തിരുവനന്തപുരം: സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട് പുറത്തുപോയിട്ടില്ലെന്നും മുമ്പ് പ്രസിദ്ധീകരിച്ച ചില അനുബന്ധ റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ടുള്ളതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചില മാധ്യങ്ങള്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് കിട്ടിയെന്ന് പറയുന്നതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല. മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള കേന്ദ്രകമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും തെറ്റു തിരുത്തല്‍ അനുബന്ധം ആദ്യം കാണുന്ന ചിലരാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നത്. ഇത് തങ്ങളെല്ലാം മുമ്പ് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടരി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിരവധി വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ യശസിന് പോറല്‍ ഏല്‍പ്പിച്ചുവെന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നതായി കോടിയേരി സമ്മതിച്ചു. ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു. പിബിയുടെയും സിസിയുടെയും ഇടപെടലുകളെ തുടര്‍ന്ന് കൂടുതല്‍ ഐക്യത്തോട് പ്രവര്‍ത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന് പ്രയോജനകരമായി. ദേശീയ തലത്തില്‍ സിപിഎമ്മിന്റെ വളര്‍ച്ചയ്‌ക്ക് വേഗത പോര എന്ന വിമര്‍ശനമുണ്ടായി. ഇതേക്കുറിച്ച് പരിശോധിക്കണം. ട്രേഡ് യൂണിയന്‍ മേഖലയില്‍ ദേശീയ തലത്തില്‍ ട്രേഡ് യുണിയനുകളുമായി ഉണ്ടാക്കിയ ഐക്യം സ്വാഗതാര്‍ഹമാണ്. ഈ ഐക്യം കാര്‍ഷികമേഖലയിലും ഉണ്ടാക്കണം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷം മുന്‍കൈയെടുക്കണം. ആണവ കരാറിന് കൂടുതല്‍ പ്രാധാന്യം നല്‍കി പിന്തുണ പിന്‍വലിച്ചതിനെതിരെയും വിമര്‍ശനമുണ്ടായി. പിന്തുണ പിന്‍വലിച്ചത് ശരിയായ നിലപാടായിരുന്നുവെങ്കിലും വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി പ്രചരണമുണ്ടായില്ല. ദേശീയ തലത്തില്‍ സാംസ്കാരിക മേഖല ശക്തിപ്പെടുത്തുന്നതിന് വ്യക്തമായ പ്ലാന്‍ ഉണ്ടാവണം. മാധ്യമരംഗത്ത് വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുത്തന്‍ പണക്കാര്‍ പ്രാദേശിക ഭരണ സംവിധാനങ്ങളെ സ്വാധീനിക്കുന്നതും മതസംഘടനകള്‍ ഉപയോഗിക്കുന്നതും സംബന്ധിച്ച് പ്രത്യേക പഠനത്തിന് വിധേയമാക്കണം. നോക്കുകൂലി പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രദ്ധ പുലര്‍ത്തണം, അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്‍കുക, ഫെബ്രുവരി 28ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നീ രണ്ട് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചതായും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: