മുംബൈ: സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള സമവായമാണ് രാജ്യത്തിനാവശ്യമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെറ്റ്ലി വ്യക്തമാക്കി. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളളില്‍ ചര്‍ച്ച നടക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ ധിക്കാരപരമായും പക്ഷപാതിത്വത്തോടെയും പെരുമാറുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ മുതിര്‍ന്ന നേതാവുകൂടിയായ അരുണ്‍ ജെറ്റ്ലി സമകാലിക രാഷ്ട്രീയം മുതല്‍ ക്രിക്കറ്റില്‍ സ്വീകരിക്കുന്ന നയതന്ത്രജ്ഞത വരെ ചര്‍ച്ചാവിഷയമാക്കി.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും മികവുറ്റ ഭരണം കാഴ്ചവച്ചതിന്റെ പേരില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളതായി അദ്ദേഹം വിലയിരുത്തി. കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസിനെ തൃണമൂല്‍ തറപറ്റിക്കാനുള്ളസാധ്യത തള്ളിക്കളയാനാവില്ല. ആശയപരമായി യാതൊരു ഐക്യവും യുപിഎ മുന്നണിക്കില്ല. പ്രധാന പ്രതിപക്ഷമായ ബിജെപി പരമാവധി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ്.
പരമ്പരാഗതമായി ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം പലപ്പോഴും പരാജയമാണ്. ഏത് തരത്തിലുള്ള ബൗളിംഗിനെ നേരിടാനും പുതുതലമുറയിലെ ബാറ്റ്സ്മാന്മാര് തയ്യാറായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പലപ്പോഴും പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. എന്നാല്‍ വളരെ വേഗംതന്നെ അവ തിരുത്താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് തനിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
അന്താരാഷ്ട്ര വിമാനത്താവളം ഉത്തര്‍പ്രദേശില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല, കാരണം യുപിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയില്ല. കേന്ദ്രസര്‍ക്കാരിന് മൂക്കുകയറിടാന്‍ ലോക്പാല്‍ ബില്ലിന് സാധിക്കുമെന്ന് കരുതുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ കുടുംബസാന്നിധ്യം ഏറിവരുന്ന സാഹചര്യം ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്ക് വ്യാപിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ അവസരോചിതമായ സമയത്ത് രംഗത്ത് കൊണ്ടുവരും. രാജ്യത്തിന് സ്വീകാര്യനായവനെ മാത്രമേ ആ സ്ഥാനത്തേക്ക് ബിജെപി നിര്‍ദേശിക്കുകയുള്ളൂ. സംവരണ അജണ്ട കോണ്‍ഗ്രസ് കൊണ്ടുവന്നത് യുപിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ്. മുംബൈ നഗരത്തിന് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതായും ദല്‍ഹിയേക്കാള്‍ ജനസംഖ്യ ഇപ്പോള്‍ മുംബൈയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: