ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്തേക്കുള്ള താത്ക്കാലികനടപ്പാലം നിര്‍മിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.രാജഗോപാലന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് തവണടെന്ഡര് ക്ഷണിച്ചിട്ടും കരാറുകാര്‍ എത്താത്തസ്ഥിതിക്ക് പാലം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡും നഗരസഭയും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തശേഷം ഇന്നലെ ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. നടപ്പാലം സംബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും എന്ത് ചിലവ് വന്നാലും പാലം നിര്‍മിക്കുമെന്ന് നഗരസഭ ചെയര്മാന് എം.ടി.ജേക്കബ് പറഞ്ഞു.
ഭക്തജനങ്ങളുടെ സുരക്ഷക്ക് 300ത്തോളം പോലീസുകാരെ നിയോഗിക്കും. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രത്യേക ബസ്സ് സര്‍വ്വീസുകള്‍ നടത്തും. ഹെല്‍ത്ത്, ഫയര്‍ ആന്റ് സേഫ്റ്റി സിവില്‍ സപ്ലൈയ്സ്, വാട്ടര്‍ അതോറിട്ടി എന്നിവിഭാഗം ഉദ്യോഗസ്ഥന്മാരുമായി ജില്ലാകളക്ടര്‍ ചര്‍ച്ച നടത്തിയശേഷം ചിലതീരുമാനങ്ങള്‍ നടപ്പില്‍വരുത്തി. കഴിഞ്ഞതവണനഗരസഭാ നടപ്പിലാക്കിയ സൗകര്യങ്ങളെക്കാള്‍ കൂടുതല്‍ ഇത്തവണ മെച്ചപ്പെടുത്തി നടപ്പാക്കും. 16 ഒളിക്യാമറകള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും 32 ക്യാമറകള്‍ നഗരസഭയുടെ ഭാഗത്തും സ്ഥാപിക്കും.
ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മണപ്പുറത്ത് സേഫ്റ്റിടവറുകള് സ്ഥാപിക്കുന്നതോടൊപ്പം തോക്കുധാരികളായ പോലീസിന്റെ സഹായത്തോടെ ടവറുകളില്‍ വിന്യസിക്കും. താലൂക്ക് ആശുപത്രിയുടെ സേവനം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ചും തീരുമാനമെടുത്തു. ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, സെക്രട്ടറി രഘുനാഥന് നായര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്.ബൈജ്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: