തതണ്ണീര്ത്തടങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സംഘടന ആഹ്വാനമനുസരിച്ച് ഫെബ്രുവരി രണ്ടിന് എല്ലാവര്‍ഷവും 1971 ലെ റാം സാര്‍ കരാര്‍ അനുസരിച്ച് ലോകമെങ്ങും ലോകതണ്ണീര്‍ത്തട ദിനമായി ആചരിച്ചുവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇത് വെറും ഒരു ആചരണം മാത്രമായി കണക്കാക്കുന്നു എന്നതിന് തെളിവാണ് ഈ വര്‍ഷത്തെ തണ്ണീര്‍ത്തട ദിനാചരണം. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിച്ച തണ്ണീര്‍ത്തട ദിനാചരണ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി സ്റ്റേറ്റ് വെറ്റ് ലാന്റ് അതോറിറ്റി രൂപീകരിക്കുമെന്നാണ്. കോട്ടയം ആസ്ഥാനമായി വേമ്പനാട്ട് കായലിന്റെ സംരക്ഷണത്തിനായി ഒരു വെറ്റ്ലാന്റ്, ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിക്കുവാന്‍ സര്‍ക്കാരിന് പ്ലാനുണ്ടെന്നും വെളിപ്പെടുത്തി. അതേദിവസം തന്നെ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍, വേമ്പനാട് കായല്‍ നശിപ്പിച്ച് അതിന്റെ ആകാശം ഒരു സ്വകാര്യ ഏജന്‍സിയ്ക്ക് ആകാശനഗരം പണിയുവാന്‍ വിട്ടുകൊടുക്കുവാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട് എന്നും വ്യക്തമാക്കി.
പദ്ധതി 4 കി.മീ. നീളവും ശരാശരി 3 കി.മീ. വീതിയുമുള്ള വേമ്പനാട്ട് കായലിന്റെ ഭാഗമായ ചിലവന്നൂര്‍ കായലില്‍ ആയിരത്തോളം തൂണുകളില്‍ റോഡും കെട്ടിട സമുച്ചയവും തീര്‍ക്കുന്ന ഒന്നാണ്. കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ എന്ന വ്യാജേന വേമ്പനാട് കായലിന്റെ ആകാശം തീറെഴുതി ലഭിക്കാവുന്ന സ്വകാര്യ പദ്ധതിയാണ് ആകാശ നഗരം പദ്ധതി. ഈ പദ്ധതി വേമ്പനാട് കായലിന് ഭീഷണിയാണെന്നും ഒട്ടേറെ നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിക്കേണ്ടിവരുമെന്നും പദ്ധതിയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചിട്ടുണ്ടെന്നും അറിയാവുന്ന മുഖ്യമന്ത്രി അന്നുതന്നെ വേമ്പനാട് കായല്‍ സംരക്ഷണത്തിന് വെറ്റ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടും സ്റ്റേറ്റ് വെറ്റ്ലാന്റ് അതോറിറ്റിയും രൂപീകരിക്കുമെന്നും പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണ്. സംസ്ഥാന സര്‍ക്കാര്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് അനുകൂലമാണെന്നും സ്വകാര്യ ഏജന്‍സി പദ്ധതിയ്ക്ക് വേണ്ട ക്ലിയറന്‍സ് സംഘടിപ്പിച്ചാല്‍ പദ്ധതി അനുവദിക്കാമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും കൂട്ടിവായിച്ചാല്‍ ഇത് തനി രാഷ്ട്രീയ അടവുനയമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കും മനസ്സിലാകും. ചട്ടങ്ങളും നിയമങ്ങളും ലംഘിക്കേണ്ട പദ്ധതിയാണ് ആകാശനഗരം പദ്ധതിയെന്ന് അറിയാവുന്ന മുഖ്യമന്ത്രിയ്ക്കും ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിമാര്‍ക്കും പ്രകൃതിവിഭങ്ങളായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാന്‍ കടമയുള്ള ഒരു സര്‍ക്കാരിനും തണ്ണീര്‍ത്തടത്തിന്റെ നാശം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പദ്ധതിയ്ക്കായി എങ്ങനെ പ്രാഥമിക അനുമതി നല്‍കാനാകും?
കായലും കടലും നദികളും കാടും തീരപ്രദേശങ്ങളും സര്‍ക്കാര്‍ ഭൂമിയും ആകാശവും അന്യാധീനപ്പെടുത്താതെ തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ ഒരു സ്വകാര്യ ഏജന്‍സിയ്ക്ക് വേണ്ടി നിരുത്തരവാദപരമായി തീരുമാനങ്ങളെടുക്കുന്നത് ജനദ്രോഹപരവും വഞ്ചനാപരവുമാണ്. ഒരുവശത്ത് തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും മറുവശത്ത് അവയെ നശിപ്പിക്കുവാന്‍ വക്രമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത് രാഷ്ട്രീയ കാപട്യമാണ്. കേന്ദ്രസര്‍ക്കാര്‍ 2006 ല്‍ പ്രഖ്യാപിച്ച നാഷണല്‍ പരിസ്ഥിതി നയത്തിലും 2010 ല്‍ ഭാരതസര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനംപാര്ട്ട് രണ്ട് സെക്ഷന്‍ മൂന്ന് സബ്സെക്ഷന്‍ രണ്ട് പ്രകാരവും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാരിന് നിയമപ്രകാരം ബാധ്യതയുണ്ട്. കേരളത്തിലെ അഷ്ടമുടിക്കായലും ശാസ്താംകോട്ട ശുദ്ധജല തടാകവും വേമ്പനാട് കായലും ദേശീയ തണ്ണീര്‍ത്തടങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്. ഇതിനായി 1986 ലെ പരിസ്ഥിതി സംരക്ഷണനിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്‍പ്രകാരം തണ്ണീര്‍ത്തട (സംരക്ഷണവും മാനേജ്മെന്റും) ചട്ടങ്ങള്‍ 2010 ല്‍ നിലവില്‍ വന്നിട്ടുള്ളതാകുന്നു.
തണ്ണീര്‍ത്തടങ്ങള്‍ ജൈവവൈവിധ്യങ്ങളുടെ കാര്യത്തില്‍ പ്രത്യേകത പുലര്‍ത്തുന്നവയാണെന്നും ജല ശുചീകരണം, വെള്ളപൊക്ക നിയന്ത്രണം, മണ്ണൊലിപ്പ് തടയല്‍, ഭൂഗര്‍ഭ ജല റീചാര്‍ജിംഗ്, പ്രാദേശിക കാലാവസ്ഥാ നിയന്ത്രണം, മാലിന്യ സ്വാംശീകരണം എന്നീ ദൗത്യങ്ങള്‍ പ്രകൃതിയില്‍ നിര്‍വഹിക്കുന്നുണ്ടെന്നും മനുഷ്യന്റെ സാമൂഹ്യ, സാംസ്ക്കാരിക, സാമ്പത്തിക, തൊഴില്‍, വിനോദ മണ്ഡലങ്ങളില്‍ അതിപ്രധാനമാണെന്നും പൈതൃക സ്വത്താണെന്നുമുള്ള തിരിച്ചറിവാണ് തണ്ണീര്‍ത്തട സംരക്ഷണത്തിന് ഐക്യരാഷ്ട്ര സംഘടനയേയും ഭാരതസര്ക്കാരിനേയും പ്രേരിപ്പിച്ചത്. ലോകത്തിലെ അതിപ്രധാനമായ തണ്ണീര്‍ത്തടങ്ങള്‍ നാശം നേരിടുന്നതായും ഇതുവഴി ദേശാടന പക്ഷികള്‍ക്കും തണ്ണീര്‍ത്തട ജീവജാലങ്ങള്‍ക്കും വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും മനസ്സിലാക്കിയാണ് 1971 ല്‍ ഇറാനിലെ റാംസാറില്‍ അന്താരാഷ്ട്ര തണ്ണീര്‍ത്തട കണ്വെന്ഷന് നടന്നത്. ഇന്ത്യയടക്കം നൂറിലധികം രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ രൂപമെടുത്ത കരാറില്‍ ഒപ്പിടുകയും തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ കടപ്പാട് ലോകത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. വേമ്പനാട്ട് കായല്‍ സംരക്ഷണം അങ്ങനെയാണ് ലോക തണ്ണീര്‍ത്തട സംരക്ഷണ കരാറിന്റെ ഭാഗമായി തീരുന്നത്. വേമ്പനാട് കായല്‍ നശിപ്പിക്കുന്ന ഏതൊരു പദ്ധതിയും അതിനാല്‍ തന്നെ അന്താരാഷ്ട്ര ഉടമ്പടിയുടെ ലംഘനമാകും.
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിന്റെ ഭാഗമാണ് കൊച്ചി കായല്‍. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നീ നാലു ജില്ലകളിലായാണ് വേമ്പനാട് കായല്‍ പരന്നുകിടക്കുന്നത്. ഈ കായലില്‍ പെരിയാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍, ചാലക്കുടി പുഴ, മീനച്ചിലാര്‍ തുടങ്ങിയ സംസ്ഥാനത്തെ പ്രധാനനദികള്‍ വന്നുചേരുന്നുണ്ട്. അതുകൊണ്ട് വേമ്പനാട് കായലിന്റെ വിസ്തീര്‍ണ്ണത്തിന് ഉണ്ടാകുന്ന ഏതൊരു കുറവും വെള്ളപ്പൊക്കത്തിനും കരയെടുപ്പിനും കൃഷി നാശത്തിനും വഴി തെളിക്കും. 1912 ല്‍ 315 ചതുരശ്ര കിലോമീറ്റര്‍ ഉപരിതല വിസ്തീര്‍ണ്ണമുണ്ടായിരുന്ന വേമ്പനാട്ടു കായല്‍ 1968 ല്‍ 230 ച.കി.മീറ്ററായും 1983 ല്‍ 179 ച.കി.മീറ്ററായും 2003 ല്‍ 115 ച.കി.മീറ്ററായി ചുരുങ്ങി. ഇന്ന് വേമ്പനാട് കായല്‍ 100 ച.കി.മീറ്ററില്‍ താഴെയാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് വേമ്പനാട് കായല്‍ നശിപ്പിച്ച് ആകാശ നഗരം പദ്ധതി വരുന്നത്. കൊച്ചി കായല്‍ നികത്തി വിറ്റ് ഗോശ്രീപാലം യാഥാര്‍ത്ഥ്യമാക്കിയതും കായല്‍ നികത്തി വെല്ലിംഗ്ടണ്‍ ദ്വീപ് ഉണ്ടാക്കിയതും കായല്‍ നികത്തി കുണ്ടന്നൂര്‍ അരൂര്‍ നാഷണല്‍ ഹൈവേ ഉണ്ടാക്കിയതും മറൈന്‍ ഡ്രൈവ് ഉണ്ടാക്കിയതും കണ്ടെയ്നര്‍ ടര്മിനസിന് സ്ഥലം കണ്ടെത്തിയതും ചൂണ്ടിക്കാട്ടിയാണ് ചിലവന്നൂര്‍ കായല്‍ ആകാശ നഗരം പദ്ധതിക്കായി സ്വകാര്യ ഏജന്‍സിയ്ക്ക് നല്കുവാന് ഉദ്ദേശിക്കുന്നത്.
പദ്ധതിയ്ക്ക് ഒട്ടനവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു. അന്ന് കടമ്പകള്‍ കടന്ന് മേല്‍പ്പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഇവിടത്തെ സാധാരണക്കാരായിരുന്നുവെങ്കില്‍ ആകാശനഗരം പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു സ്വകാര്യ ഏജന്‍സി മാത്രമാണ്. ഇതുകൂടാതെ സംസ്ഥാനം ഈ പദ്ധതി നടപ്പിലാക്കിയാല്‍ പൊതുസ്ഥലങ്ങളുടെ ആകാശം കയ്യേറ്റ ഭീഷണിയിലാകും എന്നതിന് തര്‍ക്കമില്ല. വേമ്പനാട് കായലിന്റെ ആകാശത്തെ ലക്ഷക്കണക്കിന് ചതുരശ്ര അടിസ്ഥലം കെട്ടി സമുച്ചയം തീര്‍ക്കാന്‍ വിട്ടുകൊടുത്താല്‍ നശിക്കുവാന്‍ പോകുന്നത് ചിലവന്നൂര്‍ കായലിന്റെ അടിത്തട്ടാണ്. ആയിരക്കണക്കിന് തൂണുകള്‍ ഈ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കുഴിക്കുമ്പോള്‍ നശിക്കുക നൂറുകണക്കിന് ജലജീവികളുടെ വംശമാണ്. കായലുകള്‍ അനേകമായിരം ജലജീവികളുടെ പ്രജനന പ്രദേശമാണ്. പലതരം മൂലകങ്ങളുടെ പ്രകൃത്യായുള്ള ചംക്രമണത്തിന് വേദിയാകുന്ന കായലുകള്‍ ജലജീവികള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിന് അനുയോജ്യമാണ്. അതുകൊണ്ടാണ് മത്സ്യം, ഞണ്ടുകള്‍, കക്കള്‍, മുരിങ്ങകള്‍, ചെമ്മീന്‍, ആമകള്‍ എന്നിവ കുഞ്ഞുങ്ങളുമായി കായലുകളില്‍ അഭയം തേടുന്നത്.
കായലുകളുടെ തീരമാണ് കണ്ടലുകള്‍ വളരുവാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ. അതുകൊണ്ടുതന്നെയാണ് പക്ഷികളും ദേശാടന പക്ഷികളും പ്രജനനത്തിനായി കായലോര കണ്ടലുകള്‍ തെരഞ്ഞെടുക്കുന്നത്. കായലുകളുടെ നാശം പക്ഷികളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ഇത് ഫോസ്ഫറസ് അടക്കം നിരവധി മൂലകങ്ങളുടെ കരയിലെത്തുന്ന പ്രക്രിയയേയും ചംക്രമണത്തേയും തടയും. ജലജീവികളഉടെ ആരോഗ്യത്തേയും നിലനില്‍പ്പിനേയും ബാധിക്കുന്ന തലത്തിലേയ്ക്ക് കായല്നാശം കൊണ്ട് ചെന്നെത്തിയ്ക്കും. ഇത്രയേറെ സങ്കീര്‍ണ്ണമായ കായല്‍ ആവാസ വ്യവസ്ഥ തകിടം മറിച്ചുകൊണ്ട് വരുന്ന ആകാശനഗരം പദ്ധതിയ്ക്ക് നല്കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കണം. പദ്ധതിയ്ക്ക് സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി അനുമതി നിഷേധിച്ചതാണ്. അതേപദ്ധതിയെയാണ് വ്യവസായ വകുപ്പ് ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിപോലും അറിയാതെയാണ് വ്യവസായവകുപ്പ് ആകാശനഗര പദ്ധതിയ്ക്ക് അനുമതി നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ വ്യവസായ വകുപ്പില്‍ ആര്‍ക്കൊക്കെയോ പദ്ധതി നടപ്പാക്കുന്നതില്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാണ്.
ആകാശ നഗരം പദ്ധതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പദ്ധതിയ്ക്ക് പ്രാഥമിക അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമങ്ങള്‍ മറികടന്നാണ് പദ്ധതിയ്ക്കായുള്ള നിരവധി ക്ലിയറന്‍സുകള്‍ കിട്ടാനുള്ളത്. എല്ലാ ക്ലിയറന്‍സുകളും സംഘടിപ്പിക്കേണ്ട ചുമതല കമ്പനിയ്ക്ക് വിട്ടുകൊടുക്കുന്ന സമീപനം അഴിമതിയ്ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. സ്വകാര്യ കമ്പനിയ്ക്ക് നിലവിലുള്ള നിയമങ്ങള്‍ മറികടക്കണമെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവര്ക്കും അറിയാം. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രി പരോക്ഷമായി ഇത് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം ചെയ്തത്. ഹൈക്കോടതിയിലിരിക്കുന്ന ഒരു പദ്ധതിയ്ക്കായി കമ്പനി തന്നെ കിട്ടാനുള്ള ക്ലിയറന്‍സുകള്‍ നേടിയെടുത്താല്‍ മാത്രം അന്തിമ അംഗീകാരം നല്‍കൂ എന്ന കേരള മുഖ്യമന്ത്രിയുടെ വാക്കുകളില്‍ എന്തൊക്കെയോ സാമൂഹ്യവ്യവസ്ഥിതിയ്ക്ക് നിരക്കാത്തത് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. നിയമങ്ങള്‍ മറികടന്ന് ഏത് വഴി അത് സാധിക്കാനാകും?
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: