കൊച്ചി: ബി ടെക് പരീക്ഷകളില്‍ വിജയശതമാനം കുറഞ്ഞുവരുന്നത് ആശങ്കാജനകമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍ ഐ റ്റി കാലിക്കറ്റ് അലുമ്നി അസോസിയേഷന്(നിറ്റ്ക) കൊച്ചി ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകനുള്ള പ്രഥമ പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍ അവാര്‍ഡ് അമൃതാ യൂണിവേഴ്സിറ്റിയുടെ കൊല്ലം അമൃതപുരി ക്യാമ്പസിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മേധാവി ഡോ. പി.എസ്. ചന്ദ്രമോഹന് നായര്‍ക്ക് സമ്മാനിച്ചു സംസാരിക്കവെ മന്ത്രി അഭിപ്രായപ്പെട്ടു. മികച്ച എഞ്ചിനീയറിങ് കോളേജദ്ധ്യാപകന് പുരസ്കാരം നല്കി ആദരിക്കാനുള്ള നിറ്റ്കയുടെ തീരുമാനം പഠന നിലവാരം ഉയര്‍ത്താന്‍ സഹായകമാവുമെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മന്ത്രി ഇബ്രാ ഹിംകുഞ്ഞില് നിന്ന് ഏറ്റുവാങ്ങിയ ഡോ. ചന്ദ്രമോഹന്‍നായര്‍, ഈ തുക നിര്‍ധനനായ എഞ്ചിനീയറിങ് വിദ്യാര്‍ഥിക്ക് വര്‍ഷം തോറും സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തുന്നതിലേക്ക് നിറ്റ്കാ പ്രസിഡന്റ് വി.എം. ഫസല്‍ അലിയെ ഏല്‍പ്പിച്ചു.
മികച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിക്കുള്ള പ്രൊഫ. പി.എം. ജൂസ്സെ സ്മാരക സ്വര്‍ണമെഡല്‍ കോഴിക്കോട് എന്‍ ഐ റ്റി സിവില്‍ എഞ്ചിനീയറിങ് എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി കൃഷ്ണ ഹരിദാസിന് എറണാകുളം ജില്ലാ കളക്റ്റര്‍ പി.ഐ. ഷെയ്ക് പരീത് സമ്മാനിച്ചു.
നിറ്റ്കാ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് വി.എം. ഫസല്‍ അദ്ധ്യക്ഷം വഹിച്ചു. കോഴിക്കോട് എന്‍ ഐ റ്റി ഡയറക്റ്ററും നിറ്റ്കയുടെ രക്ഷാധികാരിയുമായ ഡോ. എം.എന്‍. ബന്ദോപാദ്ധ്യയ, അവാര്‍ഡ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. ബാബു ടി. ജോസ്, ഡോ. സുരേഷ് മണിമല, നിറ്റ്ക കൊച്ചി ചാപ്റ്റര്‍ സെകരട്ടറി സന്ദീപ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: