വൈറ്റില: ബൈക്കിലെത്തിയ സംഘം വൈറ്റില ജംഗ്ഷനില്‍ വച്ച് സ്ത്രീയുടെ മാല കവര്‍ന്നു. ഇന്ന് വെളുപ്പിന് അഞ്ചുമണിയോടെ വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോവുകയായിരുന്ന വൈറ്റില മേപ്രോത്ത് സരസ്വതിയുടെ മൂന്നുപവന്റെ സ്വര്‍ണ്ണമാലയാണ് ബൈക്കിലെത്തിയവര്‍ പൊട്ടിച്ചെടുത്ത് കടന്നത്.
ഉത്സവമായതിനാല്‍ ഇന്നലെ വെളുപ്പിന് ധാരാളം പേര് ക്ഷേത്രത്തിലുണ്ടായിരുന്നു. ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ ശേഷം പതിവുപോലെ ക്ഷേത്രത്തില്‍ വെളുപ്പിന് തൊഴാനെത്തിയതായിരുന്നു സരസ്വതി. റോഡിലൂടെ നടന്ന് ക്ഷേത്രത്തില്‍ എത്താറായപ്പോള്‍ ഒരു മോട്ടോര്‍ ബൈക്ക് അടുത്തുകൊണ്ടുവന്ന് നിര്‍ത്തിയതായി കവര്‍ച്ചക്കിരയായ സ്ത്രീ പറയുന്നു. ഞൊടിയിടയില്‍ പുറകിലിരുന്നയാള്‍ മാല വലിച്ചുപൊട്ടിച്ച് വാഹനം അതിവേഗം ഓടിച്ചുപോവുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
സംഭവസമയത്ത് അല്പം അകലെമാറി പോലീസിന്റെ പട്രോള്‍ വാഹനം കിടപ്പുണ്ടായിരുന്നു.എന്നാല്‍ അവരുടെ കൂടി കണ്ണുവെട്ടിച്ചാണ് കവര്‍ച്ചാസംഘം കൃത്യം നടത്തി മിന്നല്‍ വേഗത്തില്‍ വാഹനവുമായി രക്ഷപ്പെട്ടതെന്നാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം മരട് ഗാന്ധിസ്ക്വയറിന് സമീപത്തും ബൈക്കിലെത്തിയ കവര്‍ച്ചാസംഘം ഒരു സ്ത്രീയുടെ മാലപൊട്ടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ പരാതി നല്കുവാനെത്തിയ വിധവകൂടിയായ സ്ത്രീയെ പരാതി സ്വീകരിക്കാന്‍ വൈകിപ്പിച്ച് വൈകിട്ട് വരെ സ്റ്റേഷനിലിരുത്തി ബുദ്ധിമുട്ടിച്ചതായി തൃപ്പൂണിത്തുറ പോലീസിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് എസ്ഐ നല്കുന്ന വിശദീകരണം. ബൈക്കുമായി വിലസുന്ന മാലപറിക്കല്‍ സംഘത്തെ കുടുക്കാന്‍ ഇനിയും പോലീസിനെക്കൊണ്ട് കഴിയാതിരിക്കുന്നത് വ്യാപക പരാതിക്ക് ഇടവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: