തൃശ്ശൂര്‍: ആറ്റിങ്ങല്‍ പാര്‍വതീപുരം ഗ്രാമത്തില്‍ പുഷ്പാലയത്തില്‍ സംസ്ഥാന കലോത്സവം കൊണ്ടെത്തിച്ചത് ഇരട്ടിമധുരമാണ്. സഹോദരങ്ങള്‍ മത്സരിച്ച മേളയില്‍ രണ്ടുപേരും എ ഗ്രേഡുകള്‍ നേടിയപ്പോള്‍ അത് പാര്‍വതീപുരം ഗ്രാമത്തിനുള്ള അംഗീകാരമായി. കൊല്ലം പാരിപ്പിള്ളി അമൃത സംസ്കൃതവിദ്യാലയത്തിലെ എം.പി.കൃഷ്ണരാജും തിരുവനന്തപുരം കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹരിത രാജുമാണ് നേട്ടങ്ങളുടെ നെറുകയിലെത്തിയത്.
ഹയര്‍സെക്കന്‍ഡറി വിഭാഗം വയലിനില്‍ എ ഗ്രേഡോടെ കൃഷ്ണരാജ് മൂന്നാംസ്ഥാനം നേടിയപ്പോള്‍ ഹരിത രാജ് വൃന്ദവാദ്യത്തിലും വീണയിലും എ ഗ്രേഡ് കരസ്ഥമാക്കി. കഴിഞ്ഞവര്‍ഷം വീണ, ഗാനമേള, വൃന്ദവാദ്യം എന്നിവയില്‍ എ ഗ്രേഡ് നേടിയിരുന്ന ഹരിത രാജ് നാളെ ഗാനമേള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൃഷ്ണരാജ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ കര്‍ണ്ണാടകസംഗീതം, ലളിതഗാനം, അഷ്ടപദി, സംഘഗാനം എന്നിവയില്‍ മികവ് പുലര്‍ത്തിയിരുന്നു. ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകരാണ് ഇരുവരും.
തൃശൂരില്‍ നടന്ന ബാലഗോകുലത്തിന്റെ കൃഷ്ണായനം പരിപാടിയില്‍ ഭാരത ദര്‍ശനത്തില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. കൃഷ്ണരാജ് ബാലഗോകുലം ബാലസമിതിയുടെ ജില്ലാസമിതി അംഗമായിരുന്നു. ആറ്റിങ്ങല്‍ പാര്‍വതീപുരം ഗ്രാമത്തില്‍ മുരുകന്റേയും പുഷ്പയുടേയും മക്കളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: