കിളിരൂര്‍ സ്വദേശിനിയായ ശാരി എസ്. നായരുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ സഹായിച്ച കിളിരൂര്‍ കേസില്‍ എട്ടുവര്‍ഷത്തിനുശേഷം അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തി. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഏഴ് പേരുണ്ടായിരുന്ന പ്രതിപട്ടികയില്‍ ഒന്നാം പ്രതി ഓമനക്കുട്ടി മാപ്പുസാക്ഷിയാകുകയും കുമിളിയില്‍ മുറി എടുത്തുകൊടുത്തു എന്ന കുറ്റം മാത്രം ചുമത്തിയിരുന്ന സോമനെ വെറുതെ വിടുകയും ചെയ്തു. ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്, മനോജ്, പ്രശാന്ത് എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയവര്‍. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി 2003 ആഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ ശാരിയെ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും പ്രസവശേഷം ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. തികച്ചും ആരോഗ്യവതിയായ മകളെ പ്രസവിച്ച ശേഷം ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കലര്‍ന്ന് മരണത്തിനിടയാക്കിയത് സംശയം ജനിപ്പിച്ചിരുന്നു. ശാരിയെ പീഡിപ്പിച്ചവരില്‍ വിഐപികളുണ്ടെന്നും സ്ത്രീ പീഡകരെ കയ്യാമം വെച്ച് റോഡില്‍ക്കൂടി നടത്തിക്കും എന്നും പ്രചാരണം നടത്തിയാണ് സ്ത്രീകളുടെ വോട്ടുകള്‍ നേടി അച്യുതാനന്ദന് അധികാരത്തിലെത്തിയത്.
അധികാരത്തിലെത്തിയശേഷം അച്യുതാനന്ദന് കിളിരൂര്‍ കേസിലെ വിഐപികള്‍ ആരാണെന്ന കാര്യത്തില്‍ തികഞ്ഞ നിശ്ശബ്ദത പാലിച്ചത് തന്നെ വിഐപികളുടെ സ്വാധീനശക്തിക്ക് അടിവരയിടുന്നു. മുഖ്യമന്ത്രിയുടെ വായടപ്പിക്കാന്‍പോലും പോന്ന ഈ വിഐപികള്‍ എട്ടുവര്‍ഷത്തെ പോലീസ്-സിബിഐ അന്വേഷണത്തിനുശേഷവും ഇരുള് മറയ്ക്കകത്താണ്. സിബിഐ സര്‍ക്കാരിന് വിധേയമാണെന്ന് 2 ജി സ്പെക്ട്രം കേസിലും ഒടുവില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കുറ്റവിമുക്തനാക്കുന്നതിലും തെളിഞ്ഞതാണ്. അണ്ണാ ഹസാരെയുടെ ലോക്പാല്‍ ബില്‍ സിബിഐയെയും ലോക്പാലിന് കീഴില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടതും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിനാലാണ്. കിളിരൂര്‍ കേസില്‍ സിബിഐ കോടതി അഞ്ചുപേരെ കുറ്റക്കാരായി കണ്ടെത്തി എന്നത് അല്‍പ്പം ആശ്വാസകരമാണെങ്കിലും മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന് പറഞ്ഞ വിഐപികള്‍ ആരെന്ന് പോലീസോ സിബിഐയോ കണ്ടെത്തിയിട്ടില്ല എന്നത് പ്രസ്താവ്യമാണ്. ശാരിയുടെ ചികിത്സയില്‍ ഗൂഢാലോചനകള്‍ നടന്നതും രക്തത്തില്‍ ചെമ്പിന്റെ അംശം കലര്‍ന്നതായി കണ്ടതും അന്വേഷിക്കണമെന്നും ശാരിയുടെ മാതാപിതാക്കള്‍ കോടതിയോഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ ചികിത്സാ പിഴവിനെക്കുറിച്ചോ വിഐപി ബന്ധത്തെക്കുറിച്ചോ യാതൊരു പരാമര്‍ശവും സിബിഐ നടത്തിയില്ല എന്നത് നിരാശാജനകം തന്നെയാണ്. ശാരിയുടെ മരണമൊഴിയിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
സിബിഐയുടെ കണ്ടെത്തല്‍ വിഐപി ബന്ധത്തിനോ ഗൂഢാലോചനക്കോ യാതൊരു തെളിവും കുറ്റപത്രത്തിലില്ല എന്നായിരുന്നു. വിഐപികള്‍ ശാരിയെ സന്ദര്‍ശിച്ചിരുന്നതായും അതില്‍ ഒരു വിഐപിയുടെ സന്ദര്‍ശനത്തിനുശേഷം ശാരിയുടെ ആരോഗ്യനില വഷളായതായും അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴയില്‍ സംസ്ഥാനത്തെ ഒരു എംഎല്‍എയായ വിഐപിയുടെ ഹൗസ് ബോട്ടില്‍ വച്ചും ശാരി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കിളിരൂര്‍ കേസിലെ വിഐപികളെ കയ്യാമം വെച്ച് റോഡില്‍ക്കൂടി നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന് ഒടുവില്‍ ശാരിയുടെ മാതാപിതാക്കളെ കാണാന്‍ പോലും തയ്യാറായിരുന്നില്ല. അഞ്ച് കൊല്ലത്തെ ഭരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണ വിധേയമെന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെടുന്ന സിബിഐയെ ഉപയോഗിച്ചും ആ വിഐപികളെ പുറത്തുകൊണ്ടുവരാന്‍ എന്തുകൊണ്ട് വിഎസ് ധൈര്യം കാണിച്ചില്ല എന്ന ചോദ്യം അവശേഷിപ്പിച്ച അച്യുതാനന്ദന് സായുജ്യമടഞ്ഞത് പ്രതിഛായ മിനുക്കാന്‍ പ്രയോഗിച്ച തന്ത്രവും മാറാല പിടിച്ച ഐസ്ക്രീം കേസ് പുനര്‍ജനിപ്പിച്ചാണ്. കിളിരൂര്‍ കേസില്‍ അഞ്ചുപേര്‍ കുറ്റാരോപിതരായി എന്നത് കിളിരൂര്‍ ശാരിയുടെ പിതാവ് സുരേന്ദ്രന് പറഞ്ഞ പോലെ ആശ്വാസമേകുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെപ്പോലും നിശ്ശബ്ദനാക്കാന്‍ ശക്തിയുള്ള ആ വിഐപികള്‍ ആര് എന്നതും ശാരി യഥാര്‍ത്ഥത്തില്‍ എങ്ങിനെയാണ് മരിച്ചത് എന്നും അറിയാനുള്ള വാഞ്ഛ മലയാളിയുടെ മനസ്സില്‍ നിലനില്ക്കും. ഇപ്പോള്‍ ശാരിയുടെ മാതാപിതാക്കള്‍ നീതിയ്ക്ക് വേണ്ടി ഹൈക്കോടതിയെ സമീപിക്കുകയാണ്.
മൂലമ്പിള്ളിയിലെ സര്‍ക്കാര്‍ വഞ്ചന
വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ 300 കുടുംബങ്ങള്‍ ഇന്നും താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്നു എന്ന യാഥാര്‍ത്ഥ്യം അടിവരയിടുന്നത് സര്‍ക്കാരുകളുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളാണ്. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിനായി ഏഴ് വില്ലേജുകളില്‍ നിന്നും 316 കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. നോക്കുകൂലി നിരോധിച്ച ജില്ലയില്‍ നോക്കുകൂലി ഇപ്പോഴും പ്രബലമായിരിക്കുന്ന പോലെ മൂലമ്പിള്ളിക്കാരും പെരുവഴിയില്‍ തന്നെ ഇപ്പോഴും തുടരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയശേഷം പ്രഖ്യാപിച്ച നൂറുദിന പരിപാടിയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കയ്യടി നേടിയത് കുടിയൊഴിപ്പിക്കട്ടെ കുടുംബങ്ങള്‍ക്ക് സമയബന്ധിതമായി പുനരധിവാസ പാക്കേജ് നടപ്പാക്കും എന്ന് പ്രഖ്യാപിച്ചപ്പോഴാണ്. പക്ഷെ മാസം എട്ടുകഴിഞ്ഞിട്ടും മൂലമ്പിള്ളിക്കാര്‍ ഇന്നും താല്‍ക്കാലിക ഷെഡ്ഡിലാണ് താമസം. പുനരധിവാസത്തിന് സര്‍ക്കാര്‍ നല്‍കിയത് ചതുപ്പ് നിലങ്ങളാണ്. ഇരുനില കെട്ടിടം നിര്‍മ്മിക്കാന്‍ സൗകര്യമുള്ള ഭൂമി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന കോടതി വിധി തിരസ്ക്കരിച്ചാണ് വൈദ്യുതിയോ ഗതാഗത സൗകര്യമോ ശുദ്ധജലമോ ലഭ്യമല്ലാത്ത ഭൂമി നല്‍കിയത്. ഇതിന് വീഴ്ചവരുത്തിയാല്‍ താമസിക്കുന്ന വീടിനും വാടക നല്‍കണമെന്ന വിധിയും തള്ളപ്പെട്ടു.
വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ 5000 രൂപ വാടകയിനത്തില്‍ നല്‍കാമെന്ന കരാറും പാലിക്കപ്പെട്ടില്ല. വീട് നിര്‍മ്മിക്കാനുള്ള പെയിലിംഗിനായി തരാമെന്ന് വാഗ്ദാനം ചെയ്ത 75,000 രൂപയോ, പുനരധിവാസ ഭൂമിയുടെ പട്ടയം ഇതിനായി സ്വീകരിച്ച് സൗജന്യ നിരക്കില്‍ വായ്പ അനുവദിക്കണമെന്ന ആവശ്യമോ അംഗീകരിക്കപ്പെട്ടില്ല എന്നുമാത്രമല്ല നഷ്ടപരിഹാരത്തുകയില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ച 12 ശതമാനം തുക തിരിച്ചുനല്‍കണമെന്ന ആവശ്യംപോലും പരിഗണിക്കപ്പെട്ടില്ല. വികസനത്തിനായി കുടിഒഴിപ്പിക്കുന്നവര്‍ക്കും വികസന സ്ഥാപനത്തില്‍ ജോലി നല്‍കും എന്ന അടിസ്ഥാനതത്വം പോലും ഇവിടെ നടപ്പാക്കിയില്ല. ഇതിനെതിരെ ഡിപി വേള്‍ഡ് എന്ന വിദേശ പങ്കാളി രംഗത്തുവന്നപ്പോള്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ കാണുന്ന സ്ഥിരം സംവിധാനമായ പ്രശ്നപഠന സമിതി ഒരിക്കല്‍ പോലും കൂടി ഈ വിഷയം ചര്‍ച്ച ചെയ്തില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ സുലഭമായിരിക്കെ മൂലമ്പിള്ളിക്കാര്‍ക്ക് ഇവിടെ തൊട്ടുകൂടായ്മ നിലനില്ക്കുന്നു. മൂലമ്പിള്ളി പ്രശ്നം എന്നും സമരമെന്നും പ്രതിഷേധം എന്നും മറ്റുമുള്ള പതിവ് ശൈലികള്‍ പോലും മൂലമ്പിള്ളിക്കാരുടെ സഹായത്തിനെത്തുന്നില്ല എന്നതാണ് ഇവരുടെ ദുര്‍വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: