നെടുമ്പാശേരി: ഏറെ കൊട്ടിഘോഷിച്ച് ഉത്സവാന്തരീക്ഷത്തില്‍ ആരംഭിച്ച നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് നിര്‍മാണം ശിലാഫലകത്തില്‍ ഒതുങ്ങി. ഒരു ശതാബ്ദകാലയളവിലെ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെയും ശിപാര്‍ശകളുടെയും ഫലമായിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ട് നെടുമ്പാശേരിയില്‍ ഒരു റെയില്‍വേ സ്റ്റേഷന് അനുവദിച്ചത്.
ഇതിനാവശ്യമായ സ്ഥലം മുഴുവന്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സൗജന്യമായി നല്കുകയുണ്ടായി. 2010 ഡിസംബര്‍ മാസത്തിലാണ് സംസ്ഥാന – കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പ്രത്യേക തീവണ്ടിയില്‍ ഇവിടെ വന്നിറങ്ങിയ റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് നെടുമ്പാശേരി റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന് തറക്കല്ലിട്ടത്.
ഒരു വര്‍ഷം കഴിഞ്ഞിട്ടും ശിലാഫലകം മാത്രമാണ് അവിടെ കാണാന്‍ കഴിയുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് റെയില്‍വേ ഉദ്യോഗസ്ഥന്മാരുടെ മറുപടി ഇപ്രകാരമായിരുന്നു. നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇല്ലത്രെ. കേവലം 93 ലക്ഷം രൂപ മാത്രമാണ് ഈ സ്റ്റേഷന് കണക്കാക്കപ്പെട്ടിരുന്ന നിര്‍മാണ ചെലവ്. കൊച്ചി വിമാനത്താവളത്തില്‍ ഒരു വര്‍ഷം വന്നിറങ്ങുന്ന അരക്കോടിയോളം യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷന് നിര്‍മിക്കാന്‍ 93 ലക്ഷം രൂപ ചെലവഴിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ വിമുഖത കാണിക്കുന്നതിനു പിന്നില്‍ ഉദ്ദേശ്യശുദ്ധിയില്ലെന്ന് വ്യക്തമാണ്. തറക്കല്ലിട്ട ഇ. അഹമ്മദ് വകുപ്പ് ഒഴിഞ്ഞതുകൊണ്ട് ഉദ്യോഗസ്ഥന്മാര്ക്ക് നിലപാട് മാറ്റാന്‍ എളുപ്പമായി.
റെയില്‍വേ ഏറ്റെടുത്ത നിരവധി പദ്ധതികള്‍ കേരളത്തില്‍ മുടങ്ങിക്കിടക്കുകയാണെന്നും ഇതു മുന്‍ഗണനാക്രമത്തില്‍ മാത്രമേ ഏറ്റെടുക്കാന്‍ കഴിയുകയുള്ളൂവെന്നും റെയില്‍വേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ഫലത്തില്‍ റെയില്‍വേ സ്റ്റേഷന് നിര്‍മാണം അനിശ്ചിതത്വത്തിലാകും.
കൊച്ചി വിമാനത്താവളത്തെ റോഡ്, റെയില്‍വേ, ജലഗതാഗതം എന്നീ യാത്രാ സൗകര്യങ്ങളുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയത്. റെയില്‍വേ സ്റ്റേഷന് ആരംഭിച്ചാല്‍ വിമാനത്താവളത്തില്‍നിന്നും യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ ഇടവിട്ട് കോച്ചുകള്‍ സൗജന്യമായി ക്രമീകരിക്കാമെന്ന് ശിലാഫലക സ്ഥാപന വേദിയില്‍ വച്ച് സിയാല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ കേവലം 30 മിനിറ്റ് കൊണ്ട്് എറണാകുളത്ത് എത്താന്‍ കഴിയും. വിമാനത്തില്‍ വന്നു പോകുന്ന ചരക്കുകള്‍ തീവണ്ടിയില്‍ കൊണ്ടുവരാനും എളുപ്പമാണ്. 24 കോച്ചുകള്‍ക്കുള്ള പ്ലാറ്റ് ഫോമും ബുക്കിംഗ് ഓഫീസും ഉള്ളതായിരുന്നു റെയില്‍വേ കെട്ടിടത്തിന്റെ രൂപരേഖ. ഈ റെയില്‍വേ സ്റ്റേഷനുവേണ്ടി ഏറെ കൂടിയാലോചനകളും ശിപാര്‍ശകളും നടത്തിയത് സ്ഥലം എംപി കെ.പി. ധനപാലന്റെ നേതൃത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: