തിരുവനന്തപുരം: കേളപ്പജിക്ക് ഗുരുവായൂരില്‍ സ്മാരകമാണോ പ്രതിമയാണോ വേണ്ടതെന്ന കാര്യം പരിശോധിക്കുമെന്നും അതിനു സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യഗ്രഹത്തിനു നേതൃത്വം നല്കിയ കേളപ്പജിക്കു സ്ഥലത്തു ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന് അഭ്യര്‍ഥിച്ച് കെ.മാധവന് നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴി തെളിച്ച മഹത്തായ പ്രവര്‍ത്തനമാണ് ഗുരുവായൂര്‍ സത്യഗ്രഹം.
കേരളീയ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സംഭവമാണ് ഗുരുവായൂര്‍ സത്യാഗ്രഹം.അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനുമുള്ള സാമൂഹ്യപ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഗുരുവായൂര്‍-വൈക്കം സത്യാഗ്രഹങ്ങള്‍ക്ക് കഴിഞ്ഞു.തനിക്ക് സ്വന്തം രാജ്യത്തിനായി എന്തു നല്കാന് കഴിയും എന്ന് ചിന്തിച്ചുകൊണ്ട് സത്യഗ്രഹത്തിനിറങ്ങിയവരുടെ ജീവന്റെയും ത്യാഗത്തിന്റെയും വിലയാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യം.രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച് പ്രവര്‍ത്തിക്കുകയും അതു വഴി സ്വാതന്ത്ര്യം നേടി തരുകയും ചെയ്ത തലമുറയില്‍ ഇന്ന് അവശേഷിക്കുന്നവര്‍ വിരളമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അത്തരത്തില്‍ പ്രവര്‍ത്തിച്ച തലമുറയെ ആദരിക്കുന്നതു തന്നെ വിലപ്പെട്ടതാണ്.അത്തരം ആളുകളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്ന കെ.മാധവനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.
ഡോ.എന്‍.ആര്.മാധവമേനോന് അധ്യക്ഷനായിരുന്നു.ഓണ്‍ ദി ബാങ്ക്സ് ഓഫ് ദി തേജസ്വിനി എന്ന പേരില്‍ ഡോ.പി.രാധികാമേനോന്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ തേജസ്വിനിയുടെ തീരങ്ങളില്‍ എന്ന കെ.മാധവന്റെ ആത്മകഥയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും സുപ്രീം കോടതിയിലെ സീനിയര്‍ കോണ്‍സെല്‍ കെ.കെ വേണുഗോപാല്‍ നിര്‍വഹിച്ചു. പിഎസ്സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സി.പി ജോണ്‍, ബിനോയ് വിശ്വം, കെ.ആര്.ജ്യോതിലാല്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡോ.ടി.വര്‍ഗീസ്, എസ്.സുമംഗലാദേവി സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: