കൊച്ചി: നാട്ടിക ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ച് നല്കുന്ന 2011ലെ രാമു കാര്യാട്ട് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉറുമിയാണ് മികച്ച ചിത്രം. ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യാ മാധവന് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ റുപ്പിയൊരുക്കിയ രഞ്ജിത്താണ് മികച്ച സംവിധായകന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
ഫെബ്രുവരി 12ന് നടക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ സമാപനച്ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്മാന് സംവിധായകന് സിദ്ദീഖ്, ഗീത ഗോപി എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മറ്റ് പുരസ്കാരങ്ങള്‍: രണ്ടാമത്തെ ചിത്രം-ചാപ്പാ കുരിശ്, ജനപ്രിയചിത്രം-സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, തിരക്കഥാകൃത്ത്- അനൂപ് മേനോന് (ബ്യൂട്ടിഫുള്‍), സ്വഭാവനടന്‍- മനോജ് കെ ജയന് (വെള്ളരിപ്രാവിന്റെ ചങ്ങാതി), സ്വഭാവനടി -ജയപ്രദ (പ്രണയം), ഹാസ്യതാരം -സുരാജ് വെഞ്ഞാറമൂട്, യുവനടന്- ആസിഫ് അലി(സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, സെവന്‍സ്), യുവനടി -അനന്യ (സീനിയേഴ്സ്, ഡോക്ടര്‍ ലൗ), പുതുമുഖ നടന് -അമീര്‍ നിയാസ് (സെവന്‍സ്), പുതുമുഖ നടി -ഭാവിക (ബോംബെ മാര്‍ച്ച് 12), ക്യാമറമാന് -അജയന് വിന്‍സന്റ് (സെവന്‍സ്), എഡിറ്റര്‍ -രഞ്ജന്‍ എബ്രഹാം (മാണിക്യക്കല്ല്), ഗാനരചയിതാവ് -ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് (തെളുതെളേ പൂമാനപ്പന്തലില്-ഉറുമി), സംഗീതസംവിധായകന്- രതീഷ് വേഗ (മഴനീര്‍ത്തുള്ളികള്‍, ബ്യൂട്ടിഫുള്‍), ഗായകന്- കബീര്‍ (പതിനേഴിന്റെ, വെള്ളരിപ്രാവിന്റെ ചങ്ങാതി), ഗായിക -മഞ്ജരി (ചിന്നി ചിന്നി, ഉറുമി), തെന്നിന്ത്യന്‍ ചലച്ചിത്ര പ്രതിഭ-നരേന്, ജനപ്രിയ നടന് -കുഞ്ചാക്കോ ബോബന്.
ഫെബ്രുവരി അഞ്ചുമുതല്‍ 12 വരെയാണ് ബീച്ച് ഫെസ്റ്റിവല്‍. സമാപനദിവസം വൈകിട്ട് 6.30ന് മന്ത്രിമാരും സാമൂഹ്യസാംസ്കാരിക പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. സിദ്ദീഖ് ചെയര്‍മാനായ ജൂറിയില്‍ ഗായകന് ബിജു നാരായണന്, സംഗീതസംവിധായകന് ശ്യാം ധര്മന് എന്നിവരും അംഗങ്ങളായിരുന്നു. സി എം നൗഷാദ്, ഗള്‍ഫ് പാര്‍ക്ക് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: