കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയിലെ 10 കുടുംബങ്ങളെ യാതൊരു പുനരധിവാസവും ഉറപ്പാക്കാതെ കുടിയിറക്കിയതിന്റെ 4-ാം വാര്‍ഷികദിനമായ ഇന്ന് ജാഗ്രതാ റാലി സംഘടിപ്പിക്കുവാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും സമരസഹായസമിതിയുടേയും സംയുക്തയോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി പദ്ധതി കമ്മീഷന് ചെയ്തിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലും പദ്ധതിക്കുവേണ്ടി ബലിയാടാക്കപ്പെട്ട 316 കുടുംബങ്ങളില്‍ 300 കുടുംബങ്ങളും താല്‍ക്കാലിക ഷെഡുകളിലും, വാടകവീടുകളിലും നരകിക്കുകയാണെന്ന യാഥാര്‍ത്ഥ്യം, പുനരധിവാസം ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നുള്ളതിനു തെളിവാണെന്നു യോഗം അഭിപ്രായപ്പെട്ടു. മൂലമ്പിള്ളി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ട് ഇന്ന് 8 മാസം തികയുന്ന സാഹചര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
പുനരധിവാസത്തിനായി മൂലമ്പിള്ളി, കോതാട്, മുളവുകാട്, വടുതല, ചേരാനെല്ലൂര്‍, തുതിയൂര്‍, വാഴക്കാല എന്നീ പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുള്ള നികത്തുഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, റോഡ്, ഡ്രെയിനേജ് എന്നിവ ഇതുവരെ ഒരുക്കിയിട്ടില്ല. നോര്‍ത്ത് മേല്‍പ്പാലം പൊളിച്ച കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ തുതിയൂരിലെ പുനരധിവാസ ഭൂമിയില്‍ നിക്ഷേപിച്ചിട്ടുള്ളത് നീക്കം ചെയ്തിട്ടില്ല.
കരാര്‍പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ കുടുംബങ്ങള്‍ക്കു നല്‍കേണ്ട 8 മാസത്തെ വാടക ഇനിയും തന്നിട്ടില്ല. വീടു വയ്ക്കുന്നതിനു മുന്നോടിയായി നടത്തേണ്ട പെയിലിങ്ങിന് വേണ്ടി ഓരോ കുടുംബത്തിനും നല്‍കേണ്ട 75,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല.
ഏറ്റെടുത്ത ഭൂമിക്കു പ്രതിഫലമായി നല്കിയ നാമമാത്രമായ നഷ്ടപരിഹാരത്തുകയില്‍ നിന്ന്, മൂലമ്പിള്ളി പാക്കേജിനു വിരുദ്ധമായി ഈടാക്കിയ 12% കേന്ദ്രവരുമാന നികുതി തിരിച്ചു നല്‍കിയിട്ടില്ല. കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്കുമെന്നുള്ള ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം നികുതിയുടെയും തൊഴിലിന്റെയും കാര്യത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിനേയും, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
ഇന്ന് വൈകിട്ട് 4.30ന് മേനകയില്‍ നിന്നു ആരംഭിക്കുന്ന ജാഗ്രതാറാലി ഹൈക്കോടതി കവലയില്‍ എത്തിയതിനുശേഷം ആരംഭിക്കുന്ന സമ്മേളനം ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എസ്. ശര്‍മ, ഡൊമിനിക് പ്രസന്റേഷന്, ഹൈബി ഈഡന്, വി.എം. സുധീരന്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ ഡോ. അലക്സ് വടക്കുംതല, ഫാ. പ്രശാന്ത് പാലക്കാപ്പിള്ളി, സി.ആര്. നീലകണ്ഠന്, പ്രൊഫ. കെ. അരവിന്ദാക്ഷന്, ഡോ. വേണുഗോപാല്‍, കെ.റെജികുമാര്‍, അഡ്വ. പി.ജെ. തോമസ്, കുരുവിള മാത്യൂസ്, ഷക്കീല്‍ അഹമ്മദ്, പി.മുജീബ് റഹ്മാന്, മുഹമ്മദ് ഷിയാസ്, ഏലൂര്‍ ഗോപിനാഥ്, ഫാ. ആന്റണ്‍ ഓളിപ്പറമ്പില്‍, ഹാഷിം ചേണ്ടമ്പിള്ളി, വി.കെ. അബ്ദുള്‍ ഖാദര്‍, ഫാ. ജോളി തപ്പലോടത്ത്, ഫാ. റൊമാന്‍സ് ആന്റണി, അഡ്വ. ജോസ് വിതയത്തില്‍, ഷൈന്‍ ആന്റണി, ടി.എ. ഡെല്ഫിന്, ഫാ. അഗസ്റ്റിന് വട്ടോളി, ഫാ. ദേവസി ചിറക്കല്‍, ടി.കെ. സുധീര്‍ കുമാര്‍, ബാബു പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും.
പുനരധിവാസം അനിശ്ചിതമായി നീളുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ജാഗ്രതാ റാലി സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചത്. യോഗത്തില്‍ ജന. കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: