കൊച്ചി: രാജ്യത്തെ അതിപ്രധാന മെട്രോ നഗരങ്ങളുടെ നിരയിലേക്ക് കൊച്ചിയെ ഉയര്‍ത്താന്‍ അനിവാര്യമായ നാല് ഫ്ലൈ ഓവറുകളുടെ നിര്‍മാണത്തിന് 1200 കോടി രൂപയുടെ പ്രഥമിക രൂപരേഖ തയാറാക്കിയതായി കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു.
എറണാകുളം ഗവ:ഗസ്റ്റ് ഹൗസില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സി.കന്തസ്വാമിയുടെ നേതൃത്വത്തിലുളള ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ് ഫ്ലൈ ഓവര്‍ വേണ്ടിവരുന്നത്. ഇതില്‍ ഇടപ്പളളിയിലും വൈറ്റിലയിലും മെട്രോ റെയില്‍ കടന്നുപോകുന്നതിനാല്‍ ഫ്ലൈ ഓവറിന് പ്രത്യേക ഡിസൈന്‍ വേണ്ടിവരും. കുണ്ടന്നൂരില്‍ ആഗോള നിലവാരത്തില്‍ സ്ഥലം വികസിപ്പിച്ച് പെയിലറ്റ് പ്രോജക്ട് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റു മൂന്നിടങ്ങളിലും എന്‍.എച്ച്.എ.ഐ നടപ്പാക്കുന്ന നിലവിലെ പദ്ധതികളുടെ നിലവാരത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മാണം ഏറ്റെടുക്കും. ദേശീയപാത അതോറിറ്റിയും സംസ്ഥാന മരാമത്ത് എന്‍.എച്ച് വിഭാഗവും ഇതുസംബന്ധിച്ച് സംയുക്ത പഠനം നടത്തിയാണ് പ്രാരംഭ രൂപരേഖ തയാറാക്കിയത്.
പദ്ധതി അടങ്കലില്‍ 700 കോടി രൂപയെങ്കിലും കേന്ദ്ര ഗ്രാന്റായി സ്വരൂപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പശ്ചിമബംഗാളും കേരളവുമുള്പ്പെടെയുളള സംസ്ഥാനങ്ങള്‍ക്ക് ചില പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും. നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍ പദ്ധതിക്ക് പ്രോത്സാഹനമേകാന്‍ പാക്കേജ് ഉപകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഫ്ലൈ ഓവര്‍ നിര്‍മാണത്തിനുളള നാല് സ്ഥലങ്ങളും ഉദ്യോഗസ്ഥ സംഘം പരിശോധിച്ച ശേഷമാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാങ്കേതികമായ എല്ലാ സഹകരണവും പിന്തുണയും ചര്‍ച്ചയില്‍ കന്തസ്വാമി വാഗ്ദാനം ചെയ്തു.
ജനകീയ പങ്കാളിത്തത്തോടെ ഫ്ലൈ ഓവര്‍ അനുബന്ധ സ്ഥലങ്ങളുടെ വികസനം കൂടി ഉറപ്പാക്കും വിധമാണ് രൂപരേഖ തയാറാക്കുകയെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതാ വികസനവും ഫ്ലൈ ഓവര്‍ നിര്‍മാണവും ബി.ഒ.റ്റി അടിസ്ഥാനത്തിലാണ് ദേശവ്യാപകമായി നടന്നുവരുന്നത്. ഹൈദരാബാദ,് മദ്രാസ് ഉള്‍പ്പെടെയുളള നഗരങ്ങളില്‍ നല്ല തുക ടോള്‍ പിരിക്കുന്നുണ്ട്. എന്നാല്‍ കേരളീയ സാഹചര്യത്തില്‍ ആവിധമുളള ടോള്‍ പിരിവ് പ്രായോഗികമല്ല.
സിയാലുള്പെടെ പല വികസന മാതൃകകളും നമുക്ക് മുന്നിലുണ്ട്. അതിനാല്‍ ജനപ്രതിനിധികളും സ്ഥലമുടമകളും നഗരസഭയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കൈകോര്‍ത്തുളള ജനകീയ സംരംഭമായി നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍ പദ്ധതി പ്രായോഗികതലത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രൊഫ:കെ.വി.തോമസ് വ്യക്തമാക്കി. നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ സി.റ്റി.എബ്രഹാം, ഉപരിതല ഗതാഗത മന്ത്രാലയം എക്സി.എഞ്ചിനീയര്‍ എസ്.ബാബു, മരാമത്ത് എന്‍.എച്ച് വിഭാഗം ചീഫ് എഞ്ചിനീയര്‍ ജോസഫ് മാത്യൂ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: