മുസ്ലീം പ്രീണനത്തിനായി കോണ്‍ഗ്രസ് ഏതറ്റംവരെ പോകുമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് രാജസ്ഥാന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ വിഖ്യാത സാഹിത്യകാരന് സല്മാന് റുഷ്ദിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവാദം. 1988 ല്‍ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്റെ പേരില്‍ മുസ്ലീം മതമൗലികവാദികളുടെ വധഫത്വ നേരിടുന്ന റുഷ്ദിയെ സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ചശേഷം അദ്ദേഹത്തെ ഇന്ത്യയിലെത്താന്‍ അനുവദിക്കാതെ മുസ്ലീം പ്രീണനം നടത്തുകയാണ് രാജസ്ഥാനിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. റുഷ്ദിയെ സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ചത് അദ്ദേഹം ഇന്ത്യയിലെത്തി ആ പരിപാടിയില്‍ പങ്കെടുക്കാനല്ല. നേരെമറിച്ച് റുഷ്ദിയെ ഇന്ത്യയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന മുസ്ലീങ്ങളെ പിന്തുണച്ച് അവരുടെ അനുഭാവം നേടുന്നതിനുവേണ്ടിയാണെന്ന് വ്യക്തമായിരിക്കുന്നു. റുഷ്ദിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നതില്‍നിന്ന് രാജസ്ഥാന്‍സര്‍ക്കാര്‍ വിലക്കിയത്. റുഷ്ദി വന്നാല്‍ അദ്ദേഹം വധിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ തനിക്കെതിരായ സുരക്ഷാഭീഷണി രാജസ്ഥാന് സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്നും പോലീസ് നുണ പറയുകയായിരുന്നുവെന്നും റുഷ്ദി തുറന്നടിച്ചതോടെ കോണ്‍ഗ്രസിന്റെയും കേന്ദ്ര-രാജസ്ഥാന് സര്‍ക്കാരുകളുടെയും മുഖം നഷ്ടമായിരിക്കുകയാണ്.
ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സല്മാന് റുഷ്ദി പങ്കെടുക്കാത്തതിലുള്ള പ്രമുഖ സാഹിത്യകാരന്മാരുടെ പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മറുപടിയാണ്. റുഷ്ദിയുടെ വിവാദ പുസ്തകമായ സാത്താനിക് വേഴ്സസിലെ ഏതാനും ഭാഗം വായിച്ചുകൊണ്ടാണ് ഹരി കുന്‍സ്രു, അമിതാവ് കുമാര്‍ എന്നിവര്‍ പുതിയ മാര്‍ഗ്ഗത്തിലൂടെ പ്രതിഷേധം അറിയിച്ചത്. ഇരുവരും അവരുടെ സാഹിത്യ സൃഷ്ടികള്‍ വായിക്കുന്നുവെന്ന രീതിയിലാണ് സാത്താനിക് വേഴ്സസില്‍ നിന്നുള്ള ഏതാനും ഭാഗം വായിച്ചത്. ജനമധ്യത്തില്‍ തന്റെ പുസ്തകം വായിച്ചതിലുള്ള നന്ദി ഈ സാഹിത്യകാരന്മാരെ റുഷ്ദി അറിയിക്കുകയും ചെയ്തു. വായനയുമായി മുന്നോട്ട് പോകരുതെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കുന്‍സ്രുവും കുമാറും അനുസരിച്ചില്ല. ഇവരെ കൂടാതെ ജീത് തയില്‍, രുചിര്‍ ജോഷി എന്നിവരും സാത്താനിക് വേഴ്സസിലെ ചില ഭാഗങ്ങള്‍ വായിച്ചത് സംഘാടകര്‍ക്കും മുസ്ലീം മതമൗലികവാദികള്‍ക്കും തിരിച്ചടിയായി. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സാത്താനിക് വേഴ്സസ് വായിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പാര്‍ലമെന്റ് അംഗവും മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീമിന് എന്ന സംഘടനയുടെ പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടതില്‍ പുതുമയൊന്നുമില്ല.
നിരോധിക്കപ്പെട്ട പുസ്തകം വായിച്ചത് പ്രകോപനപരമാണെന്നും സാഹിത്യോത്സവം ഇസ്ലാം വിരുദ്ധ വേദിയായി എന്നതിന്റെ തെളിവാണിതെന്നും അവകാശപ്പെട്ടായിരുന്നു ഒവൈസിയുടെ ഫത്വ. സംഘാടകരും സാഹിത്യകാരന്മാരും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നും പറയുന്ന ഒവൈസി ആടിനെ പട്ടിയാക്കുകയാണ്. റുഷ്ദിയുടെ പുസ്തകത്തിന്റെ പേരില്‍ മതവികാരം കുത്തിപ്പൊക്കിയതും അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടത് താനുള്പ്പെടെയുള്ളവരാണെന്നുള്ള വസ്തുത ഒവൈസി സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. സല്മാന് റുഷ്ദിയുടെ നിരോധിക്കപ്പെട്ട പുസ്തകമായ ‘സാത്താനിക് വേഴ്സസ്’ സാഹിത്യോത്സവത്തില്‍ വായിക്കുന്നതിനെതിരെ ചില മുസ്ലീം സംഘടനകള്‍ രംഗത്തു വന്നത് ഒവൈസിയുടെ ആവശ്യത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്ന എഴുത്തുകാര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കാനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് ഇവരുടെ പരിപാടി.
നിരോധിക്കപ്പെട്ട പുസ്തകം വായിക്കുന്നത് കുറ്റകരമാണ്. ജനങ്ങളെ പ്രകോപിപ്പിക്കുക മാത്രമാണ് ഇത്തരം പ്രവൃത്തികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കുമെന്ന് പറയുന്ന ഇക്കൂട്ടര്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അറിയാനുള്ള ജനങ്ങളുടെ അവകാശത്തെക്കുറിച്ചും അജ്ഞത നടിക്കുകയാണ്. പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച് കൂടുതല്‍ സാഹിത്യകാരന്മാര് പ്രതിഷേധവുമായി രംഗത്ത് വരുന്നത് തടയാനും നീക്കമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജയ്പൂര്‍ പോലീസ് ഓഫീസര്‍ അറിയിച്ചെങ്കിലും സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പറയുന്നതിന് പിന്നില്‍ രാജസ്ഥാന് സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും സമ്മര്‍ദ്ദം വ്യക്തമാണ്. കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് മുസ്ലീം പ്രദേശാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുസ്ലീം വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണ് സല്മാന് റഷ്ദിയുടെ ഇന്ത്യാ സന്ദര്‍ശന പ്രശ്നം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ റുഷ്ദിയെ പല വിധത്തില്‍ ചൂഷണംചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്ത് റുഷ്ദിയെ സ്വാദിഷ്ടമായ വിഭവമായി അവര്‍ക്ക് വിളമ്പാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്ന ബിജെപി നേതാവ് ഉമാഭാരതിയുടെ വിമര്‍ശനം മറ്റു പലരുടേയും അഭിപ്രായമാണ്. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്റെ പേരില്‍ റുഷ്ദിയെ വധിക്കാന്‍ മതശാസന പുറപ്പെടുവിച്ചത് ഇറാനിലെ നേതാവായിരുന്ന അയത്തുള്ള ഖൊമേനിയായിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവുജീവിതം നയിച്ചുവരുന്ന റുഷ്ദി ഒന്നിലധികം തവണ വധശ്രമത്തില്‍നിന്ന് രക്ഷപ്പെടുകയുണ്ടായി. പുസ്തകം ഏതെങ്കിലും രാജ്യം നിരോധിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ ആ കൃത്യം ചെയ്തുകൊണ്ട് രാജീവ്ഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലീങ്ങളുടെ മതവികാരം ആളികത്തിക്കുകയായിരുന്നു. കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തിനും ജനങ്ങള്‍ക്കും വിനാശകരമായ മുസ്ലീംപ്രീണനം കയ്യൊഴിയാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നതിന്റെ തെളിവാണ് റുഷ്ദിയെവെച്ച് മുതലെടുക്കാന്‍ ആ പാര്‍ട്ടി നടത്തുന്ന ശ്രമം തെളിയിക്കുന്നത്. ഉത്തര്‍പ്രദേശുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംവോട്ടുകള്‍ മൊത്തമായി വാരിക്കൂട്ടാമെന്ന ദുഷ്ടലാക്കാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും കേന്ദ്രസര്‍ക്കാരിനെയും നയിക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരുന്ന കാലം അതിവിദൂരമല്ല. ഇതിന്റെ പ്രതിഫലനം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: