കൊല്ലം: പാര്‍ട്ടി മെമ്പര്‍ഷിപ്പിലെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാന്‍ സിപിഐയും ന്യൂനപക്ഷപ്രീണനത്തിന് കോപ്പുകൂട്ടുന്നു. പാര്‍ട്ടി അംഗങ്ങളില്‍ വന്‍കൊഴിഞ്ഞുപോക്കുണ്ടെന്ന് വിലയിരുത്തിയ സംസ്ഥാനസമ്മേളനമാണ് ന്യൂനപക്ഷങ്ങളുടെ വക്താക്കളാകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സിപിഐ ശക്തമായി മുന്നോട്ടുപോകുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
അതേസമയം സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളില്‍ നിന്നും കുഴപ്പക്കാരല്ലാത്തവര്‍ വിട്ടുവന്നാല്‍ സ്വീകരിക്കാനും തീരുമാനമുണ്ട്. ഇടതുപാര്‍ട്ടികളില്‍ നിന്ന് വിടുന്നവര്‍ ബിജെപിയിലും മറ്റും അഭയം പ്രാപിക്കാതിരിക്കാനാണ് തങ്ങള്‍ വാതില്‍ തുറന്നിടുന്നതെന്നാണ് ന്യായം. ഒരുലക്ഷത്തി എഴുപതിനായിരം പാര്‍ട്ടി അംഗങ്ങളില്‍ പതിനേഴായിരത്തിലേറെപ്പേരാണ് കൊഴിഞ്ഞുപോയത്. പതിനേഴ് ശതമാനത്തിലേറെ എന്നാണ് കണക്ക്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ അത് പത്ത് ശതമാനമായെങ്കിലും പിടിച്ചുനിര്‍ത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
അതേസമയം എന്തിനേക്കാളും വലുത് പാര്‍ട്ടിയുടെ വ്യക്തിത്വമാണെന്നും എന്തിനുവേണ്ടിയാണെങ്കിലും അത് ആര്‍ക്കും അടിയറ വയ്‌ക്കുന്ന പ്രശ്നമില്ലെന്നും സംസ്ഥാനസെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. രാഷ്‌ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകളിന്മേലുള്ള ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ നടന്നുവെന്ന് ചില പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ നിറം പിടിപ്പിച്ചവയാണ്. അവയ്‌ക്ക് പിന്നില്‍ പലവിധ താല്‍പര്യങ്ങളുണ്ട്. സിപിഐയില്‍ തര്‍ക്കങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചവര്‍ നിരാശപ്പെടേണ്ടിവരുമെന്ന് ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനാറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ സര്‍ക്കാരിലെ സിപിഐ മന്ത്രിമാര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണുണ്ടായത്. സി.ദിവാകരനും കെ.പി.രാജേന്ദ്രനും തങ്ങളുടെ പെരുമാറ്റവും ധാര്‍ഷ്ട്യവും കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി വേദനിപ്പിച്ചുവെന്ന് വിമര്‍ശനമുണ്ടായി. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ശരിയല്ലെന്ന് സി.കെ.ചന്ദ്രപ്പന്‍ പ്രസംഗത്തില്‍ പറഞ്ഞു.
സിപിഎമ്മിന്റെ മതപ്രീണനനയം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ തുരങ്കം വച്ചുവെന്ന് രാഷ്‌ട്രീയറിപ്പോര്‍ട്ട് അവതരിപ്പിച്ച പാര്‍ട്ടിക്ക് അംഗസംഖ്യയിലെ കൊഴിഞ്ഞുപോക്ക് നികത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നത് ആശയപരമായ പാപ്പരത്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുമെന്നും പാര്‍ട്ടിയുടെ സമരശേഷി വര്‍ധിപ്പിക്കുമെന്നും ചന്ദ്രപ്പന്‍ മറുപടിപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സിപിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും പ്രതിനിധികളെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തനറിപ്പോര്‍ട്ടിനെക്കുറിച്ച് 14 ജില്ലകളില്‍ നിന്നും പ്രവാസി, ലക്ഷദ്വീപ്, അധ്യാപകസര്‍വീസ് രംഗം എന്നിങ്ങനെ 17 ഗ്രൂപ്പുകളുടെ ചര്‍ച്ചയ്‌ക്ക് ശേഷം 22 പേര്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
ആര്‍. രാജേന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ(കൊല്ലം), സി.പി. ഷൈജന്‍(കണ്ണൂര്‍), ആര്‍. സുശീലന്‍(കോട്ടയം), എം. സ്വര്‍ണലത, വി.എസ്. പ്രിന്‍സ് (തൃശൂര്‍), എസ്.ജി. സുകുമാരന്‍(വയനാട്), ടി.വി.പൊന്നപ്പന്‍, എ. കമലാദേവി(ആലപ്പുഴ), പി. മുത്തുപാണ്ടി, പി.പി. ജോയി(ഇടുക്കി), ഇ.കെ. നായര്‍(കാസര്‍ഗോഡ്), കെ.എന്‍. ഗോപി(എറണാകുളം), കെ.സി. ജയപാലന്‍(പാലക്കാട്), കെ.ജി. പങ്കജാക്ഷന്‍(കോഴിക്കോട്), എ.കെ. മുരളീധരക്കുറുപ്പ്(പത്തനംതിട്ട), പി. സുബ്രഹ്മണ്യന്‍(മലപ്പുറം), കാര്‍ത്തികേയന്‍നായര്‍ (തിരുവനന്തപുരം), സഫിയാ അജിത്ത്, സി.ടി.നജീബുദീന്‍(ലക്ഷദ്വീപ്), ജോഷി, എം.എ. ഫ്രാന്‍സിസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സമ്മേളനത്തില്‍ ഇന്ന് രാവിലെ എണ്‍പത്തൊമ്പതംഗ സംസ്ഥാനകൗണ്‍സിലിനെ തെരഞ്ഞെടുക്കും. തുടര്‍ന്ന് കൗണ്‍സില്‍ ചേര്‍ന്ന് സെക്രട്ടറിയെ തെരഞ്ഞെടുക്കും. വൈകിട്ട് സമാപനസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ സംസാരിക്കും.
എം.സതീശന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: