കൊടകര: ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കാനുള്ള ശ്രമത്തിനെതിരെ പ്രകടനം നടത്തിയ ടോള്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മണലി പാലത്തിനടുത്ത് പോലീസ് ജനകീയ സമരത്തിന് നേരെ ലാത്തിവീശിയത്. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ സംയുക്ത സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ടോള്‍ വിരുദ്ധ സമിതി നടത്തുന്ന ഹര്‍ത്താലിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.നാഗേഷ്, എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുവാനുള്ള ഗൂഡനീക്കത്തെ ജനകീയ സമരംകൊണ്ട് ചെറുത്ത് തോല്‍പ്പിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി. ലാത്തിച്ചാര്‍ജ്ജില്‍ സാരമായി പരിക്കേറ്റ രണ്ടുപേരെ തൃശൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ജോഷി, ബിജെപി വരന്തരപ്പിള്ളി പഞ്ചായത്ത് സമിതി പ്രസിഡണ്ട് സജീവന്‍ അമ്പാടത്ത് എന്നിവരടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംയുക്തസമരസമിതി പ്രവര്‍ത്തകരായ ബിജെപി മണ്ഡലം പ്രസിഡണ്ട് വി.വി.രാജേഷ്, നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.രാമന്‍കുട്ടി, പുതുക്കാട് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി തിലകന്‍, നെന്മണിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശശി അയ്യന്‍ചിറ തുടങ്ങി 11 ബിജെപി നേതാക്കളടക്കം 27 പേര്‍ക്കെതിരെ പുതുക്കാട് പോലീസ് കേസെടുക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു.
ഈ മാസം 27വരെ ടോള്‍ പിരിക്കരുതെന്ന് കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ടോള്‍ പിരിക്കല്‍ ഇന്നലെ ആരംഭിച്ചത്. ജനങ്ങളെ കൊള്ളയടിക്കാനുള്ള സ്വകാര്യ കുത്തക കമ്പനിക്ക് പോലീസ് കൂട്ടു നിന്നതായും കോടതി വിധിയെ ധിക്കരിച്ചതായും സംയുക്തസമരസമിതി നേതാക്കള്‍ ആരോപിച്ചു. ടോള്‍ പ്രശ്നത്തില്‍ സമരസമിതിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമരസമിതി നടത്തുന്ന ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സമരസമിതിക്ക് നേതൃത്വം നല്‍കിയ ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു. ജനകീയ സമരം നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പ്രതിഷേധിച്ചു. ഈ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും മറ്റു അധികാരികള്‍ക്കും പരാതി നല്‍കുമെന്നും സമരസമിതി നേതാക്കളായ ജോയ് കൈതാരത്ത്, സി.ജെ.ജനാര്‍ദ്ദനന്‍, മോന്‍സി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: