തൃശ്ശൂര്‍: ചുട്ടിയഴിച്ച് കഥകളിവേദിയില്നിന്നും ധരിച്ചിരുന്ന വസ്ത്രം പോലും മാറാതെ പ്രിയാലക്ഷ്മി പ്രകാശ് മിമിക്രിവേദിയായ സി.എം.എസ്.എച്ച്.എസ്.എസ്സിലേക്ക് ഓടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട കഥകളിമേക്കപ്പ് മൂലം ചുവന്നിരുണ്ട മുഖം പോലും കഴുകാതെ തന്റെ ഇഷ്ടകലയുടെ അവതരണവേദിയിലെത്തിയ പ്രിയാലക്ഷ്മിക്ക് പിഴച്ചില്ല. ആവര്‍ത്തനവിരസതയും നിലവാരമില്ലായ്മയും കൊണ്ട് ബോറടിച്ച ആസ്വാദകസദസ്സിനെ ആദ്യമിനിട്ടില്തന്നെ പ്രിയ ഇളക്കിമറിച്ചു. അഞ്ച് മിനിട്ട് കൊണ്ട് അനുകരണകലയെ ആസ്വാദ്യമാക്കിയ പ്രിയ വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ നിലയ്ക്കാത്ത ഹര്ഷാരവമായിരുന്നു. മത്സരഫലത്തെകുറിച്ച് ആര്‍ക്കും സംശയമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഒന്നാംസ്ഥാനവും ഹാട്രിക് നേട്ടവും. കുറച്ചുകഴിഞ്ഞപ്പോള്‍ കഥകളി ഫലവുമെത്തി. അതിലും ഒന്നാംസ്ഥാനം.
കോഴിക്കോട് വയനാട് റോഡില്‍ അക്കരക്കാട്ടില്‍ വീട്ടില്‍ ഡോ.പ്രേംപ്രകാശ്, ഡോ.റീന പ്രകാശ് ദമ്പതികളുടെ ഇളയമകളും കോഴിക്കോട് സെന്റ്ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ പ്രിയാലക്ഷ്മി പ്രകാശ് ഇത് തുടര്‍ച്ചയായി മൂന്നാംതവണയാണ് സ്കൂള്‍കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാമതെത്തുന്നത്. കഥകളിയും വയലിനും ഹൃദിസ്ഥമാക്കിയ പ്രിയ കഥകളിയില്‍ തുടര്‍ച്ചയായി അഞ്ചാംവര്‍ഷമാണ് നേട്ടം കൊയ്യുന്നത്. പത്താംക്ലാസില്‍ കഥകളിയില്‍ രണ്ടാംസ്ഥാനം നേടിയ പ്രിയ ഒമ്പതാംക്ലാസിലും പ്ലസ്വണ്ണിലും കഥകളിയില്‍ മൂന്നാമതെത്തിയിരുന്നു. ഇത്തവണ കല്യാണസൗഗന്ധികത്തിലെ ഭീമനെ വേദിയിലവതരിപ്പിച്ചാണ് ഒന്നാമതെത്തിയത്.
ഇന്നലെ പ്രിയയ്ക്ക് ടെന്‍ഷന്റെ മണിക്കൂറുകളായിരുന്നു. ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കഥകളിയും മിമിക്രിയും ഒരേസമയത്തായതിനാല്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന് സംഘാടകരെ അറിയിച്ചിരുന്നു. കഥകളി കഴിഞ്ഞ് മിമിക്രി വേദിയിലെത്തുന്നതിനായി പുലര്‍ച്ചെ അഞ്ച് മണിക്കുതന്നെ കഥകളിവേഷമിടാന് സേക്രട്ഠാര്ട്ട്സ് സ്കൂളിലെത്തിയിരുന്നുവെങ്കിലും ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നശേഷമാണ് അകത്തുകടക്കാനായത്. കഥകളി അവതരിപ്പിച്ചുകഴിയും മുമ്പെ മിമിക്രിവേദിയില്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ ഊഴം പൂര്‍ത്തിയാക്കിയിരുന്നു. പിന്നെ പ്രിയയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഓടിക്കിതച്ചെത്തിയ പ്രിയ കിതപ്പടക്കും മുമ്പ് വേദിയിലെത്തി. മകുടിയും ട്രെയിനും ബലൂണ്‍ വീര്‍പ്പിക്കലും തൃശൂര്‍ പൂരവുമൊക്കെ കേട്ടുമടുത്തിരുന്ന സദസ്സിനുമുന്നിലേക്ക് അണ്ണാഹസാരെയായിട്ടായിരുന്നു പ്രിയയുടെ വരവ്. അണ്ണാഹസാരെയില്‍ തുടങ്ങിയ അവതരണം മുല്ലപ്പെരിയാറിന്റെ വിള്ളലടയ്ക്കാമെന്ന പരസ്യത്തിന്റെ ഈണത്തിലേക്ക് വഴിമാറി. സുഗതകുമാരിയും ഇ.എം.ബിജിമോള്‍ എം.എല്‍.എയും കെ.എം.മാണിയും പത്മജയും കെ.മുരളീധരനുമെല്ലാം മിനിട്ടുകള്‍ക്കകം കടന്നുവന്നു. കൂടെ കൊലവെറി ഗാനവും. പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ ഇത് ധാരാളമായിരുന്നു. വയലിനിലും മത്സരിച്ച പ്രിയയ്ക്ക് കഴിഞ്ഞവര്‍ഷം എ ഗ്രേഡും ഇത്തവണ ബി ഗ്രേഡും ലഭിച്ചിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ ചേച്ചി സീതാലക്ഷ്മി 2006-ല്‍ തൃശ്ശൂരില്‍നടന്ന കലോത്സവത്തിലും തൊട്ടടുത്തവര്‍ഷവും മിമിക്രിയില്‍ ഒന്നാമതെത്തിയിരുന്നു. കല്‍ക്കത്ത നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതിയിലെ വിദ്യാര്‍ത്ഥിയായ ചേട്ടന് സത്യപ്രകാശും രണ്ടുതവണ മിമിക്രിയില്‍ സംസ്ഥാനതലത്തില്‍ നേട്ടം കൊയ്തിരുന്നു. മിമിക്രിയില്‍ കലാഭവന്‍ പ്രദീപ് ലാലാണ് മൂവരുടേയും ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: