തിരുവനന്തപുരം: തീവ്രവാദ കേസിലെ പ്രതികളുടെ യാത്രയ്ക്കു സുരക്ഷാ ഭീഷണിയുണ്ടെന്ന് ഡി.ജി.പിയും ജയില്‍ മേധാവിയും റിപ്പോര്‍ട്ട് നല്കി. ലഷ്കര്‍ ഭീകരന് തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കൊണ്ടു പോകുന്നതു വെല്ലുവിളിയാണെന്ന് ആഭ്യന്തര വകുപ്പിനയച്ച കത്തില്‍ ഡി.ജി.പി അറിയിച്ചു.
നസീര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ വിചാരണ 27നു തുടങ്ങും. വിചാരണ വേളയില്‍ എല്ലാ ദിവസവും തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള ഇവരുടെ യാത്ര അപ്രായോഗികമാണ്. പുറത്തു നിന്നുള്ള ആക്രമണത്തിനുള്ള സാധ്യത തള്ളാനാകില്ല. ഇതൊഴിവാക്കാനായി തീവ്രവാദകേസിലെ പ്രതികളെ എറണാകുളം ജയിലിലേക്ക് മാറ്റണം.
വിയ്യൂര്‍ ജയിലില്‍ ഇവരുടെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തീവ്രവാദ കേസിലെ 17 പ്രതികളെയാണ് എന്‍ഐഎ കോടതിയില്‍ വിചാരണ ചെയ്യുന്നത്. 11 പേരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇവര്‍ക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു ജയില്‍ വകുപ്പു റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണൂര്‍, എറണാകുളം ജയിലുകളില്‍ പാര്‍പ്പിക്കുന്നതു ജീവനു ഭീഷണിയാണെന്നും പ്രതികള്‍ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം പരാതികളുടെ പശ്ചാത്തലത്തിലാണ് ഇവരെ പൂജപ്പുരയിലേക്കു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: