ന്യൂദല്‍ഹി: ഓസ്കാര്‍ പരിഗണനയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് മലയാള ചിത്രം ആദാമിന്റെ മകന് അബു പുറത്ത്. മികച്ച വിദേശ ചിത്രമെന്ന പരിഗണനയ്ക്കുള്ള പട്ടികയില്‍ നിന്നാണ് ചിത്രം പുറത്തായത്. മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ദേശീയ അവാര്‍ഡുകള്‍ അബുവിലൂടെ മലയാളത്തിനു ലഭിച്ചിരുന്നു.
ആദാമിന്റെ മകന് പുറത്തായതോടെ സോഹന്‍ റോയ് സംവിധാനം ചെയ്ത ഇംഗ്ലിഷ് ചിത്രം ഡാം 999 ലാണ് ഇന്ത്യന്‍ പ്രതീക്ഷ. ഇതിലെ ഗാനങ്ങളാണ് ഓസ്കാറില്‍ മത്സരിക്കുന്നത്. ഔസേപ്പച്ചനാണു സംഗീതം. ജനവരി 24ന് അവസാന നോമിനേഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് ഏതൊക്കെയാണ് ശേഷിക്കുക എന്ന് അറിയാന്‍ കഴിയുക.
ബുള്‍ഹെഡ്(ബെല്‍ജിയം), മോനിസര്‍ ലാഷര്‍(കാനഡ), സൂപ്പര്‍ക്ലാസിക്കോ(ഡെന്മാര്ക്ക്), പിന(ജര്‍മ്മനി), ഫുട്ട് നോട്ട്(ഇസ്രയേല്‍), ഒമര്‍ കില്‍ഡ് മി(മൊറോക്കോ), ഇന്‍ ഡാര്‍ക്ക്നസ്(പോളണ്ട്), വാരിയേഴ്സ് ഓഫ് ദി റെയിന്‍ബൊ(തായ്വാന്) എന്നീ ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് കമ്മിറ്റി അഞ്ച് ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുക.
ഫെബ്രുവരി 26നാണ് ലോസാഞ്ചലസിലെ കൊടാക് തിയേറ്ററില്‍ ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: