മട്ടന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവള പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്‍ ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ പതിനായിരക്കണക്കിന് വരുന്ന ജനങ്ങളുടെ ആകാശസ്വപ്നത്തിന് കരിനിഴല്‍ വീഴ്‌ത്തുന്ന തരത്തിലുള്ള ചിറ്റമ്മനയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം പോലും ലഭിക്കാത്ത അവസ്ഥ കൈവരാന്‍ കാരണമായത്. വിമാനത്താവളത്തിന് തറക്കല്ലിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും മറ്റു നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല. ശേഷിക്കുന്ന സ്ഥലമെടുപ്പ് നടപടി ഇഴഞ്ഞു നീങ്ങുകയാണ്. പ്രമുഖ വ്യവസായി ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ വിമാനത്താവള നിര്‍മ്മാണത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം ശരിയാണെന്നാണ് ഇത് തെളിയിക്കുന്നത് എന്നും രാഘവന്‍ ചൂണ്ടിക്കാട്ടി. ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഘവന്‍ മുന്നറിയിപ്പ് നല്‍കി. ചടങ്ങില്‍ സി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.കൃഷ്ണന്‍, സി.വി.നാരായണന്‍, എം.സി.ഗംഗാധരന്‍, ടി.എം.ബാലകൃഷ്ണന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍, സി.ജാനകി, ടി.ലേഖ, ടി.ഫല്‍ഗുനന്‍, സി.ചെന്താമരാക്ഷന്‍, പി.ഗംഗാധരന്‍, കെ.പി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: