ആധുനിക മലയാള സിനിമയില്‍ വഴിത്തിരിവു സൃഷ്ടിച്ച ചലച്ചിത്രമാണ് കെ.ജി.ജോര്‍ജ്ജിന്റെ ‘യവനിക’. സിനിമയെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന സങ്കല്പങ്ങളെയാകെ മാറ്റി മറിക്കാന്‍ യവനികയ്ക്കു കഴിഞ്ഞു. ‘യവനിക’ വെള്ളിത്തിരയിലെത്തിയിട്ട് മുപ്പതു വര്‍ഷങ്ങളാകുന്നു. 1982ലാണ് ‘യവനിക’ പ്രേക്ഷകനുമുന്നിലെത്തുന്നത്.
എണ്‍പതുകളാണ് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായി അറിയപ്പെടുന്നത്. എണ്‍പതുകളെ സുവര്ണ്ണകാലമാക്കുന്നതിനു പിന്നില്‍ കെ.ജി.ജോര്‍ജ്ജും ‘യവനിക’യും വഹിച്ച പങ്ക് ചെറുതായിരുന്നില്ല. കലാമേന്മയും കച്ചവട താല്പര്യങ്ങളും ഒരു പോലെ സമ്മേളിച്ച മധ്യവര്‍ത്തി സിനിമകള്‍ ധാരാളമായി സൃഷ്ടിക്കപ്പെട്ടത് എണ്‍പതുകളിലാണ്. അരവിന്ദന്, അടൂര്‍, ജോണ്‍ എബ്രഹാം എന്നിവര്‍ സിനിമയുടെ നേരിട്ടുള്ള കാഴ്ചകളേക്കാളുപരി സിനിമയെ വശങ്ങളിലൂടെയും കണ്ട് ആസ്വദിക്കണമെന്ന് പ്രേക്ഷകനോട് പറഞ്ഞു. അത്തരം ആസ്വാദനം നല്കുന്ന നിരവധി സിനിമകള്‍ അവരില്‍ നിന്ന് പ്രേക്ഷകന് ലഭിക്കുകയും ചെയ്തു. അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം എന്നീ സിനിമകളും അരവിന്ദന്റെ എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം എന്നിവയും ജോണിന്റെ അമ്മയറിയാനും എണ്‍പതുകളില്‍ മലയാള സിനിമയെ സമ്പന്നമാക്കിയ ചിത്രങ്ങളാണ്. ഇവരുടെ സൃഷ്ടികളെ പ്രേക്ഷകന് സമാന്തര സിനിമകളെന്നു പേരിട്ടാണ് വിളിച്ചിരുന്നത്. പൊതു സമൂഹത്തിനു മുന്നില്‍ സിനിമ എന്നും കച്ചവട താല്പര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു. എന്നാല്‍ അതിനു വ്യത്യസ്തമായും സിനിമയുണ്ടെന്ന് അറിയിക്കുകയായിരുന്നു അടൂരും കൂട്ടരും ചെയ്തത്. അവരെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സമൂഹവും കച്ചവടസിനിമാ പ്രേമികള്‍ക്കൊപ്പം വളര്‍ന്നു വന്നു.
കച്ചവട സിനിമകളെ ജനപ്രിയ സിനിമകളെന്നും വിളിച്ചുവന്നു. ഐ.വി.ശശി, സത്യന് അന്തിക്കാട്, സിബി മലയില്‍, പ്രിയദര്ശന്, ഫാസില്‍ തുടങ്ങിയവരായിരുന്നു അതിന്റെ വക്താക്കള്‍. എണ്‍പതിനു മുമ്പ് നടീനടന്മാരെ കേന്ദ്രീകരിച്ചായിരുന്നു സിനിമ നിലനിന്നിരുന്നത്. ജനങ്ങള്‍ അറിഞ്ഞിരുന്നതും നടീനടന്മാരെ മാത്രമായിരുന്നു. എണ്‍പതുകള്‍ മുതലാണ് അതിനും മാറ്റമുണ്ടായത്. സംവിധായകന്റെ പേരു നോക്കി സിനിമയ്ക്ക് കയറുന്ന പ്രേക്ഷകനും അക്കാലത്തു ജന്മമെടുത്തു എന്നു പറയാം. നസീറിന്റെയും മധുവിന്റെയും ഷീലയുടെയും ജയഭാരതിയുടെയും മറ്റും വലിയ തലകള്‍ പതിപ്പിച്ച പോസ്റ്ററുകളില്‍ ഐ.വി.ശശി, സത്യന് അന്തിക്കാട്, പ്രിയദര്ശന് തുടങ്ങിയവരുടെ ചിത്രങ്ങളും സ്ഥാനംപിടിച്ചു തുടങ്ങി. അക്കാലത്ത് നിരവധി പോലീസ് കഥകളും രാഷ്ട്രീയ സംഭവങ്ങളും സിനിമകളായി. രാഷ്ട്രീയ സിനിമകള്‍ അവതരിപ്പിച്ച് ജനങ്ങളുടെ കയ്യടി നേടിയതില്‍ മുന്നില്‍ നിന്നത് ഐ.വി.ശശിയായിരുന്നു.
സമാന്തര സിനിമകള്‍ക്കും കച്ചവട സിനിമകള്‍ക്കും ഒപ്പം സഞ്ചരിച്ചിരുന്നവരാണ് മധ്യവര്‍ത്തി സിനിമകളെ സ്നേഹിക്കുകയും അവയുടെ ആരാധകരാകുകയും ചെയ്തത്. അവരാഗ്രഹിക്കുന്നതെല്ലാം മധ്യവര്‍ത്തി സിനിമകളിലുണ്ടായിരുന്നു. ഭരതന്, പത്മരാജന്, കെ.ജി.ജോര്‍ജ്ജ്, മോഹന്‍ തുടങ്ങിയവരായിരുന്നു ഇത്തരം സിനിമകളുടെ അമരത്തു നിന്നവര്‍. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ഇവരുടെ ചിത്രങ്ങള്‍ അതിലുണ്ടാകുമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നതരത്തില്‍ കലാമൂല്യമുള്ളവയായിരുന്നു അതെല്ലാം.
ഭരതന്റെ ചാമരം, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,വൈശാലി എന്നിവയും പത്മരാജന്റെ ഒരിടത്തൊരു ഫയല്വാന്, കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കള്ളന് പവിത്രന്, തൂവാനത്തുമ്പികള്‍, അപരന്, മൂന്നാം പക്കം, സീസണ് എന്നീ സിനിമകളും കെ.ജി. ജോര്‍ജ്ജിന്റെ ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല് തുടങ്ങിയവയും എണ്‍പതുകളില്‍ പ്രേക്ഷകരെ ഭ്രമിപ്പിച്ച ചലച്ചിത്രങ്ങളാണ്. നല്ല ചിത്രങ്ങളുടെ പട്ടിക നിരവധിയാണെങ്കിലും കെ.ജി.ജോര്‍ജ്ജിന്റെ ‘യവനിക’ ഇതില്‍ നിന്നെല്ലാം വേറിട്ടു നില്ക്കുന്ന ചലച്ചിത്രമാണ്. ആദ്യമേ സൂചിപ്പിച്ചല്ലോ, അതുവരെയുണ്ടായിരുന്ന സിനിമാ സങ്കല്പങ്ങളെയും സിനിമയുടെ ആവിഷ്കാര ബോധത്തെയും തകിടം മറിച്ച്, പുതിയൊരു സിനിമാവബോധം പ്രേക്ഷകനിലുണ്ടാക്കാന്‍ യവനികയ്ക്കു കഴിഞ്ഞു.
കലാകാരന്റെ ദൗര്‍ബല്യങ്ങളെയും കുത്തഴിഞ്ഞ ജീവിതത്തെയുമാണ് ‘യവനിക’ ചര്‍ച്ചയ്ക്കു വയ്ക്കുന്നതെങ്കിലും മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത കുറ്റാന്വേഷണ സിനിമയായിരുന്നു ‘യവനിക’. തബലിസ്റ്റ് അയ്യപ്പന് എന്ന കഥാപാത്രത്തിന്റെ അഭിനയസാധ്യതകളാണ് ‘യവനിക’യെ ക്ലാസ്സിക്ക് സിനിമയാക്കിയത്. തബലിസ്റ്റ് അയ്യപ്പനെ ഭരത്ഗോപി എന്ന മഹാനായ നടന് അനശ്വരമാക്കുകയും ചെയ്തു. നാടക സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന അയ്യപ്പന്റെ തബലയിലെ താളമിടല്‍ ഒട്ടും മാര്‍ദ്ദവമുള്ളതായിരുന്നില്ല. വലിച്ചുകെട്ടിയ തുകലിനു പുറത്ത് പരുക്കന്‍ വിരലുകള്‍ മര്‍ദ്ദനമേല്‍പിക്കുന്നതുപോലെ തന്നെയായിരുന്നു അയ്യപ്പന്റെ ജീവിതവും. തബലയിലെ താളമായിരുന്നില്ല അയ്യപ്പന്റെ ദൗര്‍ബല്യം. തബലയേക്കാളേറെ അയ്യപ്പനെ സ്വാധീനിച്ചത് മദ്യവും പെണ്ണുമായിരുന്നു.
ഒരു നാടക സംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ‘യവനിക’യിലെ കഥ വികസിക്കുന്നത്. കൃഷ്ണപുരം തീയറ്റേഴ്സിന്റെ നാടക വണ്ടി നാടകക്കാരുമായി റോഡിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളെ അത്യുത്സവത്തില് ആറാടിച്ചിരുന്ന നാടക സംഘങ്ങളെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകള്‍ മനസ്സിലേക്കു കൊണ്ടുവരുന്നതായിരുന്നു. നാടകം തുടങ്ങുന്നതിനുള്ള മണിമുഴക്കവും അവതരണഗാനവുമെല്ലാം ആ ഓര്‍മ്മകളുടെ ആരവങ്ങള്‍ കൂട്ടുന്നതായി.
തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനത്തില്നിന്നുമാണ് യവനിക തുടങ്ങുന്നത്. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. സ്ത്രീ ദൗര്‍ബല്യമായിരുന്ന അയ്യപ്പന്റെ ജീവിതത്തിന് അവസാനമിടുന്നതും സ്ത്രീ തന്നെയാകുന്നു. ഇതിനിടയില്‍ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങള്‍ കടന്നു വരുന്നു. അയ്യപ്പന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിവൈഭവം സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരത്തിന് ആകാംക്ഷ നിറയ്ക്കുന്നതാണ്. അതു തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും. ‘യവനിക’ വെള്ളിത്തിരയിലെത്തുന്നതിനു മുമ്പ് നസീറും ജയനും മറ്റും അഭിനയിച്ച കുറേ പോലീസ് സിനിമകള്‍ പ്രേക്ഷകനു മുന്നിലെത്തിയിരുന്നു. എന്നാല്‍ അവയ്ക്കൊന്നും ജീവിതത്തോടും യാഥാര്‍ത്ഥ്യ ബോധത്തോടും ഒട്ടും സാമ്യമില്ലായിരുന്നു. യാഥാര്‍ത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകന് ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മര്‍ദ്ദം അനുഭവിച്ചത് ‘യവനിക’യിലൂടെയാണ്. പോലീസ് ഓഫീസറെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ചലച്ചിത്രമേഖലയില്‍ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസവും കരുത്തും കെ.ജി.ജോര്‍ജ്ജിന്റെ സിനിമ പകര്‍ന്നു നല്കി.
നാടകത്തിനുള്ളിലെ ജീവിതത്തിന്റെ വഴികളാണ് ‘യവനിക’ പറഞ്ഞു തന്നത്. ‘യവനിക’യെ അനുകരിക്കാന്‍ മറ്റൊരു ചിത്രത്തിനും കഴിയില്ല. ഒരു പ്രേംനസീര്‍ ചിത്രത്തോടൊപ്പമാണ് ‘യവനിക’ റിലീസ് ചെയ്തത്. നസീര്‍ അന്നു താരമായി തിളങ്ങി നില്ക്കുമ്പോള് ‘യവനിക’ വന്‍ വിജയം നേടി. നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടി. എസ്.എല്‍. പുരം സാദാനന്ദനും കെ.ജി.ജോര്‍ജ്ജും ചേര്‍ന്നാണ് ‘യവനിക’യുടെ തിരക്കഥ തയ്യാറാക്കിയത്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അതും വിവാദത്തിലായി. യവനികയുടെ തിരക്കഥ പുസ്തകരൂപത്തിലിറങ്ങിയപ്പോള്‍ കെ.ജി.ജോര്‍ജ്ജിനെതിരെ എസ്.എല്‍. പുരത്തിന്റെ മക്കള്‍ രംഗത്തു വന്നു.
1982ല്‍ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ‘യവനിക’ക്കു ലഭിച്ചിരുന്നു. നാടകകൃത്തും തിരക്കഥാകൃത്തുമായ എസ്.എല്‍.പുരം സദാനന്ദനും സംവിധായകന് കെ.ജി. ജോര്‍ജും അന്ന് പുരസ്കാരം പങ്കിടുകയാണുണ്ടായത്. എസ്. എല്‍.പുരം ഒറ്റയ്ക്ക് എഴുതിയ തിരക്കഥയില്‍ സെന്‍സറിങ്ങിനു കൊടുത്തപ്പോള്‍ തെന്റ പേര് കെ.ജി.ജോര്‍ജ് തിരുകിക്കയറ്റിയതാണെന്ന് എസ്.എല്‍. പുരത്തിെന്റ മക്കളായ ജയസൂര്യയും ജയസോമയും ആരോപിച്ചതാണ് വിവാദമായത്. എന്നാല്‍ ചിത്രത്തിെന്റ ശില്പി എന്ന നിലയില്‍ തിരക്കഥയുടെ പൂര്‍ണമായ ക്രെഡിറ്റ് തെന്റ മാത്രം പേരിലാണെന്നും അതിനാലാണ് പുസ്തകത്തില്‍ അപ്രകാരം നല്‍കിയതെന്നും കെ.ജി. ജോര്‍ജ് വ്യക്തമാക്കി.
സിനിമയെക്കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ക്ക് എക്കാലത്തും പാഠപുസ്തകമാണ് ‘യവനിക’. സിനിമയുടെ സുവര്ണ്ണകാലത്തിന് മാറ്റു കൂട്ടിയ ഈ ക്ലാസ്സിക് ചലച്ചിത്രം ഇപ്പോള്‍ കാണുമ്പോഴും പുതുമ ചോരാതെ മനസ്സിലേക്കു കയറുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രോഗത്തിന്റെ നരച്ച കിടക്കവിരിയിലേക്ക് ജീവിതം മാറ്റിവച്ച കെ.ജി.ജോര്‍ജ്ജിനെ എക്കാലവും അനശ്വരനാക്കി നിലനിര്‍ത്താന്‍ ഈ സിനിമയ്ക്കു കഴിയുമെന്ന് നിസ്സംശയം പറയാം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: