തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് രൂക്ഷമായ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പലവട്ടം വിഎസ്സിനെ തിരുത്താനും പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിപ്പിക്കാനും ശ്രമം നടന്നെങ്കിലും അദ്ദേഹം അതിന് അനുകൂലനിലപാടല്ല സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിഎസ്സിനെ ഒരിക്കലും പാര്‍ട്ടിക്ക് തിരുത്താന്‍ കഴിയില്ലെന്നും പിണറായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റയാനായി മുന്നോട്ടുപോകാനാണ് അദ്ദേഹത്തിനു താല്‍പര്യം. പാര്‍ട്ടിയെ വ്യക്തികേന്ദ്രീകൃതമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് വിഎസ് ശ്രമിച്ചത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ രാഷ്‌ട്രീയ എതിരാളികളെ കൂട്ടുപിടിച്ചുവെന്നും പിണറായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിഎസ്സിനെതിരായുള്ള കുറ്റപത്രമായാണ് സിപിഎം സമ്മേളനത്തില്‍ പിണറായി വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഭരണത്തിന്റെ നേതൃസ്ഥാനത്ത് ഇരുന്നുകൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാണ് വിഎസ് ശ്രമിച്ചത്. പാര്‍ട്ടിക്കാരെ മോശക്കാരാക്കുന്ന ശ്രമങ്ങളില്‍ വിഎസും കൂട്ടുനിന്നു. മന്ത്രിമാരെപ്പോലും വിശ്വാസത്തിലെടുത്തില്ല. മുന്‍ മന്ത്രിയെന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറിയെയും ലോട്ടറി വിവാദത്തില്‍ തോമസ് ഐസക്കിനെയും ഒറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടവുനയം സ്വീകരിച്ച പാര്‍ട്ടിയുടെ നയങ്ങളെ തള്ളിക്കളഞ്ഞ് മനഃസാക്ഷി വോട്ട് ചെയ്യാനാണ് വിഎസ് ആഹ്വാനം നടത്തിയത്. ഇത് മനഃസാക്ഷിയുള്ള ഒരു പാര്‍ട്ടിയംഗത്തിനും ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒരുമിച്ചിരുന്ന് എടുത്തതാണ് തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി സഹകരിക്കാനുള്ള തീരുമാനം. പക്ഷെ ഇതിനെയും വിഎസ് പൊതുവേദിയില്‍ തള്ളിപ്പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍ പറഞ്ഞത് തന്നെയാണ് വിഎസ് ആവര്‍ത്തിച്ചതെന്നും പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ലാവ്ലിന്‍ കേസില്‍ പിണറായിയെ പ്രതിയാക്കാന്‍ വേണ്ടി വിഎസ് നടത്തിയ ശ്രമങ്ങളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. കേസില്‍ പ്രോസിക്യൂഷന്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ വിഷയം കൊണ്ടുവന്നത്. പാര്‍ട്ടിയും ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ വേണ്ട എന്ന പൊതു നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭയില്‍ വിഷയമെത്തിയപ്പോള്‍ പാര്‍ട്ടി വിരുദ്ധ നിലപാടാണ് മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ സ്വീകരിച്ചത്. ലാവ്ലിന്‍ കേസില്‍ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്ത് പ്രസ്താവനയിറക്കിയപ്പോള്‍ അതിനെ എതിര്‍ക്കേണ്ടതിന് പകരം വിഎസ് മൗനം പാലിച്ചു. ഇത് പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന നീക്കമായിരുന്നു.
പാര്‍ട്ടി ഭരണത്തിലിരുന്നപ്പോള്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെട്ടുവെന്ന സ്വയം വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ഏറെപ്പേര്‍ മന്ത്രിമാരായതാണ് ഇതിന് കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നില്ല. മല്‍സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞ വിഎസ് പിന്നീട് തീരുമാനം മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യം ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വിഎസ് പിന്മാറിയതാണ്. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയസാഹചര്യം മനസിലാക്കാന്‍ സിപിഐക്ക് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനതാദളും സിപിഐയും ചേര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുണ്ടാക്കിയ അടവ് നയത്തെ ദുര്‍ബലമാക്കി. സിപിഎമ്മിലെ വിഭാഗീയത മുതലെടുക്കാന്‍ സിപിഐ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: