കൊച്ചി: വിദേശയാത്രയ്ക്കിടെ ടോമിന് തച്ചങ്കരി ദുബായിലെ എമിറേറ്റ്സ് നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതായി എന്‍.ഐ.എ റിപ്പോര്‍ട്ട്. ദോഹയില്‍ തച്ചങ്കരിയുടെ ഹോട്ടല്‍ ബില്ല് അടച്ചത് രണ്ട് മലയാളി വ്യവസായികളാണെന്നും എന്‍.ഐ.എ കണ്ടെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം പന്ത്രണ്ടാം തീയതിയാണ് ഐ.ജി ടോമിന് തച്ചങ്കരിയെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിനൊപ്പം എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
സിക്കിമിലേക്കെന്ന വ്യാജേന കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പത്തിന് ദോഹയിലെത്തിയ ടോമിന് തച്ചങ്കരി ഹോട്ടല്‍ ഗള്‍ഫ് ഹൊറൈസണിലാണ് ആദ്യം തങ്ങിയത്. പിന്നീട് താമസം റമദാ ഹോട്ടലിലേക്ക് മാറ്റി. അവിടെ വച്ച് പിണറായി വിജയന്റെ വീടാണെന്ന് പറഞ്ഞ് മറ്റൊരു വീട് ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച വ്യക്തി റെനി മാത്യുവുമായി കൂടിക്കാഴ്ച നടത്തുകയും റെനിയോട് കേരള പോലീസിന് മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തച്ചങ്കരി താമസിച്ച ഹോട്ടല്‍ ഗള്‍ഫ് ഹൊറൈസണിലെ ബില്ലടച്ചത് ഹോട്ടലുടമയായ മുട്ടമ്പില് രാജനാണ്. റമദയിലെ പണം നല്‍കിയത് വ്യവസായിയായ സി.കെ മേനോനും. മുട്ടമ്പില് രാജനെയും സി.കെ മേനോനെയും എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. ഹോട്ടല്‍ ബില്ലടച്ച പണം തച്ചങ്കരിയുടെ ബന്ധുവായ പോത്തച്ചന് തനിക്ക് തിരികെ നല്‍കിയതായി സി.കെ മേനോന് എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
താന്‍ ദുബായില്‍ താമസിച്ചത് ഭാര്യയൂടെ ബന്ധുവായ സുനിതയുടെ ഫ്ലാറ്റിലായിരുന്നുവെന്നാണ് തച്ചങ്കരി എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇത് കളവാണെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തച്ചങ്കരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: