അയോധ്യാ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട എന്‍.എസ്.മാധവന്റെ കഥയാണ് ‘തിരുത്ത്’. അയോധ്യയില്‍ തകര്‍ന്നുവീണത് ‘തര്‍ക്ക മന്ദിരം’ അല്ല ‘ബാബറി മസ്ജിദ്’ ആണെന്ന് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് ചുല്യാറ്റ് എന്ന കഥാപാത്രം തിരുത്തുന്നതിലൂടെ ഇസ്ലാമിക മതമൗലികവാദികള്‍ ഈ കഥയെ മാറോടു ചേര്‍ക്കുകയുണ്ടായി. എന്‍.എസ്.മാധവന്റെ ഈ തിരുത്ത് വലിയൊരു ശരിയായി ഇന്ത്യയ്ക്കകത്തും പുറത്തും ആഘോഷിക്കപ്പെടുകയുണ്ടായി. ‘കാര്മന്’, ‘നാലാം ലോകം’, ‘വന്മരങ്ങള് വീഴുമ്പോള്‍’ പോലുള്ള ഉജ്വലമായ കഥകളെഴുതിയ മാധവനും സാഹിത്യേതരമായി ആഘോഷിക്കപ്പെട്ടു. മാധവന്റെ തിരുത്ത് കഥയിലായിരുന്നു. സാങ്കല്‍പ്പികമായിരുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു തിരുത്ത് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നു. തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച ഒരു സംഭവം മാത്രമാണെന്നും അത് പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ലെന്നുമാണ് സുപ്രീംകോടതിയുടെ തിരുത്ത്.
വിശ്വാസവും ആരാധനയുമായി ബന്ധപ്പെട്ടത് കൂടി ആയതിനാല്‍ അയോധ്യയിലെ രാമജന്മഭൂമിയുടെ പ്രശ്നം കോടതിക്ക് പുറത്ത് രമ്യമായി തീര്‍ക്കണമെന്ന നിലപാടാണ് ഹൈന്ദവ-ദേശീയ സംഘടനകള്‍ തുടക്കം മുതല്‍ സ്വീകരിച്ചത്. അയോധ്യയിലെ തര്‍ക്കമന്ദിരം ബാബറി മസ്ജിദ് ആണെന്ന് വാദിച്ചവര്‍ക്ക് പക്ഷെ ഇത് സ്വീകാര്യമായില്ല. തര്‍ക്കമന്ദിരം നിലനിന്ന കാലത്തും അത് തകര്‍ന്നതിന് ശേഷവും അവരുടെ ഈ നിലപാടില്‍ മാറ്റമുണ്ടായില്ല. തര്‍ക്കം കോടതി തീരുമാനിക്കട്ടെയെന്ന് ഓള് ഇന്ത്യ ബാബറിമസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കോടതികള്‍ പറഞ്ഞിട്ടുള്ള വിധികളിലേറെയും ഹിന്ദുക്കള്‍ക്ക് അനുകൂലമായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
തര്ക്കമന്ദിരത്തിനുള്ളിലെ രാംലാല വിഗ്രഹത്തെ പൂജിക്കാനുള്ള അനുവാദം 1949 ല്‍ സിറ്റി മജിസ്ട്രേറ്റ് നല്കി. രാംലാല വിഗ്രഹം മാറ്റുന്നത് ഫയ്സാബാദ് സിവില്‍ കോടതി 1950 ല്‍ തടഞ്ഞു. ഇതിനെതിരായ അപ്പീല്‍ സിവില്‍ ജഡ്ജിയും തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചും 1957 ല്‍ തള്ളി. ജന്മസ്ഥാനിലെ ഗേറ്റ് തുറക്കാന്‍ 1986 ല്‍ ഫയ്സാബാദ് മുന്‍സിഫ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. പൂജകളും ഭജനകളുമൊന്നും തടയരുതെന്ന് യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ശിലാന്യാസം തടയണമെന്ന് ആവശ്യപ്പെട്ട് ചില മുസ്ലീം സംഘടനകള്‍ നല്കിയ ഹര്‍ജി 1989ല്‍ സുപ്രീംകോടതി തള്ളി. തര്‍ക്കമന്ദിരത്തിന് ചുറ്റുമുള്ള 2.77 ഏക്കര്‍ സ്ഥലം യുപി സര്‍ക്കാര്‍ ഏറ്റെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങളായ ചിലര്‍ നല്കിയ ഹര്‍ജി 1991 ല്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് നിരസിച്ചു. ഒരിക്കല്‍ മസ്ജിദായി പരിഗണിക്കപ്പെട്ട സ്ഥലം പിന്നീട് എക്കാലും അങ്ങനെയായിരിക്കുമെന്ന വാദം തള്ളി മുഖ്യ താഴികക്കുടം ഉണ്ടായിരുന്നതിന് താഴെയുള്ള രാംലാലയുടെ പൂജ തുടരാനും ഇതിന് മാറ്റം വരരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
രാമജന്മഭൂമി ചരിത്രപരമായും വിശ്വാസപരമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് 2010 സപ്തംബര്‍ 30 ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് നിര്‍ണായകമായ വിധി പ്രഖ്യാപിച്ചു. തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട് എടുത്ത ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനിയേയും മറ്റ് ഇരുപത്തിയൊന്ന് പേരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചുകൊണ്ട് തര്‍ക്ക മന്ദിരം തകര്‍ന്നത് സാധാരണ സംഭവമാണെന്ന് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഏറ്റവും ഒടുവിലത്തേതാണ്.
1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലുണ്ടായത് ഒരു സംഭവം മാത്രമാണെന്നും അത് ‘പ്രസിദ്ധമോ കുപ്രസിദ്ധമോ’ അല്ലെന്നുമാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടത്. “അത് എങ്ങനെ പ്രസിദ്ധമാകും. അതൊരു സംഭവം മാത്രമാണ്. ബന്ധപ്പെട്ടവര്‍ കോടതിക്കു മുമ്പാകെയുണ്ട്. അത് പ്രസിദ്ധമോ കുപ്രസിദ്ധമോ അല്ല”- എന്നാണ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു, സി.കെ.പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് പരാമര്‍ശിച്ചത്. കേസില്‍ സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ‘പ്രസിദ്ധമായ’ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ തിരുത്ത്. കോടതിയുടേത് ഒരു നിരീക്ഷണം മാത്രമാണെങ്കിലും അയോധ്യാ സംഭവം മുന്‍നിര്‍ത്തി മതവിദ്വേഷം വളര്‍ത്തിയും വോട്ട് ബാങ്ക് സൃഷ്ടിച്ചും മുതലെടുത്തുകൊണ്ടിരുന്നവര്ക്ക് കനത്ത പ്രഹരമാണേറ്റത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണഘടനയെപ്പോലും മറികടന്നുകൊണ്ട് മുസ്ലീം പ്രീണനത്തിന് ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസിന്റെയും മറ്റും തലയ്ക്ക് കിട്ടിയ കിഴുക്കാണ് കോടതിയുടെ പരാമര്‍ശം.
അയോധ്യാപ്രക്ഷോഭം നയിച്ചവര്‍ക്ക് രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. 1992 ഡിസംബര്‍ ആറിന് ഉണ്ടായത് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. എന്നാല്‍ ഈ സംഭവം മുതലാക്കി ഇന്ത്യയെ മതപരമായി വിഭജിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്കിയ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഇടതുപാര്‍ട്ടികളും മുസ്ലീം മതമൗലികവാദികളും തീവ്രമായി ശ്രമിച്ചത്. ഇക്കാര്യത്തിലുള്ള അവരുടെ ഐക്യം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. തര്‍ക്ക മന്ദിരത്തിന്റെ തകര്‍ച്ചയെ മഹാത്മാഗാന്ധി വധിക്കപ്പെട്ടതിനോട് ഉപമിച്ചുകൊണ്ട് പ്രഥമ പൗരനായിരുന്ന വ്യക്തി വിവേക ശൂന്യമായി നടത്തിയ പ്രസ്താവന വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നതായിരുന്നു. നാലര നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ഒരു ജീര്‍ണ്ണിച്ച കെട്ടിടം തകര്‍ന്നുവീണത് പള്ളിപൊളിക്കലായി ചിത്രീകരിക്കുക വഴി ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ പ്രതിഛായ നഷ്ടമാകുന്നതിനെക്കുറിച്ച് ബാബറി മസ്ജിദിന്റെ വക്താക്കള്‍ ചിന്തിച്ചതേയില്ല. ഇസ്ലാം അനുശാസിക്കുന്ന വിധത്തിലുള്ള ആരാധന ഏതെങ്കിലും കാലത്ത് അവിടെ നടന്നിട്ടുള്ളതിന് യാതൊരു തെളിവും ഹാജരാക്കാതെയായിരുന്നു ഇത്. നിസ്ക്കാരത്തിനൊ മറ്റ് ചടങ്ങുകള്‍ക്കൊ വേ ണ്ടിയുള്ള ഒരു സൗകര്യവും ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച ‘പ്രസിദ്ധവും കുപ്രസിദ്ധവുമായി’ ചിത്രീകരിക്കപ്പെട്ടു. നെഹ്റു കുടുംബത്തിലെ ആരെങ്കിലുമാണ് ഭരിച്ചിരുന്നതെങ്കില്‍ അയോധ്യാ സംഭവം ഒഴിവാക്കാമായിരുന്നു എന്ന് പ്രധാനമന്ത്രി പദം മോഹിക്കുന്ന രാഹുല്‍ അടുത്തകാലത്ത് പറഞ്ഞതും ഇതിന്റെ തുടര്‍ച്ചയായിരുന്നു.
രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കിക്കൊണ്ടുള്ള അയോധ്യാ കേസിലെ അലഹബാദ് ഹൈക്കോടതി വിധിയോടെയെങ്കിലും തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച മഹാദുരന്തമായും മസ്ജിദ് തകര്‍ക്കലായും ചിത്രീകരിക്കുന്ന പ്രചാരണം അവസാനിപ്പിക്കേണ്ടതായിരുന്നു. മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധിയില്‍ മൂന്നു കാര്യങ്ങള്‍ ഊന്നിപ്പറയുകയുണ്ടായി.
ഒന്ന്: തര്‍ക്ക സ്ഥലം ഭഗവാന് ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമാണ്. ആരാധന നടത്തുന്ന സ്ഥലത്തിന് നിയമപ്രാബല്യമുണ്ട്. ഭഗവാന് ശ്രീരാമനെ രാംലാലയായി ആരാധിക്കപ്പെടുന്ന സ്ഥലമാണത്.
രണ്ട്: വര്‍ഷം വ്യക്തമല്ലെങ്കിലും തര്‍ക്കമന്ദിരം നിര്‍മിച്ചത് ബാബര്‍ ആണ്. ഇസ്ലാമിന്റെ രീതികള്‍ക്ക് വിരുദ്ധമായാണ് അത് നിര്‍മിച്ചത്. അതുകൊണ്ടുതന്നെ ഒരു മസ്ജിദിന്റെ സ്വഭാവം അതിനില്ല.
മൂന്ന്: ഒരു പഴയ നിര്‍മിതി തകര്‍ത്തതിനുശേഷമാണ് തര്‍ക്കമന്ദിരം നിര്‍മിച്ചത്. ഒരു ഹൈന്ദവ ആരാധനാമന്ദിരമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന് ആര്‍ക്കിയോളജി സര്‍വെ ഓഫ് ഇന്ത്യ തെളിയിച്ചിട്ടുണ്ട്.
നിലവിലുള്ള ആരാധനാലയം തകര്‍ത്താണ് തര്‍ക്കമന്ദിരം നിര്‍മിച്ചതെന്നും അതിനുള്ളില്‍ ഉണ്ടായിരുന്ന രാമവിഗ്രഹത്തിന് നിയമസാധുതയുണ്ടെന്നുമുള്ള അലഹബാദ് ഹൈക്കോടതി വിധിയോടെ ‘ബാബറി മസ്ജിദി’ന്റെ വക്താക്കള്‍ തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമ ചോദിക്കേണ്ടതായിരുന്നു. 1992 ന് ശേഷം വര്‍ഷംതോറും ഡിസംബര്‍ ആറ് അടുക്കുമ്പോള്‍ മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ട് മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അലഹബാദ് ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ ഈ ആവശ്യം മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ വിഷലിപ്തവും വിദ്വേഷപൂര്‍ണമായ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ നിലനിന്നിരുന്ന തര്‍ക്കമന്ദിരം മസ്ജിദ് ആണെന്ന് കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വിധി വന്നതോടെ പറുദീസ നഷ്ടമായി. കോടതി അനുകൂലമാവുമെന്ന മുന്‍വിധിയോടെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയെ അപലപിച്ചും അയോധ്യാ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്തിയും ബാബറിമസ്ജിദിനുവേണ്ടി വാദിച്ചും പ്രത്യേക പതിപ്പുകള്‍ തയ്യാറാക്കിവെച്ച മാധ്യമങ്ങള്‍ക്ക് സ്വന്തം വിശ്വാസ്യത ഒരു പ്രശ്നമേ ആയിരുന്നില്ല. തങ്ങള്‍ കൊതിച്ചതല്ല കോടതി വിധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടും ഈ മാധ്യമങ്ങള്‍ ഒരു തിരുത്തിന് തയ്യാറായില്ല.
അദ്വാനിക്കും മറ്റുമെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായി മുന്നോട്ടു കൊണ്ടുപോകുന്ന സിബിഐക്കുള്ള മുന്നറിയിപ്പു കൂടിയാണ് തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച ഒരു സാധാരണ സംഭവം മാത്രമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം. അദ്വാനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിബിഐയുടെ നടപടി നിയമപ്രക്രിയയുടെ ദുരുപയോഗമാണ്. കേസില്‍ സിബിഐ സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളിലോ കുറ്റപത്രത്തിലോ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയിരുന്നില്ല. തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് രണ്ട് കേസുകളാണ് എടുത്തത്. ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കും അറിയപ്പെടാത്ത വ്യക്തികള്‍ക്കും എതിരെയായിരുന്നു ഒരു കേസ്. അദ്വാനി, അശോക് സിംഗാള്‍, ഉമാഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു രണ്ടാമത്തെ കേസ്. പിന്നീട് ഒറ്റ കുറ്റപത്രത്തിലൂടെ രണ്ട് കേസുകളും ഒന്നാക്കി. 1993 ല്‍ കേസിന്റെ വിചാരണ റായ്ബറേലി കോടതിയില്‍നിന്ന് ലക്നൗ പ്രത്യേക കോടതിയിലേക്ക് മാറ്റി. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് 2011 ല്‍ അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ വിചാരണക്കോടതി റദ്ദാക്കി. അനുബന്ധ കുറ്റപത്രം ഹാജരാക്കിയപ്പോഴും പ്രതികള്‍ക്കെതിരെ സിബിഐ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നില്ല. പിന്നീട് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സുപ്രീംകോടതിയെ സമീപിച്ച സിബിഐയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തം. ആ നിലയ്ക്ക് കോടതിയുടെ ഇപ്പോഴത്തെ പരാമര്‍ശം സി ബി ഐക്കും ഒരു തിരുത്തിനുള്ള അവസരമാണ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: