മെക്കാളെ നടപ്പാക്കിയ ഇംഗ്ലീഷ് വിദ്യാഭ്യാസവും മാക്സ് മുള്ളര്‍ കെട്ടിച്ചമച്ച ആര്യന് അധിനിവേഷശസിദ്ധാന്തവും ഏല്‍പ്പിച്ച മുറിവ് ഉണങ്ങിത്തുടങ്ങിയപ്പോഴേക്കും പുതിയ പുതിയ വാളോങ്ങലുകള്‍ ഇന്ത്യന്‍ പൈതൃകത്തിനുനേരെ ആരംഭിച്ചുകഴിഞ്ഞു. വേദത്തിലെ പ്രജാപതി യേശുവാണെന്നും ലോകരക്ഷകനായി യേശു പിറക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ഭാരതത്തിലെ ഋഷികള്‍ നടത്തി വന്ന പ്രാര്‍ത്ഥനകളാണ് വേദ-ഉപനിഷത്തുകളും മറ്റു ധര്‍മ്മഗ്രന്ഥങ്ങളും എന്നും പ്രതിപാദിക്കുന്ന കുറെ പുസ്തകങ്ങള്‍ അടുത്തകാലത്തിറങ്ങി. വൈക്കം എന്‍.കെ. ജോസ് എഴുതിയ നിലയ്ക്കല്‍ എന്ന പുസ്തകത്തിലെ ഒരു വാചകം നോക്കാം.
“..അതിനാല്‍ ക്രൈസ്തവരിലുള്ളിടത്തോളം ശുദ്ധവും പുരാതനവുമായ കേരളരക്തം ഹിന്ദുക്കളിലില്ല. ക്രൈസ്തവരോളം പാരമ്പര്യമുള്ള കേരളത്തിലെ മണ്ണിലെ മക്കളല്ല ഹൈന്ദവര്‍. കേരളീയ ആചാരങ്ങളുടെയും ദ്രാവിഡ ആചാരങ്ങളുടെയും പിതൃത്വം ക്രൈസ്തവര്‍ക്കാണ്.”
ആഫ്രിക്കയില്‍ കിര്‍ഗിസ്ഥാനിലെ തിയാന്ഷാനില് നിന്നും പ്രാചീനകാലത്ത് നീങ്ങിയ ഒരു ഗ്രൂപ്പ് നീലഗിരി-കുടക് വഴി മലബാറിലെത്തി എന്നും അവരുടെ പിന്തുടര്ച്ചക്കാരാണ് തീയ എന്നും ഒരു ലേഖനത്തില്‍ (മലയാള മനോരമ ഡിസം. 18) ഈയിടെകണ്ടു. ഡോ. ശ്യാമളന് നടത്തിയ അന്വേഷണവും ഡിഎന്‍എ പരിശോധനയുമാണ് പൂര്‍വികരുടെ ഉറവ കണ്ടെത്താന്‍ വഴിയൊരുക്കിയത്.
ഇപ്പോഴിതാ മാര്‍ തോമാ നസ്രാണി യോഗത്തിന്റെ മുഖപത്രമായ മാര്‍തോമാ നസ്രാണി മാസിക ഒരുകൂട്ടം പുസ്തകങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നു. കുറവിലങ്ങാട് പകലോമറ്റം ആര്ക്കടിയാക്കോന് നഗറില്‍ നടന്ന മഹാസമ്മേളനം പുതിയ വാദത്തിന് തിരികൊളുത്തിക്കൊണ്ടാണ് അരങ്ങേറിയത്.
പ്രമുഖരായ പലേ ചരിത്രകാരന്മാരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട്, ഈ ചരിത്രകാരന്മാരൊന്നും ഇന്നേവരെ എഴുതിയിട്ടില്ലാത്ത, ആ പുതിയ ചരിത്രമാണ് നിര്‍മ്മിക്കാന്‍ പോകുന്നത് എന്ന് ആമുഖമായി കുറ്റസമ്മതം നടത്തിക്കൊണ്ടാണ് പുതിയ ഇഷ്ടാനുസരണ ചരിത്രരചന തുടങ്ങുന്നത്. മലിനമായി അധഃപതിക്കപ്പെട്ട കേരളത്തെ സംശുദ്ധ കേരളമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അശുദ്ധമാക്കപ്പെട്ടത് കരസ്പര്‍ശം കൊണ്ട് ശുദ്ധീകരിക്കാന്‍ മാര്‍തോമാ നസ്രാണിക്ക് കഴിയുമെന്നും റവ. ഡോ. ജോസഫ് മലേപ്പറമ്പിലിന്റെ ലേഖനം പറയുന്നു.
ഇന്ത്യയില്‍ വടക്ക് തക്ഷശില, കാശ്മീര്‍ മുതല്‍ തെക്ക് തിരുനെല്‍വേലി വരെയും ജൂത കുടിയേറ്റപ്രദേശങ്ങളുണ്ട്. കേരളത്തിലേക്ക് വന്നവര്‍ കണ്ണൂര്‍ മുതല്‍ പത്തനംതിട്ട വരെയുള്ള സ്ഥലങ്ങളിലാണ് പാര്‍പ്പുറപ്പിച്ചത്. പല്ലവര്‍, പത്താന്മാര്, അയ്യര്‍, പട്ടര്, ഭട്ടതിരി, ഭട്ടാചാര്യ, തുളുബ്രാഹ്മണര്‍, ഗൗഡസാരസ്വത ബ്രാഹ്മണര്‍, ജൈനര്‍, നമ്പൂതിരിമാര്‍ തുടങ്ങിയ വരേണ്യവര്ഗ്ഗങ്ങളെല്ലാം ജൂത ബ്രാഹ്മണരുടെ പിന്തുടര്ച്ചക്കാരാണ് എന്ന് പുതിയ നസ്രാണി ചരിത്രം പറയുന്നു. ഈ സ്ഥലങ്ങളിലെല്ലാം വെട്ടുകല്‍ ഗുഹകളും കൂടക്കല്ലും തൊപ്പിക്കലും നന്നങ്ങാടിയും കാണപ്പെട്ടു എന്നതാണ് ജൂത ആഗമനത്തിന് മുഖ്യതെളിവ്. കൂടാതെ ഡിഎന്‍എ പരിശോധനയും.
ഇസ്രായേലികളെ ജൂതബ്രാഹ്മണര്‍ എന്നാണ് നസ്രാണി മാസിക വിശേഷിപ്പിക്കുന്നത്. ജൂതര്‍ പൂണൂല് ധാരികളായിരുന്നു എന്നതാണ് പറയുന്ന ന്യായം. പൂണൂല് ബ്രാഹ്മണചിഹ്നമാണെന്നാരു പറഞ്ഞു? വര്ണ്ണാശ്രമവ്യവസ്ഥയും അതിന്റെ ദര്‍ശനവുമില്ലാത്ത നാട്ടില്‍ എങ്ങനെയാണ് ബ്രാഹ്മണരുണ്ടാകുക?
ദൈവത്തിന്റെ നേര്സന്തതികളും സര്വ്വശ്രേഷ്ഠരുമാണ് തങ്ങള്‍ എന്ന ഇസ്രായേലികളുടെ വിശ്വാസം നസ്രാണി മാസികയും അംഗീകരിക്കുന്നു. തത്വശാസ്ത്രപരമോ, സാംസ്കാരികമോ, കലാപരമോ മാനുഷികമോ ആയ എന്തു മേന്മയാണിവര്ക്ക് ചരിത്രത്തില്‍ നിന്നും എടുത്തുകാട്ടാനുള്ളത്? പൈതൃകത്തിന് തെളിവോ, തൊപ്പിക്കല്ലും കൂടക്കല്ലും നന്നങ്ങാടിയും ശവക്കല്ലറയും മാത്രം.
ജെയിംസ് എഡ്ഗ്വാര് സ്പെയ്ന്‍ എഴുതി-“സാഹിത്യത്തെയും മതത്തെയും ഒഴിച്ചുനിര്‍ത്തിയാല്‍ സാംസ്കാരികമായി എബ്രായര്‍ ചെയ്തിട്ടുള്ള സംഭാവന തുഛമാണ്. കിട്ടിയിട്ടുള്ള രേഖകളുടെ ആഗമം പ്രത്യക്ഷത്തില്‍ തന്നെ അവിശ്വസനീയമാണ്… ഭൗതിക ഉല്‍ക്കര്‍ഷത്തിനുള്ള യത്നങ്ങളില്‍ മൗലിക പ്രതിഭ കമ്മിയായിരുന്നു. അവരുടെ അക്ഷരമാല കടം വാങ്ങിയതായിരുന്നു. പ്രകൃതി ശാസ്ത്രങ്ങള്‍ക്ക് ശരിയായ വളര്‍ച്ച ലഭിച്ചില്ല. രസതന്ത്രം, ഗണിതം, ഭൗതികം, ജ്യോതിഷം എന്നിവ ദയനീയമാംവിധം അവഗണിക്കപ്പെട്ടു” (അ ഒശെ്ൃ്യ ീള ംീൃഹറ രശ്ശഹശമെശ്ി).
ഡിഎന്‍എ പരിശോധനയാണ് മറ്റൊരു കച്ചിത്തുരുമ്പ്. സ്വകാര്യ ഏജന്‍സികളാണ് പരിശോധന നടത്തുന്നത് എന്നതുതന്നെ ഇതിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നു. മാത്രമല്ല, മൂന്നുതലമുറകളിലുള്ളവരുടെ പരിശോധനക്ക് 50 ശതമാനം വിശ്വാസ്യതയേയുള്ളൂ. ചെന്നൈയിലെ സെന്‍ട്രല്‍ അക്കാദമി ഓഫ് റിസര്‍ച്ച് ആന്റ് എഡ്യുക്കേഷന്‍ മറ്റു ചില അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ പഠനം കണ്ടെത്തിയത് മാധ്യ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രോമസോമുകള്‍ വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ കണ്ടത് ഭാരതത്തിലാണ് എന്നാണ്. ഇവിടെ 50000 കൊല്ലങ്ങള്‍ക്കുള്ളില്‍ ജനിതകമാറ്റം ഉണ്ടായിട്ടുമില്ല.
ആര്യന് അധിനിവേശവാദത്തെ കടുത്ത ഭാഷയില്‍ എതിര്‍ക്കുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഓപ്പണ്‍ ഹൈമര്‍ എഴുതി-“എം 17ന്റെയും അവരുടെ പൂര്‍വ്വികരുടെയും ആത്യന്തികമായ മൂലസ്ഥാനം യുക്തിപരമായി തെക്കന്‍ ഏഷ്യയാണ്….. ഇന്ത്യയിലെ ഇവരുടെ ഉത്ഭവത്തെപ്പറ്റി ഒരു ഏകദേശ കണക്കുകൂട്ടല്‍ 51000 കൊല്ലമെങ്കിലും ആകാം. ഇത് തെളിയിക്കുന്നത് യൂറോപ്പിലേക്കെത്തും മുമ്പ് എം. 17 അവരുടെ വഴിത്താര ആദ്യം ഇന്ത്യയില്‍ നിന്നും കാശ്മീര്‍, മധ്യ ഏഷ്യവഴി യൂറാപ്പിലേക്കെന്നാണ്.” (A History of world civilisation).
പ്രാചീനകാലത്ത് ധര്‍മ്മപ്രചാരകര്‍ ഇവിടെ നിന്നും ലോകമെമ്പാടും ചെന്നെത്തിയിരുന്നു. സാമ്രാജ്യത്വമോഹികളായ അക്രമികള്‍ ഇങ്ങോട്ട് പലവുരുവന്നു. പരസ്യവും രഹസ്യവുമായുള്ള ബന്ധങ്ങളും ബലാല്‍ക്കാരങ്ങളും ദത്തെടുക്കലും നടന്നതിന്റെ ഫലമായി സങ്കര സന്തതികള്‍ എല്ലാ രാജ്യത്തുമുണ്ടായിട്ടുണ്ട്. ഇതും ഡിഎന്‍എ പരിശോധനയുടെ സാധുതയെ വെല്ലുവിളിക്കുന്ന ഘടകമാണ്.
പത്താന്മാര് എന്ന ദശഗോത്ര ഇസ്രായേലികളാണത്രെ പത്തേലുകളും പട്ടേലുകളും ഭട്ടാചാരിമാരും ഭട്ടാറായികളും ഭട്ടന്മാരും പട്ടര്‍മാരും ഒക്കെയായി ഇന്നറിയപ്പെടുന്നവന്. ദശഗോത്രം എന്നാല്‍ പത്ത് ഗോത്രം, പത്തു ദൈവങ്ങളെ അതായത് ദശാവതാരത്തില്‍ വിശ്വസിക്കുന്നവര്‍. അതുകൊണ്ടാണ് ജൂതര്‍ക്ക് പത്തേലുകള് എന്ന പേര് വന്നത്. ഈ കണ്ടുപിടുത്തം നടത്തിയ നസ്രാണിമാസികയും പുത്തന്‍ ചരിത്രത്തിന്റെ ബുദ്ധികേന്ദ്രമായ എബ്രഹാം ബന്ഹറും ചിന്തിച്ചില്ല, പത്ത് എന്നത് മലയാള അക്കമാണെന്നും പത്താന്മാരും പട്ടേലുകളുമൊന്നും അവരുടെ ഭാഷയില്‍ ‘പത്ത്’ എന്നല്ല പറയുന്നതെന്നും.
ഒരു പ്രത്യേക കാലഘട്ടവും കേന്ദ്രവും ലക്ഷ്യമാക്കിയാണ് പഠനം തുടങ്ങുന്നത്. മിക്കവരും മനുഷ്യരാശിയുടെ ഉല്പത്തി സ്ഥാനമായി കരുതുന്നത് ആഫ്രിക്കയാണ്. ആദികാല മനുഷ്യര്‍ കറുത്തവരായിരുന്നു എന്ന മുന്വിധിയാണിതിന് കാരണം. കാലാന്തരത്തില്‍ കറുപ്പുമാറി വെളുക്കുകയും പതിമൂക്ക് നീളുകയും ചെയ്തതാണെന്നുണ്ടെങ്കില് ആഫ്രിക്കക്കാര്‍ മാത്രം വെളുക്കാത്തതും അവരുടെ മൂക്ക് നീളാത്തതും എന്തുകൊണ്ട്? ഭാരതത്തെ കേന്ദ്രമാക്കി പഠനം നടത്തട്ടെ, ജൂതരുടെ പൂര്‍വ്വികര്‍ ഭാരതത്തിലെ യാദവരായിരുന്നു എന്ന് തെളിഞ്ഞേക്കാം. (നസ്രാണി മാസിക ഭാരതത്തിലെ യാദവരെ കുടിയേറിയ ജൂത ബ്രാഹ്മണരുടെ ലിസ്റ്റില്‍ ചേര്‍ത്തിട്ടില്ല.)
യയാതിയുടെ മകന് യദുവിന്റെ പരമ്പരയാണ് യാദവര്‍. യദുവിന്റെ 29-ാം തലമുറക്കാരനാണ് ശ്രീകൃഷ്ണന്. യുധിഷ്ഠിരനുശേഷം പൃഥ്വിരാജന്‍ വരെ 120 രാജാക്കന്മാര് നാടുവാണു. യുധിഷ്ഠിരന്റെ ഭരണകാലം കലിവര്‍ഷാരംഭം-അതായത് 5100 കൊല്ലം മുമ്പായിരുന്നു എന്ന് വ്യക്തം. അതിനാല്‍ യദുവിന്റെ കാലഘട്ടം ഏകദേശം 6500 കൊല്ലം മുമ്പായിരുന്നു എന്ന് കണക്കാക്കാം. എന്നാല്‍ ജൂതന്റെ പുസ്തകമനുസരിച്ച് ആദ്യത്തെ മനുഷ്യനുണ്ടായത് 6000 കൊല്ലം മുമ്പുമാത്രം.
രാമായണവും മഹാഭാരതവും ചരിത്രഗ്രന്ഥങ്ങള്‍ തന്നെ. കാശ്മീര്‍ രാജാവായിരുന്ന ഹര്ഷന്റെ മന്ത്രിയായിരുന്ന കല്ഹണന് രചിച്ച രാജതരംഗിണി 8026 പദ്യങ്ങളുള്ള ചരിത്രഗ്രന്ഥമാണ്. യുധിഷ്ഠിരന്റെ രാജ്യാഭിഷേകം (ബിസി 3067) മുതല്‍ എഡി 1155 വരെയുള്ള 4222 വര്‍ഷത്തെ ഭാരത ചരിത്രമാണ് രാജതരംഗിണി. ആര്യനാക്രമണവും ജൂത ബ്രാഹ്മണരുടെ കുടിയേറ്റവുമൊന്നും രാജതരംഗിണിയിലുമില്ല.
എഡി 52-ല്‍ തോമാശ്ലീഹാ പരിവര്ത്തിച്ചെടുത്ത പ്രവാസി ജൂതരാണ് നസ്രാണികള്‍ എന്ന് മാസിക അവകാശപ്പെടുന്നു. ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഇവിടെ വന്നു എന്ന് തെളിയിക്കാന്‍ യുക്തിയുമില്ല, രേഖയുമില്ല. 326-ല്‍ കോണ്സ്റ്റന്റയിന് ക്രിസ്തുമതത്തിന് രൂപം നല്‍കുന്നതുവരെ പള്ളിയും പട്ടക്കാരും കുരിശാരാധനയും എങ്ങുമുണ്ടായിരുന്നില്ല. എവിടേയോ കണ്ടു എന്ന് പയുന്ന ’52’ കൊല്ലവര്‍ഷം 52 ആണ്. എന്തെന്നാല്‍ ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്ത്വബ്ദം തുടങ്ങിയിരുന്നില്ല. ഈ കലണ്ടറുണ്ടാക്കിയത് അഞ്ച് നൂറ്റാണ്ടുകള്‍ക്കുശേഷം (532ല്‍) മാത്രമായിരുന്നു.
ഭൂമിയാണ് പഞ്ചകേന്ദ്രം എന്നായിരുന്നു 16-ാം നൂറ്റാണ്ടുവരെ പാശ്ചാത്യ മതങ്ങളും ശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നത്. വൈജ്ഞാനികമായും ദാര്‍ശനികമായും ഭൗതികമായും തികച്ചും പിന്നോക്കമായിരുന്ന ജനതക്ക് എങ്ങനെയാണ് ഔന്നത്യമേറിയ സംസ്കാരങ്ങളുള്ള ജനപദങ്ങളുടെ മാതൃത്വം അവകാശപ്പെടാന്‍ കഴിയുക? വിദൂരസ്ഥിതമായ ഭാരതത്തിലെത്തി പട്ടുംമുത്തും രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും വാങ്ങിക്കൊണ്ടുപോകാന്‍ വേണ്ടത്ര പ്രതിഫലം നല്കാന് അവരുടെ പക്കല്‍ എന്തുണ്ടായിരുന്നു? 12-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച വെനീസുകാരനായ സഞ്ചാരി മാര്‍ക്കോ പോളോ, പട്ടും മുത്തും രത്നങ്ങളും നിറഞ്ഞ ഭാരതത്തിന്റെ വൈഭവം സ്വന്തം നാട്ടില്‍ വിവരിച്ചപ്പോള്‍ വിശ്വസിക്കാനാകാതെ മാര്‍ക്കോയെ കള്ളന് എന്ന് പറഞ്ഞാക്ഷേപിക്കുകയാണുണ്ടായത്.
ചോറിവിടെയും കൂറവിടെയും എന്ന് പറയാറുണ്ട്. പെറ്റുവളര്‍ത്തിയ സ്വന്തം നാടിന്റെ മഹിമയെക്കുറിച്ചും പൈതൃകത്തെയും ഒറ്റുകൊടുക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനം നിര്‍ത്തിവച്ച്, കള്ളചരിത്രം ചമച്ച് സഹോദര സമുദായങ്ങളെ വേദനിപ്പിക്കാതെ സ്വന്തം മതാനുയായികളുടെ ഇടയില്‍ നേരെ ചൊവ്വേ ആത്മീയ പ്രവര്‍ത്തനം നടത്തി കാലം കഴിക്കുന്നതല്ലേ നസ്രാണി നേതൃത്വത്തിനും പുരോഹിതവൃന്ദത്തിനും എബ്രഹാം ബെന്‍ഹറിനും അഭികാമ്യം.
പി. പ്രസന്നന് ആലാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: