“ജീവകാരുണ്യനിരൂപണം” എന്ന കൃതിയിലൂടെ നാമെല്ലാവരും സഹജീവികളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്ജ്ജിക്കേണ്ടതിന്റെയും ആവശ്യകതയെ താത്വികമായി വിശദീകരിക്കുകയാണ് ചട്ടമ്പിസ്വാമികള്‍.
ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനുവേണ്ടിയാണ് എന്ന വാദത്തിനുള്ള മറുപടിയില്‍ ‘സിംഹം തുടങ്ങിയ ഹിംസ്രജന്തുക്കളുടെ ഉദരപൂരണത്തിനായിട്ടാണോ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന മറുപചോദ്യം അദ്ദേഹം ചോദിക്കുന്നു. അതുകൂടാതെ ശരീരശാസ്ത്രത്തെ ഉദ്ധരിച്ചുകൊണ്ട് മനുഷ്യന്റെ പല്ലുകളുടെയും ദഹനാവയവങ്ങളുടെയും ഘടന മാംസഭക്ഷണത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം യുക്തിയും, ഉദാഹരണങ്ങലും നിരത്തി വിശദമാക്കുന്നു.
ഹിംസകൂടാതെ ഒരു ജീവിക്കും ശരീരം നിലനിര്ത്തുവാനാവില്ല എന്നതിന് അദ്ദേഹം നല്കുന്ന വിശദമായ മറുപടിയിലെ ഒരു പ്രസക്തഭാഗം ഇതാണ്. “തീരെ മാംസഭുക്കുകളല്ലാത്തവനും ഒന്നിനെയും ഹിംസിക്കരുതെന്ന നിര്‍ബന്ധമായ കരുതലോടുകൂടി സൂക്ഷിച്ചു നടക്കുന്നവനുമായ ഒരുവന് അറിയാതെ, ശ്വാസോച്ഛാസം മുതലയാവയാല്‍ എത്രയോ ജീവികളുടെ നാശത്തിന് കാരണമാകുന്നു. ഇത് കൂട്ടികളെപോലെ വളര്‍ത്തിയും വിലയ്ക്കുവാങ്ങിയും കൊല്ലുന്നതുപോലെ പാരപമാകുകയില്ല. അവ തന്നെ കൊല്ലുമെന്നോ അവയെ തനിക്കു കൊല്ലണമെന്നോ ഉള്ള കാരണങ്ങളോ മനപൂര്‍വമോ ഇല്ല. ഒരുവന് അറിയാതെ അവന്റെ പുറത്തൊരു മരം വീണു മൃതിപ്പെടുന്നതുപോലെ മാത്രമത്രേ ഇതും. ഈ ഹിംസയെ തടുക്കാന്‍ മാര്‍ഗ്ഗമില്ല.”
സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് ആധുനികശാസ്ത്രം അറിയുന്നതിന് എത്രയോ മുന്‍പേതന്നെ നമ്മുടെ പൂര്‍വികര്‍ക്ക് ഇതറിയാമായിരുന്നു. “ചരാചരജീവന്മാര്‍” എന്ന പ്രയോഗം എത്രയോ നൂറ്റാണ്ടുകളായി ഭാരതത്തില്‍ ഉപയോഗത്തിലുണ്ട്. അചരങ്ങള്ക്കും ജീവനുണ്ട്. എന്നാല്‍ മൂന്നോ, നാലോ, അഞ്ചോ ജ്ഞാനേന്ദ്രിയങ്ങളുള്ള പക്ഷിമൃഗാദികളനുഭവിക്കുന്ന വേദനയോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു ഇന്ദ്രിയം മാത്രമുള്ളവയും, നേര്‍ന്ന സംവേദനശക്തിയുള്ളവയുമായ സസ്യങ്ങളുടെ വേദനവളരെ തുച്ഛമാണ്. അതുകൊണ്ട് സസ്യഭക്ഷണം മൂലമുണ്ടാകുന്ന ഹിംസ താരതമ്യേന തുലോം തുച്ഛമാണ്.
അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ പാശ്ചാത്യപണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് നല്ല ആരോഗ്യത്തിന് മാംസഭക്ഷണം അനിവാര്യമല്ലെന്ന് ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.
– ചട്ടമ്പിസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: