഒരേ ദിവസം സംസ്ഥാന സമ്മേളനം വെച്ചതു വരെ. എല്ലാം നല്ലതിന് എന്നു കരുതി സമാധാനിക്കുക.
മുസ്ലീം സഹോദരങ്ങളെ മുഴുവന്‍ ഇ-മെയില്‍ കുരുക്കില്‍പ്പെടുത്തി നശിപ്പിക്കാന്‍ പോകുന്നേ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ച വിദ്വാന്മാരോട് ഇതാ ഹമീദ് ചേന്നമംഗലൂര്‍ എന്ന എഴുത്തുകാരന് രണ്ടുവാക്കു പറയുന്നു. സമകാലിക മലയാളം വാരിക (ഫെബ്രു. 10) വഴിയാണിത്. ഇ-മെയില്‍ വിവാദവും മുസ്ലീം വേട്ടയും എന്ന രണ്ടു പേജ് കുറിപ്പില്‍ എല്ലാമുണ്ട്. ഇസ്ലാം വേട്ടയാടപ്പെടുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ ചേകന്നൂര്‍ മൗലവിയെ മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപരസമുദായങ്ങളോ ഭരണകൂടമോ പോലീസോ അല്ല മുസ്ലീങ്ങളെ വേട്ടയാടുന്നതെന്ന് കാര്യകാരണസഹിതം ഹമീദ് ചൂണ്ടിക്കാട്ടുന്നു. എവിടെയോ തീവ്രവാദ ആശയക്കാര്‍ ചുരമാന്തുന്നത് നമുക്കു തിരിച്ചറിയാനാവുന്നുണ്ട്. ഹമീദ് അത് വ്യക്തമായി മനസ്സിലാക്കുന്നുണ്ടോആവോ?. ചേകന്നൂര്‍ മൗലവിയെന്ന സ്നേഹഗായകന് എങ്ങനെയാണ് ഈ ഭൂമുഖത്ത് നിശ്ശബ്ദനാക്കപ്പെട്ടത് എന്നറിയുന്ന എല്ലാവരുടെയും ഉള്ളില്‍ ഒരു നിലവിളി പമ്മിയിരുപ്പുണ്ട്. ഹമീദ് ചേന്നമംഗലൂര്‍ അക്കാര്യം പ്രത്യേകം ഓര്‍മവെച്ചാല്‍ വളരെ നല്ലതാണ്. മാനവിക മുഖങ്ങളെ നശിപ്പിക്കാനാണ് തല്‍പ്പര കക്ഷികള്‍ എന്നും ശ്രമിക്കാറുള്ളത്.
തൊട്ടുകൂട്ടാന്‍
“ഇതിലേതാണു നീ?”
ഞാനെങ്ങനെ പറയും
എന്നിലെന്നും
അരൂപികളായ അക്ഷരങ്ങള്‍
നിഴല്‍യുദ്ധം നടത്തുകയാണെന്ന്!
-നന്ദാദേവി
കവിത: കൈപ്പട
ദേശാഭിമാനി വാരിക(ഫെബ്രു.12)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: