കൊച്ചി: ഡിസി ബുക്സ് സംഘടിപ്പിക്കുന്ന 14-ാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് മറൈന്‍ ഡ്രൈവില്‍ തിരി തെളിയും. വൈകിട്ട് 5.30 ന് ആരംഭിക്കുന്ന സമ്മേളനം പ്രശസ്ത പാക്കിസ്ഥാനി എഴുത്തുകാരി ഖ്വൈസ്റ ഷഹറാസ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് അധ്യക്ഷത വഹിക്കും. ഖ്വൈസ്റ ഷഹറാസ് രചിച്ച ടൈഫൂണ്‍, ജുംപാ ലാഹിരി, ഡോറിസ് ലെസ്സിങ്, അനിതാ നായര്‍, ഗുല്‍ എരിപ്പോദുലോ എന്നീ എഴുത്തുകാരികളുടെ നോവലുകള്‍ എന്നിവയുടെ പ്രകാശനം ചടങ്ങില്‍ ഉണ്ടായിരിക്കും.
മേയര്‍ ടോണി ചമ്മണി, ഡോ.ബി.ഇക്ബാല്‍, മ്യൂസ് മേരി ജോര്‍ജ്, ഷീബ ഇ.കെ. എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി പന്ത്രണ്ട് വരെയാണ് പുസ്തകമേള. മേളയോടനുബന്ധിച്ച് പുസ്തകപ്രകാശനങ്ങള്‍, കലാപരിപാടികള്‍, സിനിമാപ്രദര്‍ശനങ്ങള്‍ എന്നിവ ദിവസവും അരങ്ങേറും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഒഎന്‍വി കുറുപ്പ്, പ്രൊഫ.എം.കെ.സാനു, സുഗതകുമാരി, എം.മുകുന്ദന്, സക്കറിയ,പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു, അടൂര്‍ ഗോപാലകൃഷ്ണന്, കമല്‍, സിദ്ദിഖ്, സിവിക് ചന്ദ്രന് തുടങ്ങിയ അതിഥികള്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. പതിന്നാല് ദിനം നീളുന്ന മേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള മുന്നൂറിലേറെ പ്രസാധകര് പങ്കെടുക്കുന്നുണ്ട്. കഥ, കവിത, നോവല്‍, ആത്മകഥ, ബാലസാഹിത്യം, സെല്‍ഫ് ഹെല്പ്, എന്‍ജിനീയറിങ്, ബിസിനസ്, മാനേജ്മെന്റ്, നഴ്സിങ്, തത്വചിന്ത, നിയമം, എന്‍സൈക്ലോപീഡിയ, നിഘണ്ടുക്കള്‍ തുടങ്ങി വിവിധ മേഖലകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: