നഴ്സുമാരുടെ സമരം വെറും ഒരു തൊഴില്പ്രശ്നത്തിനും മാനുഷിക പ്രശ്നത്തിനും ഉപരി ആരോഗ്യ-ആശുപത്രി മേഖല വ്യവസായവല്ക്കരിക്കപ്പെടുന്നതിന്റെ ബാക്കിപത്രവുംകൂടിയാണ്. ആരോഗ്യം കച്ചവടച്ചരക്കായപ്പോള് സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല യാതൊരു അടിസ്ഥാന നിലവാരവും ഇല്ലാത്ത നഴ്സിംഗ് കോളേജുകളും കൂണുപോലെ പൊട്ടിമുളച്ചു. കര്‍ണാടകയാണ് ഈ നിലവാരമില്ലാത്ത നഴ്സിംഗ് സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. രാഷ്ട്രീയ ഒത്താശയോടെ കര്‍ണാടകയില്‍ 360 നഴ്സിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ നല്കുന്ന ആതുരശുശ്രൂഷാ വിജ്ഞാനം ദയനീയമാണ്. ഈ സ്ഥാപനങ്ങളില്‍നിന്ന് വരുന്നവരാണ് ഒരു ഗാര്‍ഹിക ജോലിക്കാരിക്ക് കിട്ടുന്നതിലും തുഛമായ വേതനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കാന്‍ ഏറെയും മുന്നോട്ടുവരുന്നത്. നഴ്സിംഗ് കൗണ്‍സില്‍ കണക്കുപ്രകാരം ഇന്ത്യയില്‍ 11,28,116 രജിസ്റ്റേര്‍ഡ് നഴ്സസും 57,6810 നഴ്സിംഗ് അസിസ്റ്റന്റുകളും ഉള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.
സാന്ത്വന സൗഖ്യ ശുശ്രൂഷാ രംഗത്തെ കാവല്മാലാഖമാരായിട്ടാണ് നഴ്സുമാരെ കാണുന്നത്. പക്ഷെ ഇവരെ മാനിക്കുകയോ അര്‍ഹമായ വേതനം നല്‍കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല അവര്‍ പലവിധ പീഡനങ്ങള്‍ക്കും ഇരയായി അടിമപ്പണി ചെയ്ത് ദുര്‍വഹ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്നത് യാഥാര്ത്ഥ്യംതന്നെയാണ്. അധികവും ദരിദ്രപശ്ചാത്തലത്തില്നിന്നും വരുന്ന ഇവര്‍ ബാങ്ക് വായ്പ എടുത്തും ഉള്ളത് വിറ്റും ജോലി ലഭ്യത ഉറപ്പുള്ളതുകൊണ്ട് നഴ്സിംഗ് പഠനത്തിന് ചേരുമ്പോള്‍ അവരെ വശീകരിച്ച് നിലവാരമില്ലാത്ത കര്‍ണാടക കടലാസ് കോളേജുകളിലെത്തിക്കുന്നത് ഏജന്റുമാരാണ്. പെണ്‍കുട്ടികള്‍ നഴ്സിംഗ് തെരഞ്ഞെടുക്കുന്നത് വിവാഹ കമ്പോളസാധ്യതയും വിദേശജോലി സാധ്യതയും കണക്കിലെടുത്താണ്. അമേരിക്കന്‍ നഴ്സുമാരില്‍ ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ഏറ്റവും അധികം നഴ്സുമാരെ സപ്ലൈ ചെയ്യുന്നത് ഇന്ത്യയാണ്. കേരളം നഴ്സുമാരുടെ വിളഭൂമിയാണ്. ഇവിടെ നഴ്സുമാര്‍ കയറ്റുമതി ഉല്‍പ്പന്നമാണ്. ഗുണനിലവാരമില്ലാത്ത നഴ്സിംഗ് വിദ്യാഭ്യാസം നേടിയവര്‍ പ്രവൃത്തി പരിചയത്തിനായി തുഛ ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നപ്പോള്‍ രോഗാതുരത കൂടാനും ആശുപത്രി വ്യവസായം വളരാനും സഹായകരമായി.
പശ്ചാത്തലം ഇതാണെങ്കിലും ഇന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനുഭവിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമകള്‍ അനുഭവിച്ചതിനേക്കാള്‍ കടുത്ത ദുരിതമാണ്. എറണാകുളത്തെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ 100 പുരുഷ നഴ്സുമാരടക്കം 700 നഴ്സുമാര്‍ സമരത്തിനിറങ്ങിയത് അവരുടെ ശമ്പളം ആദ്യത്തെ വര്‍ഷം വെറും ഒബ്സര്‍വര്‍ എന്ന നിലയില്‍ ആയിരം രൂപയും രണ്ടാമത്തെ വര്‍ഷം ട്രെയിനി എന്ന നിലയില്‍ 2500 രൂപയും ആയതിനാലാണ്. ഹോസ്റ്റല്‍ സൗകര്യമോ കാന്റീന് സൗകര്യമോ ഇല്ല. ഇപ്പോള്‍ സമരം ഒന്‍പതാം ദിവസത്തേക്ക് കടന്നപ്പോള്‍ 120 നഴ്സുമാരെ റിക്രൂട്ട്ചെയ്തു എന്ന് അവകാശപ്പെടുന്ന ആശുപത്രി അധികൃതര്‍ സഹസ്ഥാപനമായ വെല്കെയറിലെയും മറ്റും സ്റ്റുഡന്റ് നഴ്സസിനെയാണ് നിയമിച്ചിരിക്കുന്നതെന്നും ഇവര്‍ക്ക് ഒരു ഇഞ്ചക്ഷന് നല്‍കാനോ ഒരു പനി പരിശോധിക്കാനോ ഉള്ള അറിവ് പോലും ഇല്ലെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍. കോലഞ്ചേരി മെഡിക്കല്‍ ആശുപത്രിയിലും നഴ്സുമാര്‍ സമരപാതയിലാണ്.
സംസ്ഥാന വനിതാ കമ്മീഷന് നഴ്സുമാരുടെ തൊഴില്‍ മേഖല പ്രശ്നങ്ങളെപ്പറ്റി നടത്തിയ പഠനത്തില്‍ പ്രധാന ശുപാര്‍ശ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്നായിരുന്നു. ബിഎഡ് നഴ്സുമാര്‍ക്ക് 10,000 രൂപയും അംഗീകൃത ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് 7000 രൂപയും മറ്റുള്ളവര്‍ക്ക് 5000 രൂപയും നല്‍കണമെന്ന ശുപാര്‍ശ ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാര്‍ ഫയലില്‍ ഉറങ്ങുകയാണ്. നഴ്സിംഗ് മേഖലയില്‍ സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം ലഭിക്കുന്നവര്‍ വെറും ആറ് ശതമാനമാണെന്നും 21 ശതമാനം പേര്‍ക്കും 1500 രൂപയില്‍ താഴെയാണ് വേതനമെന്നും കമ്മീഷന് കണ്ടെത്തിയിരുന്നു. 41 ശതമാനം പേര്‍ക്ക് 2500 രൂപയില്‍ താഴെ വേതനം. ഇങ്ങനെ കടുത്ത ചൂഷണം നിലനില്‍ക്കുന്ന മേഖലയാണ് സ്വകാര്യ ആശുപത്രി മേഖല.
ഇവര്‍ക്ക് വിശ്രമമുറി വേണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും പ്രസവാവധിയോടുകൂടിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ജോലിസമയം എട്ട് മണിക്കൂര്‍ ആയി നിശ്ചയിക്കണമെന്നും ഓവര്‍ടൈമിന് അധികശമ്പളം നല്‍കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു. സമരം ചെയ്യുന്ന ലേക്ഷോര് നഴ്സുമാരും പറയുന്നത് അവരുടെ ജോലിസമയം 10 മണിക്കൂറിലധികമാകാറുണ്ട് എന്നാണ്. മിനിമം വേതനം പോലും ലഭിക്കാതെ സമയപരിധിയില്ലാത്ത ജോലി ചെയ്യുന്നവര്‍ ജോലി ഉപേക്ഷിക്കാത്തത് അവര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് മാനേജ്മെന്റുകള്‍ തയ്യാറാകാത്തതിനാലാണ്. “തങ്ങള്‍ ജോലി ഉപേക്ഷിച്ചാല്‍ കടലാസിന്റെ വിലപോലുമില്ലാത്ത ട്രെയിനി സര്‍ട്ടിഫിക്കറ്റാണ് മാനേജ്മെന്റ് നല്‍കുന്നത്” എന്ന് സമരത്തിലിരിക്കുന്ന ഒരു നഴ്സ് പറയുകയുണ്ടായി. “ഡോക്ടര്‍മാര്‍ അഞ്ച് കൊല്ലം പഠിക്കുമ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്നു. ഞങ്ങള്‍ നാല് കൊല്ലം പഠിക്കുന്ന മൂന്ന് മണിക്കൂര്‍ തിയറിയും നാല് മണിക്കൂര്‍ പ്രാക്ടിക്കലും ചെയ്ത് ഡിഗ്രി എടുത്ത് വരുമ്പോള്‍ കിട്ടുന്നത് തുഛമായ ശമ്പളമാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനമായ 8300 രൂപ പോലും നല്കാന് സ്വകാര്യ ആശുപത്രികള്‍ തയ്യാറാകുന്നില്ല.”
രോഗി-നഴ്സ് അനുപാതവും സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ല. ഒരു സ്റ്റാഫ് നഴ്സിന് നാല് രോഗികള്‍, ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നഴ്സ് മുതലായ സര്‍ക്കാര്‍ നിശ്ചയിച്ച അനുപാതം നിലനില്‍ക്കെ സ്വകാര്യ ആശുപത്രികളില്‍ ഒരു നഴ്സിന് 10 രോഗികളെവരെ ശ്രദ്ധിക്കേണ്ടിവരുന്നു. ഔട്ട്പേഷ്യന്റ് സ്റ്റാറ്റസ് നോക്കാതെ ഇന്‍പേഷ്യന്റ് സ്റ്റാറ്റസ് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. രോഗികളുടെ കണക്കനുസരിച്ചും സ്പെഷ്യാലിറ്റികളുടെ കണക്കനുസരിച്ചും ആശുപത്രികളെ ഗ്രേഡ് ചെയ്ത് യോഗ്യതയുള്ള നഴ്സുമാരെ നിശ്ചിത വേതനത്തിന് നിയമിക്കേണ്ടതാണ്. ഗര്‍ഭിണികളും കുട്ടികള്‍ ഉള്ളവരും ആയ നഴ്സുമാര്‍ക്ക് കാഷ്വല്‍ ലീവ് പോലും നല്കപ്പെടുന്നില്ല. അനുവാദമില്ലാതെ അവധിയെടുത്താല്‍ ശമ്പളം വെട്ടിക്കുറക്കുന്നു. മറ്റൊരു ആരോപണം ഇവര്‍ക്ക് ഇന്‍ക്രിമെന്റ് നല്കിയാല് അതിനനുസരിച്ച് കാന്റീനിലെ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കുന്നു എന്നതാണ്.
നഴ്സുമാര്‍ സമരത്തിലായാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുന്നതിനാല്‍ ഇവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഒരു ഡയാലിസിസിന് വിധേയനായ രോഗി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് തള്ളിയെങ്കിലും രോഗികള്‍ അവഗണിക്കപ്പെടരുത് എന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഇന്ന് ചികിത്സ ഒരു വ്യവസായമാണ്. മരുന്നുകളുടെ പേരില്‍ നടക്കുന്ന ചൂഷണം തുടര്‍ക്കഥയായി മാധ്യമങ്ങളില്‍ നിറഞ്ഞതാണ്. എംആര്‍പി എന്ന പേരിലും മറ്റും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് പോലും അമിതവില ഈടാക്കുന്നതും ഒരേ മരുന്ന് പല പേരുകളിലിറക്കി ഡോക്ടര്‍മാരെ സ്വാധീനിച്ച് പ്രിസ്ക്രൈബ് ചെയ്യിക്കുന്ന പ്രബലമായ ഒരു മരുന്ന് മാഫിയയുള്ള സംസ്ഥാനം കൂടിയാണ് കേരളം.
നഴ്സുമാരുടെ സമരം ദല്‍ഹിയില്‍ തുടങ്ങിയത് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവെച്ച് ബോണ്ട് വ്യവസ്ഥയില്‍ തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യിച്ചതിനാലാണ്. മുംബൈയില്‍ ഒരു നഴ്സ് ബോണ്ട് പണം നല്കാനില്ലാതെ ആത്മഹത്യവരെ ചെയ്തു. നഴ്സുമാര്‍ക്ക് രോഗികളില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നും ലൈംഗിക-ശാരീരിക പീഡനം ഏല്‍ക്കേണ്ടിവരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുംബൈയിലെ ഒരു ആശുപത്രിയില്‍ ഇങ്ങനെ ലൈംഗികപീഡനത്തിനിരയായി ചലന-സംസാര ശേഷി നഷ്ടപ്പെട്ട ഒരു നഴ്സ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്നത് നഴ്സുമാര്‍ അനുഭവിക്കേണ്ടിവരുന്ന യാതനയുടെ പ്രതീകമാണല്ലോ.
നഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നത് സംബന്ധിച്ച് ധാരണയായെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറയുമ്പോഴും ചില സാങ്കേതിക പ്രശ്നങ്ങള്‍ തടസമായി നില്‍ക്കുന്നുവെന്നും സര്‍ക്കാരിന് മധ്യസ്ഥന്റെ റോള്‍ മാത്രമേ ഉള്ളൂവെന്ന നിലപാട് സ്വീകരിക്കുന്നത് പരിഹാസ്യമാണ്. ജീവന്മരണ പോരാട്ടങ്ങളില്‍ സേവനത്തിന്റെ അടയാളമായ, ആതുരശുശ്രൂഷയിലും ആരോഗ്യ സംരക്ഷണത്തിലും നിര്‍ണായകമായ പങ്ക് വഹിക്കുന്ന നഴ്സുമാര്‍ അത് ഒരു തൊഴിലിനപ്പുറം ശുശ്രൂഷയോ സേവനമോ ആയി കാണണമെങ്കില്‍ അവര്‍ക്കും മാനസിക-ഭൗതിക ചുറ്റുപാടുകള്‍ ലഭ്യമായിരിക്കണം. മാരകരോഗങ്ങള്‍ ബാധിച്ചവരെയും പകര്‍ച്ചവ്യാധി ബാധിതരെയും ശുശ്രൂഷിക്കുന്ന നഴ്സുമാരോടുള്ള ഈ അവഗണന നീചവും മനുഷ്യത്വരഹിതവുമാണ്. വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമാകുമ്പോള്‍ വിദ്യാഭ്യാസവായ്പ 2011 മാര്‍ച്ചിലെ കണക്കില്‍ 5531 കോടി രൂപയാണ്. ഇതില്‍ നല്ലൊരു ശതമാനം നഴ്സിംഗ് മേഖലയില്‍നിന്നാണ്. ഇതിന്റെ തിരിച്ചടവ് 10,000 കോടിയിലധികമാണ്. നഴ്സുമാരെ തുഛശമ്പളം നല്കി പീഡിപ്പിച്ച് കേരളത്തിന്റെ ആത്മഹത്യാ നിരക്ക് വര്‍ധിപ്പിക്കാതിരിക്കാന്‍ ഈ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും സര്‍ക്കാരും ശ്രദ്ധിക്കേണ്ടതാണ്. ഈ പീഡനം അതിജീവിച്ച് നഴ്സുമാര്‍ സേവനരംഗത്ത് തുടരുന്നത് നിരാശ്രയംകൊണ്ട് മാത്രമല്ല അര്‍പ്പണ മനോഭാവംകൊണ്ടുകൂടിയാണ്.
ഒരു നഴ്സിന്റെ സാന്നിധ്യവും സമീപനവും പരിചരണവും ഒരു രോഗിയെ സുഖപ്പെടുത്തുമെങ്കില്‍ അത് നല്‍കാനുള്ള മനസ്സിനുടമകളാവാനുള്ള ഭൗതിക സാഹചര്യം അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. ബോധമില്ലാത്തവന്റെ ബോധമായി, കണ്ണില്ലാത്തവന് കണ്ണായി ആത്മവിശ്വാസം നഷ്ടപ്പെട്ടവന്റെ ധൈര്യമായി ചലനമറ്റവന്റെ ചലനമായി മാറാന്‍ നഴ്സിന് സാധിക്കണമെങ്കില്‍ അതിനുള്ള മാനസിക-ഭൗതിക സാഹചര്യങ്ങള്‍ ഉറപ്പവരുത്തണം. ഇതിന് സര്‍ക്കാര്‍ കണ്ണുതുറക്കണം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: