ആലപ്പുഴ: കയര്‍മേഖലയിലെ ചെറുകിടക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ആലപ്പുഴയില്‍ ഇന്ന് തുടങ്ങുന്ന കയര്‍കേരള 2012ന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട ഉല്‍പാദകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ 5 കോടി രൂപ നല്‍കിയത്. കയര്‍ കോര്‍പ്പറേഷന്‍ വഴി ഉല്‍പന്നങ്ങള്‍ ഏറ്റെടുത്ത് തുടങ്ങി. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ തുക നല്‍കുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി കൂടുമ്പോള്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യകതയുമേറും. ചെറുകിടക്കാര്‍ക്ക് ഇതിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയും.
32 രാജ്യങ്ങളില്‍ നിന്നായി 85 വിദേശ പ്രതിനിധികളാണ് കയര്‍ ഫെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയ്‌ക്കകത്ത് നിന്ന് 142ഓളം കയറ്റുമതിക്കാരും രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ വിഷയങ്ങളിലെ സെമിനാറിനു പുറമെ ഇന്റീരിയല്‍ ഡക്കറേറ്റേഴ്സിന്റെ സെമിനാറും നടത്തും. കയറുല്‍പാദന രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ആഭ്യന്തര രംഗത്ത് വിപണനം വര്‍ധിപ്പിക്കും.
805 കോടി രൂപയുടെ കയറ്റുമതി 1,000 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര വിപണി 1,600 കോടിയില്‍ നിന്ന് 2,000 കോടിയായി ഉയരും. വിപണനം വര്‍ധിക്കുന്നതിനനുസരിച്ച് തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഫെസ്റ്റിന്റെ വീഴ്ചകള്‍ പരിഹരിച്ചാണ് ഈപ്രാവശ്യം ഫെസ്റ്റ് നടത്തുക. കഴിഞ്ഞ വര്‍ഷം 19 രാജ്യങ്ങളില്‍ നിന്ന് 29 പ്രതിനിധികളാണ് പങ്കെടുത്തത്.
കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ ഡയറക്ടര്‍ ഡോ.മദനന്‍, എന്‍സിആര്‍എംഐ ഡയറക്ടര്‍ കെ.ആര്‍.അനില്‍, എ.എ.ഷുക്കൂര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: