കൊച്ചി: നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങുന്നു. നിര്‍മാണം നടന്ന് കൊണ്ടിരിക്കേ റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തുള്ള പാലത്തിനു സമീപമായിട്ടാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ കേബിളുകള്‍ കണ്ടെത്തിയത്. ഇതോടെ മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി പുതുക്കി പണിയുന്ന നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലായി. ഈ ഭാഗത്തു കൂടി കേബിള്‍ കടന്നു പോകുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് കൊച്ചി കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (ഡിഎംആര്‍സി) പാലം പുതുക്കി പണിയുന്നതിനുള്ള ചുമതല. ആര്‍ബിഐയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ കേബിളുകള്‍ മാറ്റി സ്ഥാപിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ഡിഎംആര്‍സിക്കുള്ളത്.
പാലത്തിന്റെ നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് ഡിഎംആര്‍സി പറഞ്ഞിരുന്നത്. പാലം പുതുക്കിപ്പണിയല്‍ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യവികസനത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇതിനു വേണ്ടി പ്രധാനപാലത്തിന്റെ ഇരുവശത്തുമുള്ള രണ്ട് ചെറിയ പാലങ്ങള്‍ പൊളിച്ചു മാറ്റിക്കഴിഞ്ഞു. നഗരത്തിലെ ഗതാഗത സംവിധാനം പുനഃക്രമീകരിക്കുകയും ചെയ്തു. ചെറിയ വഴികളിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചു വിടുന്നത്. ഇരുചക്രവാഹനങ്ങളേയും ഓട്ടോറിക്ഷകളേയും ജില്ലയ്ക്കു പുറത്തു നിന്നുള്ള ദീര്‍ഘദൂര ബസുകളേയും പാലത്തിലൂടെ കടത്തി വിടുന്നുമില്ല.
ടൗണ്‍ഹാളിനു സമീപത്ത് പുനര്‍നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇവിടെ രണ്ടു പില്ലറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സമീപത്തെ സ്ഥലങ്ങള്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ ഭാഗത്തെ പ്രവര്‍ത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. മേല്‍പ്പാലത്തിനു സമീപത്തുള്ള ഉടുപ്പി ഹോട്ടല്‍സും കിണറ്റിങ്കല്‍ സമൂഹമഠവും സ്ഥലം വിട്ടുതരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടൗണ്‍ഹാളിനു മുന്‍വശത്തു കൂടിയാണ് മേല്‍പ്പാലം കടന്നു പോകുന്നത്. ടൗണ്‍ഹാളിന്റെ ഇപ്പോഴത്തെ പ്രധാന കവാടം ഇതോടെ അടയ്ക്കപ്പെടും. കലാഭവന്‍ റോഡില്‍ നിന്നായിരിക്കും ഇനി പ്രധാന കവാടമുണ്ടാകുക.
അതേസമയം മെട്രോ റെയിലിന് മുന്നോടിയായി നടപ്പാക്കുന്ന റോഡ് വീതി കൂട്ടലിനായി ബാനര്‍ജി റോഡിലും ജോസ് ജംഗ്ഷന് – സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡിലും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില എന്നു ലഭിക്കുമെന്ന് വ്യക്തമല്ലെന്ന് കൊച്ചി ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്മാന് കെ.എന്‍. മര്‍സൂക്ക് പറഞ്ഞു. കോടിക്കണക്കിന് രൂപ സ്ഥലം ഏറ്റെടുക്കലിനും പുനരധിവാസത്തിനും വേണ്ടി വരും. ഇത് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബാനര്‍ജി റോഡിലും ജോസ് ജംഗ്ഷന് – സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡിലും സെന്റിന് 31.35 ലക്ഷം രൂപ നല്‍കാമെന്നാണ് ജില്ലാതല പര്‍ച്ചേസ് കമ്മറ്റി സ്ഥലമുടമകളെ അറിയിച്ചിട്ടുള്ളത്. പര്‍ച്ചേസ് കമ്മറ്റി വാഗ്ദാനം ചെയ്ത സ്ഥലവില സംബന്ധിച്ച് മറുപടി നല്‍കുന്നതിന് സ്ഥലമുടമകള്‍ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഫാസ്റ്റ് ട്രാക്കില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധരാകുന്ന ഉടമകള്‍ക്ക് ഉടനെ പണം നല്‍കുമെന്നും ക്യാമ്പ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കളക്ടര്‍ പി.ഐ. ഷെക്ക് പരീത് അറിയിച്ചിരുന്നു. ബാനര്‍ജി റോഡ് 22 മീറ്റര്‍ വീതിയിലും ജോസ് ജംഗ്ഷന് – സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡ് 18 മീറ്റര്‍ വീതിയിലും വികസിപ്പിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കുന്നത്.
ബാനര്‍ജി റോഡില്‍ 56.25 സെന്റ് സ്ഥലവും സൗത്തില്‍ 37.5 സെന്റ് സ്ഥലവുമാണ് റോഡ് വീതി കൂട്ടുന്നതിനായി ഏറ്റെടുക്കുന്നത്. ഈ ഭാഗങ്ങളില്‍ പൊളിച്ചു നീക്കേണ്ട കെട്ടിടഭാഗങ്ങളുടെ വില നിര്‍ണയം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചിരുന്നു. 10,000 രൂപ മുതല്‍ 2.89 കോടി രൂപ വരെയാണ് കെട്ടിടങ്ങള്‍ക്ക് വില നിര്‍ണയം നടത്തിയിരിക്കുന്നത്. ചതുരശ്ര അടിക്ക് ശരാശരി ആയിരം രൂപ വരെ ലഭിക്കുന്നതാണ് ഈ വില നിര്‍ണയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: