കൊച്ചി: സി എം ദേവസി ചാരിറ്റബിള്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ വേറിട്ട സാമൂഹ്യപ്രവര്‍ത്തകനുള്ള പ്രഥമ പുരസ്കാരം ഓച്ചന്തുരുത്ത് റോസറി ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് കെ ജെ പീറ്ററിന്. സാമൂഹ്യപ്രവര്‍ത്തകനും എന്‍സിപി ജില്ലാ പ്രസിഡന്റുമായിരുന്ന സി എം ദേവസിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സി എം ദേവസി അനുസ്മരണ ചടങ്ങില്‍ മന്ത്രി കെ ബാബു സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണയ സമിതി ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1,500ലധികം രോഗികള്‍ക്കും സഹായികള്‍ക്കും ദിവസേന സൗജന്യ ഉച്ചഭക്ഷണവും മരുന്നുകളും നല്കുന്ന റോസറി ഡിവൈന്‍ ട്രസ്റ്റിന്റെ പ്രവത്തനം മാതൃകാപരമാണ്. 2006ല്‍ കെ ജെ പീറ്റര്‍ രൂപം നല്കിയ ട്രസ്റ്റ് ജനറല്‍ ആശുപത്രി ഐസലേഷന്‍ വാര്‍ഡിലെ രോഗികള്‍ക്ക് ആഹാരവും ശുശ്രൂഷയും നല്‍കിയാണ് സേവനരംഗത്ത് ചുവടുവയ്ക്കുന്നത്. പിന്നീട് ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി, മട്ടാഞ്ചേരി ഗവ. ആശുപത്രി, കരുവേലിപ്പടി ഗവ. ആശുപത്രി, മാലിപ്പുറം ഹെല്ത്ത്സെന്റര് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്കുന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത് റോസറി ട്രസ്റ്റാണ്. ഈ സേവനങ്ങള്‍ പരിഗണിച്ചാണ് പീറ്ററിനെ അവാഡിന് തെരഞ്ഞെടുത്തതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ലീമയാണ് പീറ്റിന്റെ ഭാര്യ. മക്കള്‍: ലിബിന്, ലിയോ.
സി എം ദേവസിയുടെ ഒന്നാം അനുസ്മരണച്ചടങ്ങ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബിടിഎച്ച് ഹാളില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. നടന് സുരേഷ് ഗോപി അനുസ്മരണപ്രഭാഷണം നടത്തും.
പത്രപ്രവര്ത്തകന് പി എന്‍ പ്രസന്നകുമാര്‍, ഫൗണ്ടേഷന് ചെയര്മാന് രഞ്ജി പണിക്കര്‍, അംഗങ്ങളായ എം ആര് അജയകുമാര്‍, ബാബു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരജേതാവിനെ കണ്ടെത്തിയത്. രഞ്ജി പണിക്കര്‍, സെക്രട്ടറി വി ജെ ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: