രാഷ്ട്രീയ അസ്ഥിരതയുടെ ചുഴിമലരുകളില് മുങ്ങിത്താഴാനും നിയന്ത്രണം വിട്ട് മുതലകൂപ്പു നടത്താനും വിധിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്. മതത്തിന്റെ പേരില്‍ വികാരം ഇളക്കിവിട്ട് ഒരു ജനക്കൂട്ടത്തെ ഒന്നിച്ചുനിര്ത്തിയതുകൊണ്ട് ഒരു രാജ്യത്തിന് നിലനില്‍ക്കാനോ മുന്നോട്ടുപോകാനോ ആവില്ലെന്ന സത്യത്തിലേക്കാണ് പാക്കിസ്ഥാന് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. അട്ടിമറിക്കപ്പെട്ട ജനാധിപത്യവും, ജനപ്രീതി നഷ്ടപ്പെട്ട ഭരണകൂടവും, രോഷമടക്കാനാവാതെ ഭരണകൂടങ്ങളെ തിന്നുതീര്‍ക്കുന്ന പട്ടാളവുമൊക്കെ ഈ ഇസ്ലാമിക ഭരണത്തില്‍ നട്ടം തിരിയുകയോ തിരിക്കപ്പെടുകയോ ചെയ്യുകയാണ്.
ഇപ്പോള്‍ ജുഡീഷ്യല്‍ സമ്പോട്ടേജ് അഥവാ നീതിന്യായ അട്ടിമറി എന്നപദം കൂടി രാഷ്ട്രതന്ത്ര ശാസ്ത്രത്തിന് പാക്കിസ്ഥാന് സംഭാവന നല്കിയിരിക്കുന്നു. രാഷ്ട്രീയ- സൈനിക അട്ടിമറികളിലൂടെ ഭരണകൂടങ്ങളെ കടപുഴകിയെറിയുകയും നരഹത്യ വഴി കൊടുംപാതകങ്ങള്‍ പടച്ചുവിടുകയും ചെയ്ത നമ്മുടെ ഈ അയല്‍ രാജ്യമിപ്പോള്‍ ജുഡീഷ്യല്‍ അട്ടിമറി വഴി ഭരണസ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ജുഡീഷ്യല്‍ ഏറ്റുമുട്ടല്‍ വഴി ഗിലാനിയ്ക്കും സര്‍ദാരിയ്ക്കും ഭരണം നഷ്ടപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
അഴിമതിക്കേസില്‍പ്പെട്ട ഇപ്പോഴത്തെ പ്രസിഡന്റ് ആസിഫ്അലി സര്‍ദാരി ഉള്‍പ്പെടെ 8000 ത്തോളം പ്രതികള്‍ക്ക് പൊതുമാപ്പ് നല്കിയ നടപടിയാണ് സുപ്രീം കോടതി പിന്നീട് റദ്ദാക്കിയത്. ഇതിനെതുടര്‍ന്ന് ഉത്തരവ് നടപ്പാക്കാന്‍ നല്കിയ അന്ത്യശാസനവും വൃഥാവിലായിരുന്നു. ഇതിനേ തുടര്‍ന്നാണ് പരമോന്നത നീതിപീഠം സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. പ്രസ്തുത നടപടിയുടെ ഭാഗമായിട്ടാണ് പ്രസിഡന്റ് യൂസഫ് റാസ ഗിലാനി കോടതി മുമ്പാകെ ഹാജരായത്. എന്നാല്‍ കോടതി കൂടുതല്‍ കരുത്താര്‍ജിച്ച് ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണറിയുന്നത്.
പാക്കിസ്ഥാന്റെ 64 കൊല്ലത്തെ ചരിത്രത്തില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. പട്ടാള അട്ടിമറിയില്‍ തകര്‍ന്ന് വീണ ഭരണക്കാരുടെ എണ്ണം കുറച്ചൊന്നുമല്ല. അധികാരം സുപ്രീം കോടതി ഏറ്റെടുക്കാനുള്ള സാദ്ധ്യതപോലും രാഷ്ട്രീയ വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. എന്‍ആര്‍ഒ മെമ്മോറിയല്‍ കേസുകളിലെ സുപ്രീം കോടതി വിധിയാവും പാക്കിസ്ഥാന് ഭരണകൂടത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക. സുപ്രീം കോടതിയുടെയും സൈന്യത്തിന്റെയും ഭീകരവാതക്കാരുടെയും തീരുമാനങ്ങളാണ് പാക്കിസ്ഥാന് എന്ന രാജ്യത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുക.
നാഷണല്‍ റീകണ്സീലിയേഷന് ഓര്‍ഡിനന്‍സ് വഴി പൊതുമാപ്പ് നല്‍കപ്പെട്ടവരുടെ പ്രശ്നമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് വഴിമരുന്നിട്ടത്. ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രധാനമന്ത്രി ഗിലാനി സ്വീകരിച്ചിരുന്നില്ല. കുറ്റങ്ങള്‍ നിയമാനുസൃതമാക്കിയ ഓര്‍ഡിനന്‍സിനെ സുപ്രീം കോടതി നഖശിഖാന്തം എതിര്‍ത്തു. എല്ലാ ഔദ്യോഗിക ഇടപാടുകളിലും 10 % കമ്മീഷന് വാങ്ങിയിരുന്ന സര്‍ദാരി ഭാര്യ ബേനസീറിന്റെ കാലത്തുതന്നെ മിസ്റ്റര്‍ 10 പേര്‍സെന്റ് എന്നാണറിയപ്പെട്ടിരുന്നത്. ജനറല്‍ പര്‍വേശിന്റെ കാലത്ത് നല്കിയ മാപ്പ് വഴിയാണ് സര്‍ദാരി രക്ഷപ്പെട്ടിരുന്നത്. ഈ വിവാദം കത്തി നില്‍ക്കുമ്പോഴാണ് മേമ്മോഗേറ്റ് വിവാദം കൂടു തുറന്ന് പുറത്ത് വന്നത്.
ബിന്ലാദന് അബോട്ടബാദില്വെച്ച് കൊല്ലപ്പെട്ടതുമൂലം പട്ടാളം അസംതൃപ്തരായി അധികാരം തിരിച്ചു പിടിക്കുമെന്നുറപ്പായിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനായി പീപ്പിള്‍സ് പാര്‍ട്ടി ഭരണ നേതാക്കന്മാര് അമേരിക്കയുടെ പിന്തുണ തേടിയിരുന്നുവത്രേ. യുഎസ് അഡ്മിറല്‍ മൈക്ക്മുളളന് ഇതു സംബന്ധിച്ച് സന്ദേശം കൈമാറിയെന്നതാണ് പ്രധാന ആക്ഷേപം. പ്രത്യേകം കമ്മീഷനെ വെച്ച് സുപ്രീം കോടതി ഇതിപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കയാണ്. ഇതുരണ്ടും കൂടി കൂട്ടി വായിക്കുമ്പോഴാണ് ജുഡീഷ്യറിയുമായുള്ള ഏറ്റുമുട്ടലിന്റെയും അതുവഴിയുണ്ടായേക്കാവുന്ന തകര്‍ച്ചയുടേയും സാദ്ധ്യതകള്‍ തെളിഞ്ഞുവരുന്നത്.
താളപ്പിഴമാത്രം വരച്ചുകാട്ടുന്ന പട്ടാള നേതൃത്വവും അടിത്തറ നഷ്ടപ്പെട്ട ജനാധിപത്യവും മനുഷ്യത്വവും സന്മനസ്സും നഷ്ടപ്പെട്ട മതനേതൃത്വങ്ങളും കൂട്ടത്തില്‍ ബാലന്‍സ് തെറ്റുന്ന ജുഡീഷ്യറിയും ചേര്‍ത്ത് പാക്കിസ്ഥാന് എന്ന രാജ്യത്തെ തന്നെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കയാണ്. ജുഡീഷ്യറിയ്ക്കു മുന്നില്‍ പ്രസി.ഗിലാനി എത്തിയെന്നത് ശരിയാണ്. പക്ഷേ ഏറ്റുമുട്ടല്‍ സാധ്യത കുറഞ്ഞിട്ടില്ല. സുപ്രീംകോടതി നിയമാനുസൃതഭരണ അട്ടിമറി അടിച്ചേല്‍പ്പിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
1990കളുടെ മദ്ധ്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവു ഉള്‍പ്പെടെയുള്ള ഭരണാധിപന്മാരുടെ അഴിമതിയാല്‍ നട്ടം തിരിയപ്പെട്ട സാഹചര്യമുണ്ടായിരുന്നു. ലോകമെങ്ങും ഇന്ത്യയിലെ അഴിമതി ചര്ച്ചാവിഷയമായിത്തീര്ന്നിരുന്നു. ഈ അഴിമതി പ്രപഞ്ചത്തെ അടിസ്ഥാനമാക്കി പ്രമുഖ പത്ര പ്രവര്‍ത്തകയായ ചിത്രാ സുബ്രഹ്മണ്യം അക്കാലത്തെഴുതിയ ഇന്ത്യാഈസ് ഫോര്‍ സെയില്‍ എന്ന പുസ്തകം ലോക പ്രശസ്തിനേടിയിരുന്നു. ഇതേപോലെ പാക്കിസ്ഥാനിലെ ചില പുസ്തകങ്ങളും ഇപ്പോള്‍ ലോക പ്രശസ്തമായിത്തീര്‍ന്നിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ എഴുതിയ റീകണ്‍സിലിയേഷന്‍ സോങ്ങ്സ് ഓഫ് ബ്ലഡ് ആന്റ് സ്വോര്‍ഡ് എ.എസ്.അഹമ്മദിന്റെ പോസ്റ്റ്മോഡേന്നിസ. ആന്റ് ഇസ്ലാം എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു. ഇസ്ലാമിക വ്യവസ്ഥയില്‍ ആത്മീയതയും വികസന പ്രക്രിയയും അടച്ചുനിര്ത്തി രാജനൈതിക അധികാര ദാഹം അരങ്ങുവാഴുന്നു എന്നതാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നതിനുമുമ്പ് എഴുതിയ തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാഷ്ട്രപിതാവ് മുഹമ്മദാലിജിന്നയേയും തന്റെ പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയേയും തന്നെയും കാഫറുകളായി പ്രഖ്യാപിച്ച് പാക് മതനേതൃത്വം വേട്ടയാടിയ കാര്യം അവര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ബേനസീറിന്റെ സഹോദരപുത്രിയായ ഫാത്തിമാഭൂട്ടോ തന്റെ പുസ്കത്തില്‍ തന്റെ സ്നേഹനിധിയായ പിതാവിനെ കൊല്ലിച്ചത് ബേനസീര്‍ ഭൂട്ടോ തന്നെയാണെന്ന് കാര്യകാരണ സഹിതം ശക്തമായ ഭാഷയില്‍ ഫാത്തിമ വിവരിക്കുന്നു. പാക്കിസ്ഥാന് എന്നു ഊതിവീര്‍പ്പിച്ച ബലൂണിന്റെ ദുരവസ്ഥയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യസമരഘട്ടത്തില്‍ രാഷ്ട്രത്തിന്റെ അടിത്തറ മതമല്ലെന്നും മറിച്ച് സംസ്ക്കാരവും ചരിത്രവും ദേശീയതയുമാണെന്നതായിരുന്നു ഗാന്ധിജിയുടെയും മറ്റും കാഴ്ചപ്പാട്. മതമാണെന്ന് വാദിച്ചുകൊണ്ട് ജിന്നയും ലീഗും നിലപാടെടുത്തു. പാക്കിസ്ഥാന് വാദത്തെ ന്യായമായ ന്യൂനപക്ഷ അവകാശമായി അംഗീകരിച്ച് കമ്യൂണിസ്റ്റുകാര്‍ പിന്തുണച്ചു. മതമല്ല രാഷ്ട്രത്തിനടിസ്ഥാനമെന്ന വാദം പാക്കിസ്ഥാനില്‍ വേട്ടയാടപ്പെട്ട മൊഹാജീര്‍ മുസ്ലീങ്ങളും ബംഗ്ലാദേശിലെ ബിഹാരി മുസ്ലീംങ്ങളും തെളിയിക്കുന്നു. പാക്കിസ്ഥാന്റെ വിഭജനവും ബംഗ്ലാദേശിന്റെ ആവിര്‍ഭാവവും രാഷ്ട്ര വിഭജനത്തിന്റെ അന്തസ്സാരശുന്യത വിളിച്ചോതുന്നു.
ഹിന്ദുത്വമെന്ന ദേശീയതയാണ് നമ്മുടെ രാഷ്ട്രത്തിന്റെ കാതലായ മര്‍മ്മമെന്ന സത്യം ഓരോദിവസം കഴിയുന്തോറും തെളിഞ്ഞുകൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നമ്മുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: