ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിന്റെ പ്രായപ്രശ്നം വന്‍ വിവാദമായതിന് കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി എ.കെ.ആന്റണിയുടെ പിടിപ്പുകേട്. കരസേനാ മേധാവിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിന് വഴിതെളിച്ച സംഭവം രമ്യമായി പരിഹരിക്കാന്‍ കിട്ടിയ അവസരമെല്ലാം പ്രശ്നത്തെ നിസ്സാരവല്‍ക്കരിച്ച് അവഗണിക്കുകയായിരുന്നു ആന്റണി.
തന്റെ ജനനത്തീയതിയിലെ തെറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് ജനറല്‍ സിംഗ് രണ്ട് തവണ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് അപേക്ഷ നല്‍കിയെങ്കിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാക്കിസ്ഥാന് മാതൃകയില്‍ കരസേനാ മേധാവിയും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം വന്‍ പ്രതിസന്ധിയില്‍ എത്തിച്ചതിന് പ്രതിരോധമന്ത്രാലയത്തിനും ആന്റണിക്കുമെതിരെ സര്‍ക്കാരിനകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി.
നിയമങ്ങളെ മുറുകെപ്പിടിക്കുന്ന വ്യക്തിയായി അറിയപ്പെടുന്ന ആന്റണി സിംഗിന്റെ പ്രശ്നം രഹസ്യമാക്കിവെച്ചതാണ് ഒടുവില്‍ പൊല്ലാപ്പായത്. ഈ പ്രശ്നത്തില്‍ ആരും പ്രതികരിക്കരുതെന്ന കര്‍ശന നിര്‍ദേശവും അദ്ദേഹം നല്കി. കഴിഞ്ഞ പത്ത് മാസത്തോളമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നത്തിനെതിരെ കരസേനാ മേധാവി പരസ്യമായി പ്രതികരിച്ചിട്ടും ആന്റണി അനങ്ങിയില്ല. കരസേനാ മേധാവിയുടെ നിലപാടിനെ പിന്തുണച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് കഴിഞ്ഞമാസം കത്തെഴുതുകയും ചെയ്തു. ഒടുവില്‍ പ്രശ്നം പ്രധാനമന്ത്രിയുടെ മുന്നിലെത്തിയതോടെയാണ് ആന്റണിയുടെ പിടിപ്പുകേട് സഹപ്രവര്‍ത്തകര്‍ക്കും ബോധ്യമായത്. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഒരു മുതിര്‍ന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞു. ജനറല്‍ സിംഗുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കേണ്ടതായിരുന്നുവെന്ന് ഒരു മുതിര്‍ന്ന കാബിനറ്റ് മന്ത്രിയും സമ്മതിച്ചു.
ഇതേസമയം, സുപ്രീംകോടതിയെ സമീപിച്ച ജനറല്‍ സിംഗിനെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധ സഹമന്ത്രി എം.എം.പള്ളംരാജു രംഗത്തെത്തി. നിര്‍ഭാഗ്യകരമായ സംഭവവികാസമാണിതെന്നും പ്രതിരോധമന്ത്രാലയത്തെയും സായുധസേനകളെയും ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ കീഴ്വഴക്കം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. സിംഗിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയോ പുതിയ കരസേനാ മേധാവിയെ നിയമിക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പള്ളം രാജു.
സങ്കീര്‍ണമായ പ്രശ്നത്തെ നിസ്സാരവല്‍ക്കരിച്ച ആന്റണിയുടെ നടപടി ആശ്ചര്യജനകമാണെന്ന് ബിജെപി നേതാവും മുന്‍ സൈനിക ഓഫീസറുമായ ജസ്വന്ത് സിംഗ് ചൂണ്ടിക്കാട്ടി. പ്രതിരോധമന്ത്രിയെന്ന നിലയില്‍ ആന്റണിയുടെ പിടിപ്പുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നാണംകെടുന്നതിന് മുമ്പ് കരസേനാ മേധാവിയുമായി മാന്യമായ ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് ആവശ്യപ്പെട്ടു.
സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം തന്റെ ജനനവര്‍ഷം 1951 ആയി അംഗീകരിച്ചാല്‍ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏത് ദിവസവും കാലാവധിക്ക് മുമ്പുള്ള റിട്ടയര്‍മെന്റിന് ജനറല്‍ സിംഗ് ഒരുക്കമാണെന്ന് യുപിഎ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ള കാര്യവും വിശ്വസനീയവൃത്തങ്ങളെ ഉദ്ധരിച്ച് ഡോ. സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ നാല് ദശാബ്ദമായി അഡ്ജൂട്ടന്റ് ജനറല്‍ ഓഫീസ് അംഗീകരിച്ചുപോരുന്ന ജനനവര്‍ഷം 1951 ആണെന്ന് സിംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള കാര്യവും സ്വാമി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: