ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു.
അണക്കെട്ടിലെ ജലനിരപ്പ് അളക്കാന്‍ തത്സമയ നിരീക്ഷണ സംവിധാനത്തിനായി കേരളം സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മന്ത്രാലയവുമായി കേരളം കരാര്‍ ഒപ്പിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും ജയലളിത അപേക്ഷിക്കുന്നു.
സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് കേരളത്തിന്റെ നീക്കമെന്നും കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും ജയ പറയുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിനോട് വേര്‍തിരിവ് കാട്ടരുത്. അണക്കെട്ട് ഇപ്പോള്‍ പരിപാലിക്കുന്നത് തമിഴ്നാട് സര്‍ക്കാരാണെന്നും തമിഴ്നാടിനോട് ആലോചിക്കാതെ കരാര്‍ ഒപ്പിട്ടത് ഫെഡറല്‍ സംവിധാനത്തിന്റെ വെല്ലുവിളിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജലനിരപ്പ് അളക്കാനുള്ള ഉപകരണം സ്ഥാപിക്കാന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പുമായി കേരളം ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ജയലളിത കത്തില്‍ പറയുന്നു. 142 അടിവരെ ജലനിരപ്പ് ഉയര്‍ത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്ന് 2006 ല്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടും അണക്കെട്ട് തകരുമെന്ന് പറഞ്ഞ് കേരളം ജനങ്ങളില്‍ ഭീതി പരത്തുകയാണെന്ന് കത്ത് കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കേരളം നടത്തുന്ന നീക്കങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജയലളിത ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: