ഭാരതീയ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കാനും സമ്പുഷ്ടമാക്കാനും പ്രതിജ്ഞാബദ്ധതയുള്ള സാംസ്കാരിക സംഘടനയാണ് ‘തപസ്യ’. അതിന്റെ പ്രതിബദ്ധത രാഷ്ട്രീയ പാര്‍ട്ടിയോടല്ല, ഭാരതഭൂമിയോടാണ്. ഈ നാട് രാഷ്ട്രീയമായ ഒരു അഗ്നിപരീക്ഷയില്‍ അകപ്പെട്ട സമയത്ത് ചരിത്രപരമായ ആവശ്യം സുകൃതികളായ ദേശസ്നേഹികളിലൂടെ നിറവേറ്റപ്പെട്ടു എന്ന ചരിത്രം അത്ര പ്രസിദ്ധമല്ലാത്തതുകൊണ്ട്, അതെപ്പറ്റി ചിലത് കുറിക്കട്ടെ.
സംഘടനായോഗങ്ങള്‍ നിരോധിച്ച കാലത്ത്, 1975-ല്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷം കോഴിക്കോട്ടു വച്ചു നടത്തിയതാണ് തപസ്യയുടെ ആവിര്ഭാവത്തിന്റെ നാന്ദി. സ്വതന്ത്രമായ ചിന്താഗതിയെ തടഞ്ഞുനിര്‍ത്തി പത്രക്കാരുടെയും എഴുത്തുകാരുടെയും പിടിച്ചമര്‍ത്തിയ അടിയന്തരാവസ്ഥാനിയമത്തെ എതിര്‍ത്തുകൊണ്ടാണ് കെ.പി. കേശവമേനോനും വി.എം. കൊറാത്തും സി.കെ. മൂസതും അഴീക്കോടും ഉള്‍പ്പെടുന്ന പ്രബുദ്ധസദസ്സ് അതിന്റെ സ്വരം ആദ്യന്തം മുഴക്കിയത്. ഇടതുവലതു കക്ഷികള്‍ പൊതുവെ അവസരവാദനയം സ്വീകരിച്ച ചുറ്റുപാടില്‍ അവരുമായി വിയോജിപ്പുള്ള സ്വതന്ത്രചിന്തകരും എഴുത്തുകാരും തങ്ങളുടെ ആശയപ്രകടനത്തിനുവേണ്ടി ഒരു വേദി ഉണ്ടാക്കാന്‍ ആവേശപൂര്‍വ്വം മുന്നോട്ടുവന്ന കാഴ്ചയാണ് ഈ പിറന്നാള്‍ യോഗത്തിനുശേഷം കണ്ടത്. അങ്ങനെ ബാഹ്യപ്രേരണ കൂടാതെ, ശസ്ത്രക്രിയകൂടാതെ, സ്വാഭാവിക പ്രസവത്തിലുണ്ടായ ചൈതന്യവത്തായ ശിശുവാണ് തപസ്യ കലാസാഹിത്യവേദി. പേരു തന്നെ ‘തപസ്യ’ എന്നാണ്. എന്നാല്‍ അടിയന്തിരാവസ്ഥയ്ക്കു തൊട്ടുമുമ്പാണ്, കേസരി പത്രാധിപര്‍ എം.എ. കൃഷ്ണന് മുന്‍കയ്യെടുത്ത്, പി. മാധവ്ജിയും പരമേശ്വര്‍ജിയും തിക്കൊടിയനും വി.എം. കൊറാത്തും മറ്റും ചേര്‍ന്ന് സാഹിത്യസായാഹ്നം എന്ന ഒരു വേദി തുടങ്ങിയത്.
ഇതേ ചുറ്റുപാടില്‍ സമാന്തരമായി, അഖിലേന്ത്യാതലത്തില്‍ ആഗ്രാ കേന്ദ്രമാക്കി സംസ്കാര ഭാരതി എന്ന സംഘടന രൂപംകൊണ്ടത് ഒരു കൊല്ലത്തിനു ശേഷമാണ്. അതായത്. സംസ്കാര ഭാരതിയുടെ മുന്നോടിയായിരുന്നു തപസ്യ. തെക്കും വടക്കുമുള്ള മനോഗതിയുടെ ഐക്യം സംഘടനാതലത്തിലും പ്രതിഫലിക്കാന്‍, കുറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും സംസ്കാരഭാരതിയുടെ കേരളത്തിലെ ഘടകം എന്ന പദവിയാണ് ‘തപസ്യ’ സ്വയംവരിച്ചത്. സംസ്കാരഭാരതിയുടെ ഉപാധ്യക്ഷന്മാരില് ഒരാള്‍ തപസ്യയില്‍ നിന്നായിരിക്കും.
തപസ്യയുടെ ആദ്യകാല കാര്യദര്‍ശിയായി ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനശൈലി പുലര്‍ത്തിയ യശശ്ശരീരനായ രാജന് നമ്പിയെ ഇവിടെ സാദരം സ്മരിച്ചുകൊള്ളട്ടെ.
ഈ അടിവച്ചുള്ള നീക്കം പ്രസ്ഥാനത്തെ പുരോഗമിപ്പിച്ചതെങ്ങനെയെന്ന് ആദ്യകാല സെക്രട്ടറിയായിരുന്ന പ്രൊഫ. കെ.പി. ശശിധരന് ഇങ്ങനെ വിവരിക്കുന്നു.
“ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കവര്‍ന്നെടുത്ത് കോണ്‍ഗ്രസ് വിപ്ലവത്തില്‍ നിന്ന് വിശ്രമത്തിലേക്കും സുഷുപ്തിയിലേക്കും അടവുമാറ്റിയ കമ്മ്യൂണിസവും അടിയന്തിരാവസ്ഥയിലൂടെ ജനരോഷത്തിനും അവിശ്വാസത്തിനും ഇരയായപ്പോള്‍ അനാഥമായ സാംസ്കാരികമേഖല തപസ്യയെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നു. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയവരുടെ പീഡനകഥകള്‍ക്ക് തപസ്യയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുണ്ടായിരുന്നുവെന്ന് ചുരുക്കം.
പത്രപ്രവര്‍ത്തകരും കവികളും ചിത്രകാരന്മാരുമടങ്ങുന്ന നേതൃത്വനിരയും കര്‍മ്മശേഷിയുള്ള ഒട്ടേറെ പ്രവര്‍ത്തകരും സംഘടനയില്‍ വന്നു ചേര്‍ന്നു. സാഹിത്യപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും പൊതുസമൂഹത്തെ ആകര്‍ഷിക്കാനുമുതകുന്ന വിഷയങ്ങളും പരിപാടികളും തപസ്യ ആസൂത്രണം ചെയ്തു. പത്രപ്രവര്‍ത്തനം, നാടകം, കവിത, ഫോക്ലോര്, ചിത്രകല തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പഠനശിബിരങ്ങളും അരങ്ങ് നഷ്ടപ്പെട്ട കലാരൂപങ്ങള്‍ക്ക് രംഗവേദി ഒരുക്കാനുള്ള ശ്രമങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴത്തിലേയ്ക്കുള്ള അന്വേഷണവുമടക്കം തപസ്യ ശ്രദ്ധ പതിപ്പിച്ചു. ഉത്തര കേരളത്തിലെ തെയ്യമടക്കമുള്ള കലാരൂപങ്ങളെ ദക്ഷിണകേരളത്തിലും മുടിയേറ്റ്, പടയണി തുടങ്ങിയ തെക്കന്‍ സമ്പ്രദായങ്ങളെ ഉത്തര കേരളത്തിലും പരിചയപ്പെടുത്തുക, സംസ്ഥാന സമ്മേളനങ്ങളില്‍ മറ്റു ഭാരതീയ ഭാഷകളിലെ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കുക തുടങ്ങിയവ തപസ്യയുടെ ശീലമായി മാറി. മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള പ്രാചീനകേരളത്തിന്റെ സാംസ്കാരിക തീര്‍ത്ഥസ്ഥാനങ്ങളിലാറാടിയും മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സര്‍ഗ്ഗപ്രതിഭകള്‍ക്ക് പ്രണാമമര്‍പ്പിച്ചും നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയും മേല്‍പ്പറഞ്ഞതുപോലെ സാംസ്കാരിക കേരളത്തിന് അനുകരണീയമായി മാറി. രാഷ്ട്രീയ ഊരുവിലക്കിനെ ഭയന്ന ഏതാനും സാഹിത്യകാരന്മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും കലാകാരന്മാരും തപസ്യയോട് സര്‍വ്വാത്മനാ സഹകരിച്ചിട്ടുണ്ട്.
ഇപ്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും പ്രേരണ നല്‍കിയത് എം.എ സാര്‍ (എം.എ കൃഷ്ണന്) എന്ന വ്യക്തിയാണ്. ഏറെക്കാലം മുമ്പുതന്നെ താന്‍ സ്വപ്നംകണ്ട ബാലഗോകുലം എന്ന അതിപ്രശസ്തമായി ഭവിച്ച കുട്ടികളുടെ സംഘടനയുടെ സജീവമായ പ്രവര്‍ത്തനനൈരന്തര്യം, അദ്ദേഹത്തെ, എഴുത്തുകാരുടേതുപോലെ ഒരു സംഘടനയുണ്ടാക്കാന്‍ പ്രേരിപ്പിച്ചിരിക്കണം. അനാരോഗ്യം കാരണം ഒരിടത്തിരുന്നുകൊണ്ട്, അവശ്യംവേണ്ടവരെ കണ്ടറിഞ്ഞ് പ്രചോദിപ്പിച്ച് കര്മ്മനിരതരാക്കുക എന്ന പിന്നണിനേതാവിന്റെ പങ്കാണ് നിര്‍വ്വഹിക്കുന്നതെങ്കിലും എം.എസാറിന്റെ ശിഷ്യന്മാര് എന്ന അഭിമാനബോധമാണ് പ്രവര്‍ത്തകരുടെ മനസ്സിന്റെ മുന്നണിയായി നില്‍ക്കുന്നത്. ബാലഗോകുലം വര്‍ഷംതോറും ജന്മാഷ്ടമീപുരസ്ക്കാരവും കുഞ്ഞുണ്ണിപുരസ്ക്കാരവും നല്‍കുന്നതും തപസ്യ മൂന്ന് വാര്‍ഷിക പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും എം.എ. സാറിന്റെ നേട്ടങ്ങളില്‍ വിസ്മരിച്ചു കൂടാത്ത ചിലതാണ്. നമ്മുടെ വിശ്രുതരായ പല സാഹിത്യകാരന്മാരും ഇതിനകം ഈ പുരസ്കാരങ്ങളുടെ സ്വീകര്‍ത്താക്കളായിട്ടുണ്ട്.
ഭാവനാപൂര്‍ണമായ സ്വപ്നം ഇനിയുമുണ്ട് പലതും എം.എ സാറിന്. അതില്‍ കുറച്ചൊക്കെ മുന്നേറിയ ഒരു ദൗത്യമാണ് തൃശൂരിനടുത്ത് ശ്രീകൃഷ്ണകേന്ദ്രം എന്ന ഗോവര്‍ധകമായ ഭാരതീയഗ്രാമ സംവിധാനം. മറ്റു സംസ്ഥാനങ്ങളില്‍ പണക്കാരും അല്ലാത്തവരും ആയ സുമനസ്സുകളുടെ സന്നദ്ധത ഇത്തരം പ്രസ്ഥാനങ്ങള്‍ നടത്തിപ്പോരുന്നുണ്ട്. എം.എ സാറിന്റെ ‘ശ്രീകൃഷ്ണകേന്ദ്രം’ ഒരു വൃന്ദാവനമായി വികസിക്കാനും കേരളത്തിന്റെ കാളിയവിഷബാധ ഒഴിഞ്ഞുകിട്ടാനും ഇടവരട്ടെ. എം.എ. സാര്‍ പകര്‍ന്നരുളിയ നന്മയുടെ ശക്തി ഭാവിയില്‍ ഭാരതീയ അനുഭവമായി മാറട്ടെ.
ആ സാത്വികയജ്ഞത്തിന് കേരളത്തില്‍ പ്രയാസം സൃഷ്ടിക്കുന്നത് അതിലെ സാത്വികത തന്നെയാണ്. ഉദ്ദേശ്യശുദ്ധിയും നിസ്വാര്‍ത്ഥ സേവനതല്പരതയും മാത്രമാണ് എമ്മെ സാറിനായാലും അക്കിത്തത്തിനായാലും മറ്റു ഗുരുസ്ഥാനീയന്മാര്ക്കായാലും, കൈമുതലായി ഉള്ളത്. കേരളത്തിലെ പൊതുപ്രവര്ത്തനരംഗമാകട്ടെ സ്റ്റണ്ടുകളുടെ പ്രകടനാത്മകതയാല് നിറഞ്ഞിരിക്കുന്നുതാനും. എങ്കിലും സുകൃതവിരചിതമായ ദൗത്യം ഏറ്റെടുത്തവര്‍ക്ക് സനാതനമായ സഫലത ഉണ്ടാവും എന്നാണ് തപസ്യാംഗങ്ങളുടെ വിശ്വാസം. വിവേകാനന്ദസ്വാമിയുടെ ജയന്തി ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഈ വിശ്വാസം ശക്തിയായി ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
ഉണ്ണിക്കണ്ണന് കൊമ്പില്‍ കയറി നില്ക്കുന്നു എന്നതാണല്ലോ കടമ്പുവൃക്ഷത്തിന്റെ മഹത്വം. വിവേകാനന്ദസ്വാമി യുവാക്കളെ എപ്പോഴും ഓര്‍പ്പിച്ചിരുന്നു, അവരിലുള്ള ഈ ആത്മസാന്നിധ്യത്തെപ്പറ്റി. അത് ആത്മാഭിമാനത്തെയും ഭാരതത്തിന്റെ ദേശീയബോധത്തെയും ഇപ്പോഴും ഉത്തേജിപ്പിക്കുന്നു എന്ന് ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ആ ഉത്തേജനത്തിന്റെ സംവാഹകന്‍ എന്ന നിലയില്‍ എം.എ സാറിനെ അറിയുന്നതുകൊണ്ടാണ്, അദ്ദേഹത്തിന്റെ അനുശാസനമോ, അനുഗ്രഹമോ അറിയുമ്പോള്‍ ആ സ്ഥലത്തേയ്ക്ക് ദേശസ്നേഹികള്‍ ഓടിയെത്തുന്നത്. അനാരോഗ്യം വകവെയ്ക്കാതെ മഹാകവി അക്കിത്തവും ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ മാന്യ പരമേശ്വര്‍ജിയും, മറ്റു ജോലികള്‍ മാറ്റിവച്ചിട്ട് അടുത്ത രണ്ട് തലമുറയില്‍പ്പെട്ടവരും ഇങ്ങനെ ദേശീയലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒത്തു ചേരുന്നവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് തങ്ങളുടെ എം.എ. സാറിന്റെ ശതാഭിഷേകത്തിനാണ് അവര്‍ ഒത്തുകൂടുന്നത്. ആയുഷ്മാന്‍ ഭവ എന്ന പ്രാര്‍ത്ഥനയുമായി….
പി. നാരായണക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: