തൃശൂര്‍ : മതതീവ്രവാദസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനക്ക് സമ്മേളനം നടത്താന്‍ ക്ഷേത്രഭൂമി നല്‍കിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുന്നാഥ ക്ഷേത്രത്തിന് സമീപമുള്ള കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു.
ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന് സമ്മേളനം നടത്താന്‍ വടക്കുന്നാഥ ക്ഷേത്രമൈതാനം അനുവദിച്ചത്. ക്ഷേത്രങ്ങള്‍ക്കും ഹൈന്ദവസംഘടനകള്‍ക്കുമൊക്കെ എതിരായ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വടക്കുന്നാഥ ക്ഷേത്രമൈതാനി നല്‍കിയ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഹൈന്ദവ സംഘടനാഭാരവാഹികള്‍ ദേവസ്വം അധികൃതരെ അറിയിച്ചു. ലെറ്റര്‍ ഹെഡ് പോലുമില്ലാതെയാണ് ഇവര്‍ ദേവസ്വം ബോര്‍ഡില്‍ അപേക്ഷ നല്‍കിയത്. മുസ്ലീം മതതീവ്രവാദ സംഘടനയാണെന്ന് അറിഞ്ഞിട്ടും ദേവസ്വം അധികൃതര്‍ ഭൂമി അനുവദിക്കുകയായിരുന്നു. പോലീസ് പോലും ഇവരുടെ റാലിക്ക് അനുമതി നല്‍കിയിരുന്നില്ല. ഇത് ലംഘിച്ചാണ് ഇന്നലെ ഗതാഗത തടസ്സം സൃഷ്ടിച്ച് പ്രകടനവും റാലിയും നടത്തിയത്.
ഇതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദേവസ്വം അസി.കമ്മീഷണറുമായും വടക്കുന്നാഥ ക്ഷേത്രം മാനേജരുമായും വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളായ ആര്‍എസ്‌എസ് മഹാനഗര്‍ കാര്യവാഹ് സി.എന്‍. ബാബു, ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി പി.സുധാകരന്‍, കെ.മുകുന്ദന്‍ (ഹിന്ദു ധര്‍മജാഗരണ്‍സമിതി), എസ്.വി.ജയചന്ദ്രന്‍ (വിഎച്ച്പി), എം.എന്‍. രഞ്ജിത്ത് (എബിവിപി), ഇ.എം. ചന്ദ്രന്‍ (അയ്യപ്പസേവാസമാജം), പി.എസ് രഘുനാഥ് (ക്ഷേത്രസംരക്ഷണസമിതി), കെ.രഘു, പി.എസ്.രാജു, ജില്ലാപ്രചാരക് രവീന്ദ്രന്‍, ജില്ല സമ്പര്‍ക്കപ്രമുഖ് കെ.സുരേഷ് എന്നിവര്‍ ചര്‍ച്ച നടത്തി. വരും നാളുകളില്‍ ഇത്തരം സംഘടനകള്‍ക്ക് ക്ഷേത്രഭൂമി നല്‍കിയാല്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടായിരിക്കുമെന്ന് ഹൈന്ദവ സംഘടനാനേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ഹൈന്ദവ സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ പരിപാടി നടത്താന്‍ അനുമതി ചോദിച്ച് ചെന്നാല്‍ ഏറെ നൂലാമാലകള്‍ ചൂണ്ടിക്കാണിക്കുന്ന ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്യാമ്പസ് ഫ്രണ്ടിന് ലെറ്റര്‍ ഹെഡ്പോലുമില്ലാതെയാണ് അപേക്ഷനല്‍കിയപ്പോള്‍ സ്ഥലം അനുവദിച്ച് നല്‍കിയതെന്നും ഹൈന്ദവ സംഘടനാനേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജില്ലയില്‍ വ്യാപകമായ രീതിയില്‍ ഹൈന്ദവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തൃശൂരില്‍ സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ ഐഎസ്‌എമ്മിന്റെ പേരില്‍ അള്ളാഹുവിനെ മാത്രമാണ് എല്ലാവരും ആരാധിക്കേണ്ടതെന്ന പ്രചരണ നോട്ടീസ് ഇറക്കിയിരുന്നു. ഇതില്‍ പുണ്യമരമോ, പുണ്യമൃഗമോ, പുണ്യപുഷ്പമോ, ശ്രീകോവിലിലോ ഒതുങ്ങാത്ത ഏകദൈവം അള്ളാഹുമാത്രമാണെന്നാണ് പ്രചരിപ്പിക്കുന്നത്. പെരുമ്പാവൂരില്‍ ഏതാനും ദിവസം മുമ്പ് ഗര്‍ഭിണിയായ പശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് തങ്ങള്‍ ഭാരത സംസ്കാരത്തിന്റെ ഭാഗമായ പശുവിനെ അംഗീകരിക്കാത്ത തരത്തിലുള്ള നോട്ടീസുകള്‍ ഇറക്കിയിരിക്കുന്നത്. എല്ലാ വീടുകളിലും ഇത് കൊണ്ടെത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: