തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളുടെ സമഗ്രവികസനത്തിന് അയ്യായിരം കോടി രൂപയുടെ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി 90 ദിവസത്തിനകം സമര്‍പ്പിക്കാന്‍ തീരുമാനമായതായി തുറമുഖമന്ത്രി കെ.ബാബു അറിയിച്ചു. നോളജ് കമ്മീഷന് ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഡോ.സാംപിട്രാഡയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി. കെ. ബാബുവും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് നൂതനപദ്ധതിരേഖയുടെ രൂപവത്കരണമായത്. സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളെയും വികസിപ്പിക്കും. കൊല്ലം തുറമുഖത്തെ കശുവണ്ടി ഇറക്കുമതിയും കയറ്റുമതിക്കുമുള്ള ഹബ് പോര്‍ട്ടാക്കി മാറ്റും. കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി, മാരിടൈം വിദ്യാഭ്യാസം, മാരിടൈം ബോര്‍ഡ്, സംസ്ഥാനത്തെ വിവിധ മാരിടൈം സോണുകളിലെ റിസോഴ്സ് ഐഡെന്റിഫിക്കേഷന് എന്നിവയാണ് മറ്റ് പദ്ധിതകളെന്ന് മന്ത്രി ബാബു അറിയിച്ചു.
മത്സ്യമേഖലയിലെ വിവിധ വികസന പദ്ധതികളും ചര്‍ച്ച ചെയ്തു. മത്സ്യതൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രത്യേക പദ്ധതികളുടെ രൂപരേഖയും 90 ദിവസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ തീരുമാനമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി, പോര്‍ട്ട് ഡയറക്ടര്‍ ജേക്കബ് തോമസ്, ഫിഷറീസ് ഡയറക്ടര്‍ ഡോ. സി.എ.ലത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഭൂമിവിലയുടെയും വിവിധ ഘടകങ്ങള്‍ക്കായി ലഭിച്ചിട്ടുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ നെഗോഷ്യേറ്റ് ചെയ്ത് ഭൂമി വാങ്ങുന്ന രീതി അവലംബിച്ചതു മൂലം പ്രാഥമിക തലത്തില്‍ ലാന്റ് അക്വിസിഷന്‍ രീതിയില്‍ കണക്കാക്കിയിരുന്ന ഭൂമി വിലയില്‍ നിന്നും സാരമായ വര്‍ധനവ് ഉണ്ടായത് പ്രകാരം, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 4,010 കോടി രൂപയുടെ പുതുക്കിയ ഒന്നാം ഘട്ട പദ്ധതി എസ്റ്റിമേറ്റ് മന്ത്രിസഭായോഗം അംഗീകരിച്ചതായി തുറമുഖമന്ത്രി അറിയിച്ചു.
ഭൂമി ഏറ്റെടുക്കല്‍ (790.98), ബാഹ്യ അടിസ്ഥാന സൗകര്യ വികസനത്തിന് (247.94), തുറമുഖ പദ്ധതിയുടെ ആദ്യഭാഗത്തിന് (1646), നിര്‍മാണ ഘട്ടത്തിലെ പലിശ (355), ബിഒടി പദ്ധതിയുടെ തുക (970) എന്നിങ്ങനെ ആകെ 4010 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: