കിളിരൂരിലെ ശാരി എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയായി ഒടുവില്‍ കൊല്ലപ്പെട്ട, സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ സിബിഐ കോടതി അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവും പിഴയും നല്കി ശിക്ഷിച്ചിരിക്കുകയാണ്. പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ല എന്നും സിബിഐ കോടതി ജഡ്ജി ടി.എസ്.പി. മൂസത് പറഞ്ഞു. ഈ സിബിഐ കോടതി വിധി ഭാഗികമായ ആശ്വാസം മാത്രമാണ് കേരളജനതക്ക് നല്‍കുന്നത്. സ്ത്രീപീഡനങ്ങളുടെ തലസ്ഥാനമായി, പെണ്‍കുട്ടികളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ സീരിയല്‍ മോഹം മുതലെടുത്താണ് ആ കുട്ടിയുടെ ചെറിയമ്മയായ ഓമനക്കുട്ടിയും സുഹൃത്തായ ലതാനായരും ശാരിയെ പ്രലോഭിപ്പിച്ച് രാഷ്ട്രീയ ഉന്നതരടക്കം പലര്‍ക്കും കാഴ്ചവെച്ചത്. ഒടുവില്‍ ശാരി ഗര്‍ഭിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയശേഷം പെട്ടെന്ന് ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴ്പ്പെടുകയുമായിരുന്നു. ലാപ്റോസ്കോപ്പി ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് മരണകാരണം എന്ന് പറയുമ്പോഴും ശാരിയുടെ രക്തത്തില്‍ എങ്ങനെ ചെമ്പിന്റെ അംശം കലര്‍ന്നു എന്നത് ഏഴുവര്‍ഷത്തെ പോലീസ്-സിബിഐ അന്വേഷണത്തിന് ശേഷവും ദുരൂഹമായി തുടരുന്നു. ശാരിയുടെ ആരോഗ്യനില വഷളായത് ഒരു വിഐപി സന്ദര്ശിച്ചശേഷമാണെന്ന വാര്‍ത്തയുണ്ടായിരുന്നു.
വിഐപികള്‍ ശാരിയുടെ സ്ഥിരം സന്ദര്‍ശകരായപ്പോള്‍ ഈ കേസില്‍ വിഐപികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്‍തന്നെയാണ്. ഈ കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ചാണ് സിബിഐയെ രംഗത്തിറക്കിയത്. ഇപ്പോള്‍ സിബിഐ കുറ്റവാളികളായി കണ്ടെത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാരായ പ്രവീണ്‍, പ്രശാന്ത്, മനോജ് എന്നിവരെയും ഡ്രൈവറായ ബിനു എന്ന കൊച്ചുമോനെയുമാണ്. ശാരിയെ മരണത്തിലേക്ക് കൈപിടിച്ച് നടത്തിയ ലതാനായര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമുണ്ടെങ്കിലും സിബിഐക്ക് തെളിവുകള്‍ നല്കാന് കഴിഞ്ഞില്ലെന്ന വാദത്തില്‍ ലതാനായര്‍ക്ക് 10 വര്‍ഷം കഠിനതടവ് നല്‍കിയെങ്കിലും പിഴയില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. പ്രവീണ്‍, പ്രശാന്ത്, മനോജ് എന്നിവര്‍ക്ക് 35,000 രൂപ പിഴയിട്ട കോടതി ലതാനായര്‍ക്ക് വെറും 10,00 0 രൂപയാണ് പിഴയിട്ടത്. ശാരിക്കെതിരെ ഗൂഢാലോചന നടത്തി വശീകരിച്ച് “തട്ടിക്കൊണ്ടുപോയ” കൊച്ചുമോനാണ് ഏറ്റവും കഠിനശിക്ഷ. അഞ്ച് വര്‍ഷം കൂടുതല്‍ തടവും പതിനായിരം രൂപ അധികപിഴയും. ലതാനായരാണ് വശീകരിച്ച് ശാരിയെ കാഴ്ചവെച്ചതെങ്കിലും ശിക്ഷ ഏറ്റുവാങ്ങുന്നത് ഡ്രൈവറായ കൊച്ചുമോനാണ്. ശാരിയെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി വിഐപികള്‍ പീഡിപ്പിച്ചതായും എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലില്‍വച്ച് ഒരു മന്ത്രിയടക്കം രാഷ്ട്രീയ ഉന്നതര്‍ പീഡിപ്പിച്ചതായും ആരോപണമുയര്‍ന്നു.
ഈ കേസില്‍ വെറും പരല്മീനുകള് മാത്രമാണ് വലയിലായത് എന്നതുതന്നെ തെളിയിക്കുന്നത് രാഷ്ട്രീയ-സിബിഐ അവിഹിത ബന്ധമാണ്. സിബിഐക്ക് വിശ്വാസം കൈവന്നത് സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമക്ക് ശേഷമാണെന്നും സിബിഐ സംവിധാനത്തിന്റെതന്നെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്നും നിരീക്ഷണം ഉയരുന്നു. ഈ വിധി തകര്‍ത്തത് സിബിഐയുടെ വിശ്വാസ്യതകൂടിയാണ്. പോലീസും സിബിഐയും പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിന് വഴങ്ങി കേസ് ഗതിതിരിച്ച് വിടുകയും ശക്തമായ തെളിവുകള്‍ മനഃപൂര്‍വം ശേഖരിക്കാതിരിക്കുകയും ചെയ്ത കേസാണിത്.
സിബിഐ കോടതി വിധിക്ക് ആധാരമായതും മാപ്പുസാക്ഷിയായി മാറിയ ഓമനക്കുട്ടിയുടെ മൊഴി മാത്രമാണ്. വേണ്ട രീതിയിലുള്ള തെളിവുകള്‍ കിട്ടിയിരുന്നെങ്കില്‍ വിധി കഠിനവും വ്യത്യസ്തവുമാവുമായിരുന്നു. തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപാതകത്തിലേക്കെത്തിച്ചത് തെളിവുകളില്‍ പരാമര്‍ശ വിധേയംപോലുമായില്ല. വ്യഭിചാരത്തിന് ദൃക്സാക്ഷികളില്ല എന്ന വാദത്തില്‍ ശാരിയുടെ പീഡനം തള്ളിക്കളയുന്നത് പരിഹാസ്യമാണ്.
ഈ വിധി സ്ത്രീകള്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കുന്നത്? പീഡിപ്പിക്കുന്നവര്‍ പണ-രാഷ്ട്രീയ സ്വാധീനമുള്ളവരാകുമ്പോള്‍ ഏത് പെണ്‍കുട്ടിക്കാണ് ഈ നാട്ടില്‍ സുരക്ഷിതത്വ ബോധം ജനിക്കുക? ഇന്ന് കേരളത്തില്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നത് പ്രതികരണ ശേഷിയോ ആശയവിനിമയശേഷിയോ ഇല്ലാത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ശാരിയുടെ മരണമൊഴി പോലും അട്ടിമറിക്കപ്പെട്ടു എന്നാണ് ഒരാരോപണം. ഇത്രയും നാള് ചികിത്സയില്‍ കഴിഞ്ഞിട്ടും ഒരു വിഐപിയുടെ പേരും ശാരി പറഞ്ഞില്ലെന്നത് അവിശ്വസനീയം. അതുപോലെ ശാരിയുടെ നിഴലായി അനുഗമിച്ചിരുന്ന ചെറിയമ്മ ഓമനക്കുട്ടിക്ക് ശാരിയെ എവിടെ ആര് പീഡിപ്പിച്ചു എന്നറിയാമായിരുന്നിട്ടും മാപ്പുസാക്ഷി ചമഞ്ഞ് കുറ്റവിമുക്തയായത് ഉന്നതരെ സംരക്ഷിച്ചുതന്നെയാണ്. വേറെ ഒരു പെണ്‍കുട്ടിക്കും ശാരിയുടെ ദുരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഈ വിധി സഹായകരമാകും എന്ന് പ്രത്യാശിക്കുന്നവര്‍ തിരിച്ചറിയാത്തത് ഈ കേസില്‍ വിഐപികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സത്യം മൈക്കില്‍ക്കൂടി വിളിച്ചുപറഞ്ഞ് വിവാദമാക്കി പ്രതിഛായ മിനുക്കിയശേഷം അദ്ദേഹവും ഈ കേസിലെ വിഐപി സാന്നിധ്യത്തെപ്പറ്റി മൗനിയായി എന്നതാണ്. പെണ്‍കുട്ടികള്‍ കേരളത്തില്‍ സുരക്ഷിതരാകുന്നത് അവരെ പീഡിപ്പിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ ഉന്നതര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ്. ഇപ്പോള്‍ ശാരിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയാണ്. പക്ഷെ തെളിവുകള്‍ സിബിഐ നല്കിയവ മാത്രമാണെങ്കില്‍, ഇതില്‍ ഒരു പുനരന്വേഷണം ഉണ്ടായില്ലെങ്കില്‍ മറ്റൊരു കോടതിയില്‍നിന്നും മേറ്റ്ന്ത് പ്രതീക്ഷിക്കാം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: