എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് ബലാല്‍സംഗത്തിനിരയായി സൗമ്യ മരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ ഇന്നലെ എറണാകുളം-കോട്ടയം ഫാസ്റ്റ് പാസഞ്ചറില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ആക്രമിച്ച് കയറിയ മധ്യവയസ്കന് യാത്രക്കാരികളായ പെണ്‍കുട്ടികളെ കയറിപ്പിടിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത് കേന്ദ്ര റെയില്‍വേ കേരളത്തിന് നല്കിയ വാഗ്ദാനം പാലിച്ചില്ല എന്നതാണ്.
കുറുപ്പന്തറയില്‍ ട്രെയിന്‍ നിര്‍ത്തിയിരിക്കുമ്പോള്‍ ആക്രമിച്ച് കയറിയ സദാനന്ദന് എന്ന മഹാരാഷ്ട്ര സ്വദേശിയാണ് ഏറ്റുമാനൂര്‍ ഐടിഐ വിദ്യാര്‍ത്ഥിനികളെ കയറിപിടിക്കുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തത്. രണ്ട് കുട്ടികള്‍ പേടിച്ച് ബോധരഹിതരായി വീണപ്പോള്‍ ബാക്കി കുട്ടികളും സ്ത്രീ യാത്രക്കാരും ചേര്‍ന്ന് ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അടുത്തുള്ള കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരാണ് ഇയാളെ പിടികൂടി സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടത്. അഞ്ച് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
കുറുപ്പന്തറയില്‍ ട്രെയിന്‍ നിര്ത്തിയിട്ടപ്പോഴോ സംഭവം നടന്ന് ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയപ്പോഴോ പരിസരത്ത് ഒരു റെയില്‍വേ പോലീസും ഉണ്ടായിരുന്നില്ല. സൗമ്യവധത്തിനുശേഷം വനിതാ കമ്പാര്‍ട്ട്മെന്റ് ട്രെയിനിന്റെ മധ്യഭാഗത്താക്കാം എന്നും സ്ത്രീകളുടെ സുരക്ഷക്ക് വനിതാ ആര്‍പിഎഫുകാരെ നിയോഗിക്കാമെന്നും മറ്റുമുള്ള റെയില്‍വേ വാഗ്ദാനം ജലരേഖയായി. പൂര്ണ്ണസാക്ഷരതയുള്ള കേരളത്തില്‍, ജോലിക്കും പഠിക്കാനും പോകുമ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ട്രെയിനില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേക്ക് എന്തുകൊണ്ട് അനാസ്ഥ? സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അരക്ഷിതത്വബോധം സ്വായത്തമാക്കിയ സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കുന്നതാണ് ഈ വിധം ഹീന ആക്രമണങ്ങള്‍. ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ക്ക് ആട്ടോമാറ്റിക് ലോക്കിംഗ് സംവിധാനം വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയില്ല. റെയില്‍വേക്ക് ഏറ്റവുമധികം വരുമാനം നല്കുന്ന കേരളത്തോടാണ് ഈ മനുഷ്യത്വരഹിതമായ അവഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: