കല്‍പ്പറ്റ: ജീവിതത്തിന്റെ ദൈന്യത ഏറ്റുവാങ്ങിയ ചെട്ട്യാലത്തൂരിലെ ആദിവാസി പണിയ വിഭാഗം വിശപ്പുമറന്ന് തമ്പ്രാക്കളുടെ മുന്പില് നൃത്തമാടി. തമ്പ്രാക്കള്‍ക്ക് പായസം നല്കി സമ്മതിദാന അവകാശ ദിനം ആഘോഷിച്ചു.
വര്‍ഷങ്ങളായി വോട്ടുചെയ്തിട്ടും വികസനം തിരിഞ്ഞുനോക്കാത്ത കാട്ടിനുള്ളിലെ ചെട്ട്യാലത്തൂര്‍ ഗ്രാമവാസികളാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഗോത്രകല ജില്ലാഭരണാധികാരികളുടെ മുമ്പില്‍ അവതരിപ്പിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ളവരുടെ സംഘം പാട്ടവയലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാട്ടിലൂടെ യാത്രചെയ്താണ് ഇന്നലെ മൂന്ന് മണിയോടെ ചെട്ട്യാലത്തൂരിലെത്തിയത്.
ജീപ്പ്പിലാണ് ജില്ലാ കലക്ടറും സംഘവും കുണ്ടുംകുഴിയും നിറഞ്ഞ ആനക്കാട്ടിലൂടെ ചെട്ട്യാലത്തൂരിലെത്തിയത്. ഗ്രാമണീ ശൈലിയില്‍ തോരണങ്ങള്‍ തൂക്കി അഭിവാദ്യമര്‍പ്പിച്ച് ആദിവാസികള്‍ കലക്ടറേയും സംഘത്തെയും സ്വീകരിച്ചു. അഞ്ചാംക്ലാസ് വരെയുള്ള ഒരു എല്‍.പി.സ്ക്കൂള് മാത്രമാണ് ചെട്ട്യാലത്തൂരിന്റെ വികസനം എന്നുപറയുന്നത്. ഗ്രാമത്തിലെത്തിചേരാനുള്ള റോഡ് കാല്‍നടയാത്രക്കുപോലും യോഗ്യമല്ല.
നാന്നൂറോളം പേര് വസിക്കുന്ന ചെട്ട്യാലത്തൂരില്‍ 236 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ പകുതിയും ആദിവാസികളാണ്. പന്ത്രണ്ട് വോട്ടര്‍മാരാണ് പുതിയതായി ചേര്‍ന്നത്. വൈദ്യുതി ഇല്ലാത്ത കാട്ടുമൃഗങ്ങളുടെ ശല്ല്യംമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയും കഷ്ടപെടുന്നത് അധികൃതര്‍ നേരിട്ട് കണ്ട് മനസിലാക്കി.
പലപ്പോഴും നിവേദനങ്ങള്‍ വരാറുണ്ടെങ്കിലും പ്രശ്നങ്ങള്‍ ഇത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ജനങ്ങളോട് പറഞ്ഞു. ഇത്രയെങ്കിലും പറയാന്‍ ജില്ലാ ഭരണാധികാരികള്‍ക്ക് കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: