തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെയും മുസ്ലീംലീഗ് നേതാക്കളുടെയും ഇ-മെയില്‍ പോലീസ് പരിശോധിച്ചെന്ന വിവാദത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മെയില്‍ ഐ.ഡി ആരുടേതെന്നു പരിശോധിക്കുക മാത്രമാണു പോലീസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇ-മെയിലുകള്‍ തുറന്നു പരിശോധിക്കാന്‍ സര്‍ക്കാരോ പോലീസോ ഏജന്‍സികളോ ആവശ്യപ്പെട്ടിരുന്നില്ല. 268 മെയ്ല് ഐഡികളാണു പോലീസ് അറസ്റ്റ് ചെയ്തയാളില്‍ നിന്നു കണ്ടെത്തിയത്. ഇതില്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരുമുണ്ടായിരുന്നു.
എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടെ പേരു മാത്രമാണു വാര്‍ത്തകളില്‍ വന്നത്. അന്യ മതക്കാരെ ഒഴിവാക്കി. ഇത്തരമൊരു ഹീന ശ്രമമുണ്ടായതു നിര്‍ഭാഗ്യകരമാണ്. ഇതിനു വിശദീകരണം നല്കേണ്ടതു വാര്‍ത്ത പ്രസിദ്ധീകരിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമം ദിനപത്രവും വാരികയുമാണു വാര്‍ത്ത പുറത്തു വിട്ടത്. വിഷയം പത്രപ്രവര്‍ത്തകരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. പോലീസ് ആരുടെയും ഇമെയില്‍ പരിശോധിക്കുകയോ ചോര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒരു കേസുമായി ബന്ധപ്പെട്ടു പോലീസ് സംശയിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇരുനൂറ്റിയെഴുപത്തഞ്ചിലേറെ പേരുടെ ഇമെയില്‍ വിലാസം ലഭിച്ചതെന്നും ഇതില്‍ എല്ലാ മതവിഭാഗക്കാരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: