ന്യൂദല്‍ഹി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിയുടെ പുതുക്കിയ പദ്ധതിരേഖ ദല്‍ഹി മെട്രൊ റെയില്‍വേ കോര്‍പ്പറേഷന്‍ രണ്ടു ദിവസത്തിനകം കേരളത്തിന് കൈമാറുമെന്ന് ചീഫ് സെക്രട്ടറി പ്രഭാകരന്‍ അറിയിച്ചു. പദ്ധതി രേഖ ലഭിച്ചാലുടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചി മെട്രൊയുമായി ബന്ധപ്പെട്ടു നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും പദ്ധതിയുമായി സഹകരിക്കാമെന്നു അറിയിച്ചിരുന്നു. പദ്ധതിയില്‍ ഇന്ത്യന്‍ റെയില്‍വേ പങ്കാളിയാകാമെന്നും വ്യക്തമാക്കി. ഈ യോഗത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരളത്തിനു നല്‍കാമെന്നു ഡി.എം.ആര്‍.സി അറിയിച്ചു.
കേരളം ആദ്യം കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊച്ചി മെട്രൊയില്‍ മൂന്നു ബോഗികള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഡി.എം.ആര്‍.സിയില്‍ നിന്നു വ്യക്തത ഉണ്ടായിരുന്നില്ല. ബോഗികളിലെ വ്യക്തത ആവശ്യപ്പെട്ടു കേരളം കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറു ബോഗികള്‍ ആകാമെന്ന റിപ്പോര്‍ട്ടാണ് ഡി.എം.ആര്‍.സി കേരളത്തിനു നല്‍കുക. ഇതു ലഭിച്ച ഉടന്‍ കേന്ദ്രത്തിനു കേരളം വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കും.
റിപ്പോര്‍ട്ട് കേന്ദ്രത്തിനു ലഭിച്ചാലുടന്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: