തൃശൂര്‍: സാംസ്കാരിക കേരളത്തിന്റെ ശബ്ദസാഗരം ശാന്തമായി. സുകുമാര്‍ അഴീക്കോട് വിടവാങ്ങി. ഇന്നലെ പുലര്‍ച്ചെ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 6.33നായിരുന്നു സുകുമാര്‍ അഴീക്കോടിന്റെ അന്ത്യം. 86വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അഴീക്കോടിന്റെ മരുമക്കളായ എം.ടി. മനോജ്, എം.ടി. രാജേഷ്, സന്തത സഹചാരി സുരേഷ് എന്നിവരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
അമല ആശുപത്രിയിലെ ഡോ.സി.ഗോപിനാഥ്, ശ്രീകുമാര്‍ പിള്ള, പി.സി.സുധീരന്, ടി.പി.ഗിരിജന്‍ എന്നിവര്‍ പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ എട്ടരയോടെ അഴീക്കോട് മാഷിന്റെ ഭൗതിക ശരീരം ആശുപത്രിയില്‍ നിന്നും ഒന്‍പതു മണിയോടെ എരവിമംഗലത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് സാഹിത്യ അക്കാദമിയിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. നാലുമണി കഴിഞ്ഞതോടെ അഴീക്കോടിന്റെ ഭൗതിക ശരീരം തൃശൂരില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 11മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് നടക്കും. രാത്രി കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു.
കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആദ്യം തൃശൂരിലെ ഹാര്‍ട്ട് ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവു കുറഞ്ഞതിനെ തുടര്‍ന്നാണ് മാഷ് കുഴഞ്ഞു വീണത്. തൊണ്ടയിലെ അര്‍ബുദ ബാധ മരണത്തിലേക്ക് നയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ അന്ത്യം സംഭവിച്ചു.
ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഭൂരിഭാഗം പേരും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ആറ് പതിറ്റാണ്ടോളം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ഡോ.സുകുമാര്‍ അഴീക്കോട്. വിമര്‍ശനങ്ങളും വിവാദങ്ങളും എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരളത്തിന്റെ കര്‍മ്മ മണ്ഡലങ്ങളില്‍ കാവല്‍ക്കാരന്റെ ജാഗ്രതയോടെയാണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്നകാര്യങ്ങള് അദ്ദേഹം പറഞ്ഞു. പ്രസംഗപീഠത്തിന് ഒരു തേജസ്സായിരുന്നു അദ്ദേഹം. പതിനായിരത്തിലേറെ വേദികളിലായി നടത്തിയ പ്രഭാഷണങ്ങള്‍ കേരളീയ സമൂഹത്തിന്റെ മനസ്സില്‍ പതിഞ്ഞതാണ്. എന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധാപൂര്‍വം മലയാളി സമൂഹം കേട്ടു. മരണ ശയ്യയില്‍ കിടക്കുമ്പോഴും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം അദ്ദേഹം താന്‍ എത്രയേറെ കേരള സമൂഹത്തെ നോക്കിക്കാണുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു. അധ്യാപകന്, തത്വചിന്തകന്‍, വിമര്ശകന്, സാംസ്കാരിക പ്രവര്ത്തകന് തുടങ്ങി ഏറെ മേഖലകളില്‍ പ്രവര്‍ത്തിച്ചു. സാംസ്കാരിക ലോകത്തിന്റെ അവസാന വാക്കായി അഴീക്കോട് മാറിയിരുന്നു.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോടില്‍ 1926 മേയ്12ന് പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി ജനനം. പ്രഭാഷകനെന്ന നിലയില്‍ കേരളം കണ്ട്യുഎക്കാലത്തെയും വലിയ പ്രതിഭയായിരുന്നു അദ്ദേഹം.
കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ ഒരുവര്‍ഷത്തെ വൈദ്യപഠനം. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബികോം, ബിടി, സംസ്കൃതത്തിലും മലയാളത്തിലും എംഎ, കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി എന്നിവ നേടി. യൗവനാരംഭത്തില്‍ തന്നെ വാഗ്ഭടാനന്ദഗുരു ദേവന് സ്വാധീനിച്ചു. 1946-ല്‍ ജോലി തേടി ഡല്‍ഹിയിലേക്ക്. ലഭിച്ച ഉദ്യോഗം വേണ്ടെന്നുവച്ച് തിരിച്ചുപോരുമ്പോള്‍ സേവാഗ്രാമത്തില്‍ ചെന്ന് ഗാന്ധിജിയെ കണ്ടു. ചിറക്കല്‍ രാജാസ്കൂള് (1952), മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് (എംഎ ബിരുദമെടുക്കുന്നതിനു മുന്‍പേ അവിടെ മലയാളം-സംസ്കൃതം ലക്ചററായി, 1952-56) കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് ( 1956-62ല്‍ മലയാളം ലക്ചറര്‍) എന്നിവിടങ്ങളില്‍ അധ്യാപനം. മൂത്തക്കുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ (1962-1971), കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗം പ്രൊഫസര്‍ ( 1971-1986), പ്രൊവൈസ് ചാന്‍സലറായും ആക്റ്റിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986-ല്‍ സര്‍വീസില്‍ ്യൂനിന്നും വിരമിച്ചു. ആദ്യത്തെ എമറിറ്റസ് പ്രൊഫസര്‍, യുജിസിയുടെ ഭാരതീയഭാഷാ പഠനത്തിന്റെ പാനല്‍ അംഗമായും കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതിയംഗമായും പ്രവര്‍ത്തിച്ചു. യുജിസിയുടെ ആദ്യത്തെ നാഷണല്‍ ലക്ചറര്‍. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ( 1965-9177), ്യൂനാഷണല് ബുക് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ചെയര്മാന് ( 1993-1996). 1985-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് മലയാള സാഹിത്യ വിമര്‍ശം എന്ന കൃതിക്കു ലഭിച്ചു. ‘തത്വമസി’ എന്ന കൃതി 1985-ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ക്കും 1989-ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴത്ത് അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ക്കും അര്‍ഹമായി. കേരള സാഹിത്യ അക്കാദമി 1991-ല്‍ വിശിഷ്ടാംഗത്വം ്യൂനല്കി ആദരിച്ചു. 2004-ലെ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന് പുരസ്കാരം നേടി. സ്വാതന്ത്ര്യ ജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പര, ഭാരതീയതയെ കുറിച്ച് ഏഴുദിവസം തൃശൂരില്‍ നടത്തിയ പ്രഭാഷണ പരമ്പര അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം പത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. വിവിധ പത്രങ്ങളിലായി സാഹിതീസപര്യ, നേര്‍ക്കാഴ്ച, ഇന്‍-പാസിങ്, ശനിവിശേഷം, മറയില്ലാതെ തുടങ്ങി കോളങ്ങള്‍ കൈകാര്യം ചെയ്തു. വിവിധഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടവ ഉള്‍പ്പെടെ മുപ്പത്തഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: